Markets

കേരളത്തില്‍ നിന്നൊരു വമ്പന്‍ ഐപിഒ വരുന്നു; ലക്ഷ്യം 4,000 കോടി, വിശദാംശങ്ങള്‍ അറിയാം

നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (NCD) വഴി 4,000 കോടി രൂപയും പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി മറ്റൊരു 4,000 കോടി രൂപയും സമാഹരിക്കാനും ബോർഡ് അനുമതി

Dhanam News Desk

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ഫ്ലാഗ്ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് 4,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (IPO) ഡയറക്ടർ ബോർഡ് അനുമതി നൽകി. 10 രൂപ മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളാണ് ഈ ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഒയ്‌ക്കൊപ്പം തന്നെ ഓഹരി വിഭജനത്തിനും (Stock Split) കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിൻപ്രകാരം 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കപ്പെടും. എപ്പോഴാകും ഐപിഒ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

മറ്റ് നടപടികള്‍

കൂടാതെ, നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (NCD) വഴി 4,000 കോടി രൂപയും പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി മറ്റൊരു 4,000 കോടി രൂപയും സമാഹരിക്കാനും ബോർഡ് അനുമതി നൽകി. കൊമേഴ്‌സ്യൽ പേപ്പറുകൾ വഴി 30,000 കോടി രൂപ വരെ സമാഹരിക്കാനുള്ള പരിധിയും കമ്പനി നിശ്ചയിച്ചിട്ടുണ്ട്. 139 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് ഫിൻകോർപ്പ് സ്വർണ്ണപ്പണയ രംഗത്ത് മികച്ച സാന്നിധ്യമുള്ള സ്ഥാപനമാണ്.

2025-26 സാമ്പത്തിക വർഷത്തിൽ കമ്പനി മികച്ച സാമ്പത്തിക നേട്ടമാണ് കൈവരിച്ചത്. 2026 സാമ്പത്തികവര്‍ഷം 1,640 കോടി രൂപയാണ് മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ലാഭം. തൊട്ടുമുന്‍വര്‍ഷം ഇത് 787 കോടി രൂപയായിരുന്നു. വരുമാനം 32 ശതമാനം വർദ്ധിച്ച് 11,227.80 കോടി രൂപയായും ഉയർന്നു. കമ്പനിയുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (AUM) നിലവിൽ 73,448.82 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT