ചന്ദ്രശേഖരന്റെ രാജിവാർത്ത പുറത്തുവന്നതോടെ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദം ഉണ്ടായി; ടി.സി.എസ് ഉൾപ്പെടെ പ്രധാന കമ്പനികളുടെ ഓഹരികൾ 5 ശതമാനം വരെ ഇടിഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഏകദേശം 40,000 കോടി രൂപയുടെ നഷ്ം ഇതിനെ തുടർന്ന് നേരിടുന്നു. എയർ ഇന്ത്യ വിമാന അപകടം, ടി.സി.എസ് ലാഭമർജിൻ സമ്മർദം, ജാഗ്വാർ ലാൻഡ് റോവർ സൈബർ ആക്രമണം തുടങ്ങിയ വെല്ലുവിളികൾക്കിടയിലാണ് ടാറ്റ ഗ്രൂപ്പിന്റെ പുതിയ നേതൃത്വത്തെ കുറിച്ചുള്ള അനിശ്ചിതത്വം ഉയരുന്നത്.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മുഖ്യ പ്രൊമോട്ടറായ ടാറ്റ സൺസിന്റെ ചെയർമാൻ പദവിയിൽ നിന്നും എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. വ്യോമയാനം, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ബാറ്ററി നിർമ്മാണം, ഡിജിറ്റൽ ബിസിനസ് തുടങ്ങിയ ആധുനിക വ്യവസായ മേഖലകളിലേക്ക് ടാറ്റ ഗ്രൂപ്പിനെ നയിച്ച പത്ത് വർഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത പിന്മാറ്റം. ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിനെ രാജിവിവരം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന 2027 ഫെബ്രുവരി വരെ സ്ഥാനത്ത് തുടരുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
1987-ൽ ടാറ്റ ഗ്രൂപ്പിൽ ചേർന്ന ചന്ദ്രശേഖരൻ, 2009-ൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) സി.ഇ.ഒ ആയി ഉയർന്നു. തുടർന്ന്, സൈറസ് മിസ്ട്രിയുടെ വിടവാങ്ങലിന് ശേഷം 2017-ലാണ് അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാൻ പദവി ഏറ്റെടുക്കുന്നത്. ടി.സി.എസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവ ഉൾപ്പെടെ ഗ്രൂപ്പിലെ പ്രധാന ലിസ്റ്റഡ് കമ്പനികളുടെ അധ്യക്ഷ പദവിയും അദ്ദേഹത്തിന്റെ ചുമലിലായിരുന്നു.
ഓഗസ്റ്റ് 18-ന് നടക്കാനിരിക്കുന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ (AGM) ചന്ദ്രശേഖരന്റെ ഡയറക്ടർ പദവിയിലേക്കുള്ള പുനർനിയമനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ നോയൽ ടാറ്റയുമായുള്ള വിയോജിപ്പുകളാണ് തീരുമാനത്തിന് പിന്നിൽ.
ടാറ്റ സൺസിനെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ഉൾപ്പെടെയുള്ള നിബന്ധനകൾ നോയൽ ടാറ്റ മുന്നോട്ടുവെച്ചിരുന്നെങ്കിലും ചന്ദ്രശേഖരൻ ഇതിനോട് യോജിച്ചിരുന്നില്ല. തർക്കങ്ങൾ നിലനിൽക്കുന്ന വാർഷിക പൊതുയോഗത്തിൽ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് പകരം സ്വയം പദവി ഒഴിയാൻ എൻ. ചന്ദ്രശേഖരൻ തീരുമാനിക്കുകയായിരുന്നു.
ടാറ്റ സൺസിന്റെ തലപ്പത്ത് നിന്നും എൻ. ചന്ദ്രശേഖരന്റെ രാജി വാർത്ത പുറത്തുവന്നതോടെ ബുധനാഴ്ചത്തെ (ഓഗസ്റ്റ് 12) ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദം പ്രകടമാണ്. ടി.സി.എസ് ഓഹരിയുടെ വില 5 ശതമാനത്തോളം ഇടിഞ്ഞ് 2,336 രൂപ നിലവാരത്തിലേക്ക് താഴ്ന്നു. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് (-1.6%), ടൈറ്റൻ കമ്പനി (-1.3%), ടാറ്റ സ്റ്റീൽ (-1.13%), ഇന്ത്യൻ ഹോട്ടൽസ് (-1.04%) എന്നിവയും നിലവിൽ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിൽ (Market Cap) ഇന്ന് ഇതുവരെയായി ഏകദേശം 40,000 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തുന്നു.
അതേസമയം ക്രൂഡ് ഓയിൽ വിലക്കയറ്റവും പശ്ചിമേഷ്യൻ പ്രതിസന്ധയിൽ അയവില്ലാത്തതും കാരണം ആഭ്യന്തര ഓഹരി വിപണിയിലും ഇന്ന് ഇടിവാണെന്നത് ശ്രദ്ധേയം.
മുപ്പതോളം ലിസ്റ്റഡ് കമ്പനികളെ നിയന്ത്രിക്കുന്ന ടാറ്റ സൺസിൽ പെട്ടെന്നുണ്ടായ നേതൃമാറ്റം ടാറ്റ ഗ്രൂപ്പിന് പുതിയ വെല്ലുവിളിയാകും. എയർ ഇന്ത്യയുടെ വിമാന അപകടത്തെത്തുടർന്നുള്ള റെഗുലേറ്ററി പരിശോധനകൾ, ടി.സി.എസിന്റെ ലാഭമാർജിനിൽ നേരിടുന്ന സമ്മർദ്ദം (എഐ വളർച്ച), ജാഗ്വാർ ലാൻഡ് റോവറിലുണ്ടായ സൈബർ ആക്രമണം എന്നിവ സൃഷ്ടിച്ച പ്രതിസന്ധികൾക്ക് നടുവിലാണ് ടാറ്റ സാമ്രാജ്യത്തിൽ പുതിയ മാറ്റം വരുന്നത്. ഇനിയുള്ള മാസങ്ങളിൽ ടാറ്റ സൺസും ടാറ്റ ട്രസ്റ്റും ചേർന്ന് പുതിയ നേതൃത്വത്തെ എങ്ങനെ കണ്ടെത്തും എന്നതിലേക്കാണ് ബിസിനസ് ലോകവും വിപണിയും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine