Image courtesy: Canva
Markets

പുതിയ ധനകാര്യ വര്‍ഷം: വിപണിയില്‍ എന്തൊക്കെ സംഭവിക്കാം, എവിടെ നിക്ഷേപിക്കണം?

വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോള്‍ നിക്ഷേപം കൂടുതല്‍ കരുതലോടെ വേണം

T C Mathew

പുതിയ ധനകാര്യ വര്‍ഷം ആരംഭിച്ചു. വലിയ പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് തുടക്കത്തിലുള്ളത്. കഴിഞ്ഞ വര്‍ഷവും അങ്ങനെയായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വീണ്ടും ശക്തമായി തിരിച്ചുവരുമോ എന്ന ആശങ്കയാണ് കഴിഞ്ഞ ഏപ്രിലില്‍ വിപണിയെ വലയം ചെയ്തത്. ആശങ്കയോടെ തുടങ്ങിയെങ്കിലും പോയവര്‍ഷം (2024 -25) ആദ്യ പകുതി നിക്ഷേപകര്‍ക്ക് വലിയ നേട്ടത്തിന്റെ കാലമായിരുന്നു.

നിഫ്റ്റി 22,327ല്‍ നിന്ന് 26,179 വരെയും സെന്‍സെക്‌സ് 73,651ല്‍ നിന്ന് 85,978 വരെയും കുതിച്ച ആറ് മാസം. നിഫ്റ്റി 17.25ഉം സെന്‍സെക്‌സ് 16.74ഉം ശതമാനം നേട്ടമുണ്ടാക്കി. ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തി. അത് വിപണിയെ ഉയര്‍ത്തി റെക്കോഡ് ഉയരത്തില്‍ എത്തിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ വിപണി ആടിയുലഞ്ഞു. മാര്‍ച്ച് രണ്ടാം വാരം വരെ കീഴോട്ടായിരുന്നു വിപണിയുടെ യാത്ര. തിരിഞ്ഞുനോക്കുമ്പോള്‍ രണ്ട് കാരണങ്ങള്‍ അറിയാം. ഒന്ന്: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു. 2023-24ലെ 9.2 ശതമാനം എന്ന റെക്കോഡില്‍ നിന്ന് 6.5 ശതമാനത്തിലേക്ക് ജിഡിപി വളര്‍ച്ചാ നിരക്ക് ഇടിഞ്ഞു. സ്വാഭാവികമായും കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും ഗണ്യമായ കുറവുണ്ടായി. ഉയര്‍ന്ന ലാഭവളര്‍ച്ച പ്രതീക്ഷിച്ച് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഓഹരി വിലകള്‍ താഴാതെ പറ്റില്ലെന്നായി. വിപണി ഇടിഞ്ഞു.

രണ്ട്: ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി. ലോക വാണിജ്യ ക്രമവും രാഷ്ട്രീയഘടനയും മാറ്റിയെഴുതാനുള്ള തിരക്കിലാണ് ട്രംപ്. താന്‍ ലക്ഷ്യമിടുന്നത് എന്താണെന്ന വ്യക്തമായ ചിത്രം ഇല്ലാതെ കളിക്കുന്ന ട്രംപ് എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ആര്‍ക്കെങ്കിലും ഗണ്യമായ നേട്ടം ഉണ്ടാക്കുന്ന കാര്യങ്ങളാണ് ട്രംപ് ചെയ്യുന്നതെന്ന് ഇതുവരെയും ആര്‍ക്കും തോന്നിയിട്ടില്ല. വിപണി തകര്‍ച്ചകളും ഒരുപക്ഷേ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യവും വരാവുന്ന കാര്യങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുന്നത് എന്നു പൊതുവെ കരുതപ്പെടുന്നു.

ഈ സാഹചര്യങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ മുഖ്യ സൂചികകളെ റെക്കോഡ് ഉയരത്തില്‍ നിന്ന് 16 ശതമാനത്തിലധികം താഴ്ത്തി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ 22 ശതമാനം വരെ ഇടിഞ്ഞു. അവിടെ നിന്ന് മാര്‍ച്ച് രണ്ടാം പകുതിയില്‍ സൂചികകള്‍ തിരിച്ചുകയറ്റം ആരംഭിച്ചു. മാര്‍ച്ച് 13 മുതല്‍ 24 വരെ തീയതികളില്‍ സെന്‍സെക്‌സും നിഫ്റ്റിയും 5.6 ശതമാനം വീതം തിരിച്ചുകയറി. മിഡ് ക്യാപ് 100 സൂചിക 9.1ഉം സ്‌മോള്‍ ക്യാപ് 100 സൂചിക 9.8ഉം ശതമാനം ഉയര്‍ന്നു. എന്നാല്‍ ഏപ്രില്‍ രണ്ടിന് ട്രംപ് തീരുവകള്‍ കൂട്ടുമ്പോള്‍ എന്ത് സംഭവിക്കും എന്ന ആശങ്ക കരിനിഴലായി തുടരുന്നു.

എന്തൊക്കെ മാറ്റങ്ങള്‍ വരും

പുതിയ ധനകാര്യ വര്‍ഷത്തില്‍ നടക്കാവുന്ന ചില കാര്യങ്ങളും വരാവുന്ന മാറ്റങ്ങളും എന്തൊക്കെയെന്ന് നോക്കാം. ഒന്ന്: തീരുവയുദ്ധം ആഗോള വാണിജ്യ വളര്‍ച്ച കുറയ്ക്കും. അത് ലോക ജിഡിപി വളര്‍ച്ചയിലും കുറവ് വരുത്തും. യുഎസ് വളര്‍ച്ച രണ്ട് ശതമാനത്തില്‍ താഴെയാകാം.

രണ്ട്: ആഗോള വളര്‍ച്ച കുറയുന്നത് ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെയും ജിഡിപി വളര്‍ച്ചയെയും ബാധിക്കും. 6.5നും ഏഴിനുമിടയില്‍ ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നത് ചിലപ്പോള്‍ ആറ് ശതമാനത്തിനടുത്തേക്ക് മാറാം. അത് ഇന്ത്യന്‍ കമ്പനികളുടെ വരുമാനവും ലാഭവും കുറയ്ക്കാം. സ്വാഭാവികമായും ഓഹരി വിപണിയുടെ തിരിച്ചുകയറ്റത്തിനു ഹ്രസ്വകാല തിരിച്ചടി നേരിടാം.

മൂന്ന്: യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ വിദേശ വ്യാപാരം ഉദാരവല്‍ക്കരിക്കും. അമേരിക്കയുമായി ഉഭയകക്ഷി വ്യാപാര ഉടമ്പടി (ബിടിഎ) ഉണ്ടാക്കും. അതിന് മുമ്പുതന്നെ പരുത്തിയും ധാന്യങ്ങളും പഴങ്ങളും അടക്കം കാര്‍ഷികോല്‍പ്പന്നങ്ങള്‍, മാംസങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍, സ്വര്‍ണം, രത്‌നങ്ങള്‍, തുണികള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ഇനങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും ഉദാരവല്‍ക്കരിക്കും.

യുഎസുമായുള്ള കരാറിന്റെ മാതൃകയില്‍ യൂറോപ്യന്‍ യൂണിയന്‍, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കാന്‍ ചര്‍ച്ച നടക്കുകയാണ്. ഇതേ രീതിയില്‍ ആസിയാനുമായും യുഎഇ അടക്കം മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായും ഉള്ള കരാറുകള്‍ പുതുക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ഇത് ചുരുക്കം മേഖലകളില്‍ ഹ്രസ്വകാല ബുദ്ധിമുട്ട് ഉണ്ടാക്കിയാലും ഒന്നു-രണ്ടു വര്‍ഷത്തിനകം വാണിജ്യത്തിലെ കുതിപ്പ് ഇന്ത്യന്‍ കമ്പനികള്‍ക്കു സഹായകമാകും.

നാല്: ട്രംപിന്റെ നയങ്ങളോട് അനുരൂപപ്പെടുത്താന്‍ ഇന്ത്യയുടെ ക്രൂഡ്ഓയില്‍, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയും പ്രതിരോധ സംവിധാനങ്ങളുടെ വാങ്ങലും കൂടുതലായി അമേരിക്കയില്‍ നിന്ന് നടത്തേണ്ടി വരും. ഇത് പുതിയ സപ്ലൈ ചെയിന്‍ ഉണ്ടാക്കുന്നതോടൊപ്പം പ്രതിരോധ മേഖലയില്‍ കൂടുതല്‍ സ്വകാര്യ കമ്പനികളെ വരുത്തുകയും ചെയ്യും.

അഞ്ച്: ട്രംപിന്റെ നയങ്ങള്‍ ആഗോളതാപനത്തെ നിഷേധിക്കുന്നതും പരിസ്ഥിതി സംരക്ഷണവാദങ്ങളെ നിരാകരിക്കുന്നതുമാണ്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധിക്കുന്ന കാര്‍ബണ്‍ ബോര്‍ഡര്‍അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം, ഇയു ഡീഫോറസ്റ്റേഷന്‍ റെഗുലേഷന്‍ തുടങ്ങിയ ഇഎസ്ജി (എന്‍വണ്‍മെന്റല്‍, സോഷ്യല്‍, ഗവേര്‍ണന്‍സ്) വ്യവസ്ഥകള്‍ ഇനി കുറേ കാലത്തേക്ക് ഗൗരവ പ്രശ്‌നമാവുകയില്ല. ഇന്ത്യയുടെ മെറ്റല്‍, എന്‍ജിനീയറിംഗ്, കാര്‍ഷിക കയറ്റുമതികള്‍ക്ക് ഇത് ആശ്വാസമാകും.

2025-26ലേക്കുള്ള നിക്ഷേപ മേഖലകള്‍

. റിയല്‍റ്റി: ഐടി സേവന കമ്പനികളുടെ വളര്‍ച്ച മന്ദഗതിയിലാകുമെങ്കിലും കൂടുതല്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ ഇന്ത്യയില്‍ തുടങ്ങും. ഇത് കൂടുതല്‍ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് വഴിതെളിക്കും. 2027ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം വരുന്നതും റിയല്‍റ്റിക്കു കുതിപ്പ് പകരും.

.കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്: റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയുടെ തുടര്‍ച്ചയായി കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സിന്റെയും ഇലക്ട്രിക്കല്‍ ഫിറ്റിംഗുകളുടെയും ഡിമാന്‍ഡ് വര്‍ധിക്കും.

. സിമന്റ്, പെയിന്റ്: റിയല്‍റ്റി വളര്‍ച്ചയും അടിസ്ഥാനസൗകര്യ വികസനവും സിമന്റ് മേഖലയെ വളര്‍ത്തും. സിമന്റ് മേഖലയിലും പെയിന്റ് മേഖലയിലും കൂടുതല്‍ സമാഹരണവും മത്സരവും പ്രതീക്ഷിക്കാം.

.റെയില്‍വേ: റെയില്‍വേ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. ഈ രംഗത്തെ പൊതുമേഖലാ കമ്പനികളും സ്വകാര്യ കമ്പനികളും ബിസിനസില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

.ടൂറിസം: രൂപയുടെ നിരക്ക് കുറഞ്ഞതും ഇന്ത്യയുടെ വൈവിധ്യവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും. അമേരിക്ക പല രാജ്യങ്ങളില്‍ നിന്നുമുള്ളവരെ വിലക്കുന്നത് ഇന്ത്യയിലേക്ക് ശ്രദ്ധ തിരിക്കാന്‍ സഹായിക്കും.

.ഭക്ഷ്യസംസ്‌കരണം: ഈവര്‍ഷം ഇന്ത്യ പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര ഉടമ്പടി ഉണ്ടാക്കും. ഇത് രാജ്യാന്തര നിലവാരം ഉള്ള ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് വലിയ കയറ്റുമതി സാധ്യത നല്‍കുന്നു.

(Originally published in Dhanam Magazine 1 april 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT