രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (എൻ.ബി.എഫ്.സി) കേരള ലിസ്റ്റഡ് കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസ് (BSE: 533398, NSE: MUTHOOTFIN) മാർച്ച് സാമ്പത്തിക പാദത്തിൽ അതിശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. 2026 ജനുവരി—മാർച്ച് ത്രൈമാസ കാലയളവിൽ മുത്തൂറ്റ് ഫിനാൻസ് കരസ്ഥമാക്കിയ അറ്റാദായം (Net Profit) 3,397 കോടി രൂപയാണ്. വാർഷികമായി 135% വർധന. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനലാഭം (EBITDA) 90.5 ശതമാനം വാർഷിക വർധനയോടെ 7,760 കോടി രൂപയായും രേഖപ്പെടുത്തി.
മാർച്ച് സാമ്പത്തിക പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് നേടിയ വരുമാനം 9,289 കോടി രൂപയിലേക്ക് കുതിച്ചുയർന്നു. വാർഷികമായി 65% വളർച്ചയാണിത്. സ്വർണത്തിന്റെ വിപണി വിലയിൽ വൻ വർധന ഉണ്ടായതോടെ, അത് പണയപ്പെടുത്തി വായ്പ എടുക്കുന്ന പ്രവണത ശക്തമായതാണ് മികച്ച പ്രവർത്തനഫലം കൈവരിക്കാൻ മുത്തൂറ്റ് ഫിനാൻസിനെ സഹായിച്ചത്.
"കമ്പനിയുടെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ടും മികച്ച വളർച്ച വീണ്ടും കൈവരിക്കാൻ സാധിച്ചതിന്റെ നേട്ടം പങ്കുവെക്കാൻ സാധിച്ചതിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. സമഗ്ര ധനകാര്യ സേവന ഗ്രൂപ്പായി മാറുക എന്ന ലക്ഷ്യത്തിൽ ഊന്നിക്കൊണ്ട്, അച്ചടക്കത്തോടെയുള്ള വളർച്ചയുടെയും വിപ്ലവകരമായ പരിവർത്തനത്തിന്റെയും വർഷമായിരിക്കും മുത്തൂറ്റ് ഫിനാൻസിന് സംബന്ധിച്ച് 2027 സാമ്പത്തിക വർഷം. റിസർവ് ബാങ്കിന്റെ പുതിയ സ്വർണ്ണ വായ്പാ മാർഗ്ഗനിർദ്ദേശങ്ങൾ, ധനകാര്യ സേവന മേഖലയ്ക്ക് വലിയ കരുത്താകുന്നു. സ്വർണ്ണ വായ്പാ മേഖലയിൽ കൂടുതൽ സുതാര്യതയും മികച്ച ഭരണനിർവ്വഹണവും (Governance) ശക്തിപ്പെടുത്തുന്നതിലൂടെ ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കാൻ പുതിയ നടപടികൾ സഹായിക്കും. ഇത് സ്വർണ പണയ മേഖലയുടെ ഔപചാരികവത്കരണത്തിന് (Formalization) വേഗത പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്," മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ (2026 മേയ് 14) വ്യാപാരത്തിനൊടുവിൽ 0.70% നേട്ടത്തോടെ 3,531 രൂപയിലാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്. ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 8 ശതമാനം തിരുത്തൽ നേരിട്ടെങ്കിലും കഴിഞ്ഞ ഒരു വർഷ കാലയളവിൽ 70 ശതമാനത്തോളം നേട്ടമാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരി നിക്ഷേപകർക്ക് സമ്മാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷ കാലയളവിലാണെങ്കിൽ ഈ കേരള ലിസ്റ്റഡ് കമ്പനിയുടെ ഓഹരിയിൽ 233 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ മുത്തൂറ്റ് ഫിനാൻസ് കമ്പനിയുടെ വിപണി മൂല്യം (Market Cap) 1,41,763 കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine