Image : relianceada.com 
Markets

ഭൂസ്വത്ത് വിറ്റ് കടം വീട്ടാന്‍ അനില്‍ അംബാനിക്ക് ട്രൈബ്യൂണല്‍ അനുമതി; ആര്‍കോം ഓഹരി വില കയറുന്നു

അനില്‍ അംബാനിയെ നേരത്തേ പാപ്പരായി കോടതി പ്രഖ്യാപിച്ചിരുന്നു

Dhanam News Desk

കടം കയറി പാപ്പരായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ വിറ്റ് ബാദ്ധ്യതകള്‍ വീട്ടാന്‍ മുംബൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) അനുമതി.

ഇതുപ്രകാരം ഭൂമിയും മന്ദിരവും ഉള്‍പ്പെടുന്ന ചെന്നൈയിലെ ഹാഡോ ഓഫീസ് (Haddow office), ചെന്നൈ അമ്പട്ടൂരിലെ 3.44 എക്കര്‍ സ്ഥലം, പൂനെയിലെ 871.1 ചതുരശ്ര മീറ്റര്‍ സ്ഥലം, ഭൂവനേശ്വറിലെ ഓഫീസ്, കാംപിയന്‍ പ്രോപ്പര്‍ട്ടീസിലെയും റിലയന്‍സ് റിയല്‍റ്റിയിലെയും ഓഹരി നിക്ഷേപം എന്നിവ വിറ്റഴിക്കാനാണ് ട്രൈബ്യൂണലിന്റെ അനുമതി. കടം വീട്ടാന്‍ വഴികള്‍ തേടുന്ന അനില്‍ അംബാനിക്കും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും താത്കാലിക ആശ്വാസമാണ് ട്രൈബ്യൂണലിന്റെ വിധി.

അനിലിന്റെ കടക്കെണി

ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായിരുന്നു അനില്‍ അംബാനി നയിച്ചിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (RCom). കമ്പനി പിന്നീട് പക്ഷേ, കടുത്ത കടക്കെണിയിലേക്ക് വീഴുകയായിരുന്നു.

ജ്യേഷ്ഠനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനുമായ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം കമ്പനിയായ ജിയോയുടെ വരവോടെ ആര്‍കോമിന്റെ തകര്‍ച്ച പൂര്‍ണമാകുകയായിരുന്നു. സൗജന്യ ഇന്റര്‍നെറ്റും കോളുകളും അടക്കമുള്ള ജിയോയുടെ ഓഫറുകള്‍ ഇന്ത്യന്‍ ടെലികോം മേഖലയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു.

ഓഹരികളുടെ വീഴ്ച

2008ല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരിക്ക് വില 793 രൂപയായിരുന്നു. പിന്നീട് കമ്പനി തകര്‍ച്ചയിലേക്ക് വീണതോടെ ഓഹരി വിലയും കൂപ്പകുത്തി. 2019ല്‍ വില വെറും 65 പൈസയിലേക്ക് വരെ തകര്‍ന്നടിഞ്ഞിരുന്നു. ഇപ്പോള്‍ ഓഹരി വിലയുള്ളത് 2.49 രൂപയിലാണ്.

റിലയന്‍സ് കമ്മ്യൂണിക്കേഷന് മൊത്തം 23,300 കോടി രൂപ ആസ്തിയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം 64,958 കോടി രൂപയാണ് മൊത്തം കടബാധ്യത. ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ റിലയന്‍സ് പവറിന്റെ ഓഹരി 0.38 ശതമാനം ഉയര്‍ന്ന് 23.95 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അനില്‍ അംബാനിയുടെ ആസ്തി

ആര്‍കോം ചെയര്‍മാനായ അനില്‍ അംബാനിയെ ഏതാനും വര്‍ഷം മുമ്പ് കോടതി പാപ്പര്‍ ആയി പ്രഖ്യാപിച്ചിരുന്നു. അതായത്, മൊത്തം ആസ്തി വെറും പൂജ്യമാണ്. 2008ൽ  ഇന്ത്യയിലെ ആറാമത്തെ വലിയ സമ്പന്നനായിരുന്നു അനില്‍; മൂന്ന് ലക്ഷം കോടി രൂപയ്ക്കുമേലായിരുന്നു ആസ്തി (4,200 കോടി ഡോളര്‍). പാപ്പര്‍ ആണെങ്കിലും മുംബയിലെ ആഡംബര വസതിയിലാണ് ഇപ്പോഴും അനില്‍ അംബാനിയുടെ താമസം. വ്യക്തിഗതമായി അദ്ദേഹത്തിന് 14,000 കോടി രൂപയുടെ ആസ്തി ഇപ്പോഴുമുണ്ടെന്ന് ഫോബ്‌സിനെ ആധാരമാക്കി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT