Image : Muthoot Finance and Canva 
Markets

മുത്തൂറ്റ് ഫിനാന്‍സിന് ₹1,145 കോടി ലാഭം; വായ്പാ ആസ്തിയില്‍ പുതിയ നാഴികക്കല്ല്

ആകെ ശാഖകള്‍ 6,300 കടന്നു

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനവും കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ (NBFC) മുത്തൂറ്റ് ഫിനാന്‍സ് നടപ്പുവര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ 23 ശതമാനം കുതിപ്പോടെ 1,145 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 933 കോടി രൂപയായിരുന്നു.

ഉപകമ്പനികളെ ഒഴിച്ചുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം ലാഭം (Standalone) 901 കോടി രൂപയില്‍ നിന്ന് 14 ശതമാനം ഉയര്‍ന്ന് 1,027 കോടി രൂപയുമായി.

വായ്പാ ആസ്തിയില്‍ പുതിയ നാഴികക്കല്ല്

മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത വായ്പാ ആസ്തി (total loan assets) 2023-24 ഡിസംബര്‍പാദ പ്രകാരം 79,493 കോടി രൂപയില്‍ നിന്ന് 82,773 കോടി രൂപയിലെത്തി. സംയോജിത വായ്പാ ആസ്തി 80,000 കോടിയും മുത്തൂറ്റ് ഫിനാന്‍സിന്റെ ഒറ്റയ്ക്കുള്ള വായ്പാ ആസ്തി 70,000 കോടി രൂപയും എന്ന നാഴികക്കല്ല് പിന്നിട്ടുവെന്നത് മികച്ച നേട്ടമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഡിസംബറിലെ വായ്പാ ആസ്തി 23 ശതമാനം ഉയര്‍ന്ന് 13,541 കോടി രൂപയാണ്. സ്വര്‍ണ വായ്പാ ആസ്തി 22 ശതമാനം വര്‍ധിച്ച് 12,397 കോടി രൂപയിലുമെത്തി.

ശാഖകള്‍ 6,300 കടന്നു

മുത്തൂറ്റ് ഫിനാന്‍സിന്റെ ആകെ ശാഖകള്‍ കഴിഞ്ഞപാദത്തില്‍ 6,325 ആയി ഉയര്‍ന്നു. ഉപകമ്പനികളുടേത് ഉള്‍പ്പെടെ 156 പുതിയ ശാഖകളാണ് കഴിഞ്ഞപാദത്തില്‍ തുറന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഹോംഫിന്‍, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ്, മുത്തൂറ്റ് മണി, ഏഷ്യ അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ ഉപസ്ഥാപനങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്.

ഓഹരികളിലെ നേട്ടം

മികച്ച മൂന്നാംപാദ പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഇന്ന് വ്യാപാരത്തുടക്കത്തില്‍ 5 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. നിലവില്‍ 2 ശതമാനം താഴ്ന്ന് 1,351 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

54,257 കോടി രൂപയുടെ വിപണിമൂല്യവുമായി (Market cap) കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയുമാണ് മുത്തൂറ്റ് ഫിനാന്‍സ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT