വരുന്ന വ്യാപാര ആഴ്ചയിലും (2026 ഏപ്രിൽ 27 - മേയ് 1) കമ്മോഡിറ്റി വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. വിപണിയുടെ ഭാവിഗതിയെ സ്വാധീനിക്കാവുന്ന നിരവധി വലിയ സംഭവവികാസങ്ങളും നിർണായക സാമ്പത്തിക ഡാറ്റകളും വരുന്നയാഴ്ച കാത്തിരിപ്പുണ്ട്. ഇതിൽ ഏറ്റവും പ്രധാനം യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കീഴിലുള്ള എഫ്.ഒ.എം.സി സമിതിയുടെ പലിശ നിരക്ക് സംബന്ധിച്ച നയപ്രഖ്യാപനമാണ്. ഏപ്രിൽ 29-നായിരിക്കും ഫെഡിന്റെ പലിശ നിരക്ക് പ്രഖ്യാപനം ഉണ്ടാകുക. ഇതിന് ശേഷം യു.എസ് കേന്ദ്ര ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള സാമ്പത്തിക അവലോകനവും ഭാവി അനുമാനവുമാകും ആഗോള വിപണികൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഫെഡറൽ റിസർവിന്റെ ഭാഗത്തുനിന്നും പലിശ നിരക്കിനെ സംബന്ധിച്ചുള്ള ഭാവി നിലപാടിൽ ശുഭാപ്തി വിശ്വാസം പ്രകടമാക്കിയാൽ വിലയേറിയ ലോഹങ്ങളിൽ (സ്വർണം, വെള്ളി) അത് മുന്നേറ്റത്തിന് വഴിതെളിക്കും. എന്നാൽ ഭാവിയിൽ കർക്കശ നിലപാട് സ്വീകരിക്കുമെന്ന സൂചന നൽകിയാൽ വിലയേറിയ ലോഹങ്ങളിൽ സമ്മർദമുണ്ടാക്കുന്ന ഘടകവുമായി അതുമാറും. ഇതിനോടൊപ്പം വരുന്നയാഴ്ചയിൽ യു.എസിന്റെ ഈ വർഷത്തെ ഒന്നാം പാദത്തിലെ ജി.ഡി.പി കണക്കുകളും കോർ പി.സി.ഇ അധിഷ്ഠിത പണപ്പെരുപ്പ നിരക്കും അടുത്തയാഴ്ച പുറത്തുവരുന്നതാണ്. ഇതും കമ്മോഡിറ്റി വിപണിയുടെ സമീപഭാവിയിലേക്കുള്ള ഗതിനിർണയത്തിന് സ്വാധീനിക്കുന്ന ഘടകമാണ്. അതേസമയം എനർജി വിഭാഗത്തിൽ (ക്രൂഡ് ഓയിൽ, നാച്വറൽ ഗ്യാസ്) സംഭരണത്തിന്റെ അളവുകണക്കുകളും ആഗോള തലത്തിലുള്ള ആവശ്യകതയുമാകും ഗതി നിശ്ചയിക്കുക.
രാജ്യാന്തര കമ്മോഡിറ്റി വിണിയിൽ, ഈ കടന്നുപോകുന്ന ആഴ്ചയിൽ സ്വർണത്തിന്റെ ഡെറിവേറ്റീവ് കോൺട്രാക്ടിൽ 2.66% ഇടിവ് രേഖപ്പെടുത്തി. 4,709 ഡോളറിലായിരുന്നു ക്ലോസിങ് കുറിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, സ്വർണത്തിന് തൊട്ടടുത്ത സപ്പോർട്ട് നിലവാരം 4,405 ഡോളറിലാണുള്ളത്. ഇതിന് താഴെയായി 3,890 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. മറിച്ച് മുന്നേറ്റത്തിനായുള്ള ശ്രമത്തിൽ ആദ്യം മറികടക്കേണ്ട പ്രതിരോധ കടമ്പ 5,045 ഡോളറിലാണുള്ളത്. ഇവിടം കടക്കാനായാൽ പിന്നീടുള്ള റെസിസ്റ്റൻസ് സർവകാല റെക്കോഡ് നിലവാരത്തിലുള്ള 5,600 ഡോളറിൽ നിന്നുമാകാം.
വരുന്നയാഴ്ച എങ്ങനെ?: ഉയർന്ന നിലവാരങ്ങളിൽ തങ്ങിനിൽക്കാൻ പരാജയപ്പെട്ടശേഷം തുടർച്ചയായി പ്രകടമാക്കുന്ന ദുർബലത, സ്വർണത്തിന്മേൽ വിപണിയിലുള്ള ജാഗ്രത വെളിവാക്കുന്നതാണ്. ഈയൊരു പശ്ചാത്തലത്തിൽ 5,045 ഡോളർ നിലവാരത്തിന് താഴെ തുടരുന്നിടത്തോളം സ്വർണത്തിനുമേൽ കൂടുതൽ താഴേക്ക് പോകാനുള്ള സമ്മർദം നേരിടാം. ഇത് 4,405 ഡോളർ നിലവാരത്തിലേക്ക് വരെ കൊണ്ടുചെന്നെത്തിക്കാൻ ശ്രമിക്കാം. എന്നാൽ 5,045 ഡോളർ നിലവാരം മറികടന്ന് നിലനിൽക്കാൻ സാധിച്ചാൽ സ്വർണം വീണ്ടും ബുള്ളിഷ് ട്രെൻഡിലേക്ക് മാറും കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാനും ശ്രമിക്കുന്നതായിരിക്കും.
ഈ കടന്നുപോകുന്ന ആഴ്ചയിൽ വെള്ളിയുടെ ഡെറിവേറ്റീവ് കോൺട്രാക്ടിലും ഇടിവ് രേഖപ്പെടുത്തി. ആഴ്ച കാലയളവിൽ 6.34% താഴ്ന്ന് 75.66 ഡോളറിലായിരുന്നു വെള്ളിയാഴ്ച ക്ലോസിങ് കുറിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, വെള്ളിയുടെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 72.50 ഡോളറിൽ ആകുന്നു. ഇതിന് താഴെയായി 65.50 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കാം. മറിച്ച് മുന്നേറാനുള്ള ശ്രമത്തിൽ ആദ്യം മറികടക്കേണ്ട റെസിസ്റ്റൻസ് നിലവാരം 84.50 ഡോളറിലാണുള്ളത്. ഇവിടം ഭേദിക്കാനായാൽ പിന്നീട് നേരിടേണ്ട പ്രതിരോധ കടമ്പ 90 ഡോളർ നിലവാരത്തിൽ നിന്നാണ്.
വരുന്നയാഴ്ച എങ്ങനെ?: ഈയാഴ്ചയ്ക്കിടെ ഉയർന്ന നിലവാരങ്ങളിലേക്ക് പോകാൻ ശ്രമിച്ച ശേഷം നേരിട്ട കനത്ത വീഴ്ച, വെള്ളിയിലുള്ള ദുർബലത പ്രകടമാക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ 84.50 ഡോളർ നിലവാരത്തിന് താഴെ തുടരുന്നിടത്തോളം വെള്ളിയിൽ കൂടുതൽ സമ്മർദം നേരിടാം. തൊട്ടടുത്തുള്ള സപ്പോർട്ട് മേഖലയായ 72.50 ഡോളറിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നേരിടാം. എന്നാൽ തൊട്ടുമുന്നിലുള്ള റെസിസ്റ്റൻസ് മേഖലയായ 84.50 ഡോളറിന് മുകളിലേക്ക് എത്തിച്ചേരാൻ സാധിച്ചാൽ ഹ്രസ്വകാലയളവിലേക്ക് വെള്ളി വില സ്ഥിരതയാർജിക്കാനുള്ള വഴിയൊരുങ്ങും. നിലവിലെ സാഹചര്യം സെല്ലർമാർക്ക് (ആവശ്യകതയേക്കാളുമേറെ വിതരണമുള്ള അവസ്ഥ) അനുയോജ്യമാണ്.
ഈയാഴ്ച 8.13% നേട്ടത്തോടെ 99.92 ഡോളർ നിലവാരത്തിലാണ് ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വ്യാപാരം പൂർത്തിയാക്കിയത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, ക്രൂഡ് ഓയിലിന്റെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 92.30 ഡോളറിൽ ആകുന്നു. ഇതിന് താഴെ 86.10 ഡോളറിൽ നിന്നും ശക്തമായ പിന്തുണ പ്രതീക്ഷിക്കാം. മറിച്ച് വീണ്ടും മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ ആദ്യം മറിക്കേണ്ട പ്രതിരോധം 107.40 ഡോളർ നിലവാരത്തിലും ഇതിന് മുകളിലേക്ക് കടന്നാൽ 114.50 ഡോളർ നിലവാരത്തിൽ നിന്നും റെസിസ്റ്റൻസ് നേരിടാം.
വരുന്നയാഴ്ച എങ്ങനെ?: ഇപ്പോൾ ക്രൂഡ് ഓയിലിൽ പ്രകടമായ കുതിച്ചുച്ചാട്ടം അതിൽ അന്തർലീനമായ ബുള്ളിഷ് ട്രെൻഡിന് വെളിവാക്കുന്നു. വരുന്നയാഴ്ചയിലും 92.30 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ പോസിറ്റീവ് ട്രെൻഡ് നിലനിൽക്കാനാണ് സാധ്യത. തുടർന്ന് 107.40 ഡോളർ നിലവാരത്തിലേക്ക് വരെ ക്രൂഡ് ഓയിലിനെ ഉയർത്താനുള്ള ശ്രമം തുടരാം. എന്നാൽ സപ്പോർട്ട് നിലവാരം തകർക്കപ്പെട്ടാൽ, ക്രൂഡ് ഓയിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ ട്രേഡർമാർ ലാഭമെടുപ്പിന് തുനിഞ്ഞേക്കും. ഇത് ക്രൂഡ് ഓയിലിനെ കൺസോളിഡേഷൻ പാതയിലേക്ക് തള്ളിവിടുകയും ചെയ്യാം.
ഈയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 2.38% നഷ്ടം നേരിട്ട് 2.74 ഡോളർ നിലവാരത്തിലാണ് നാച്വറൽ ഗ്യാസ് ഡെറിവേറ്റീവ് കോൺട്രാക്ടുകൾ ക്ലോസിങ് രേഖപ്പെടുത്തിയത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, നാച്വറൽ ഗ്യാസിന്റെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 2.62 ഡോളറിൽ ആണ്. ഇതിന് താഴെയായി 2.40 ഡോളറിൽ നിന്നും പിന്തുണ ലഭിക്കാം. അതേസമയം നാച്വറൽ ഗ്യാസ് മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ ആദ്യം മറിക്കേണ്ട റെസിസ്റ്റൻസ് 2.90 ഡോളറിലും ഇതിന് മുകളിലേക്ക് എത്തിച്ചേരാനായൽ പിന്നീട് മറിക്കേണ്ട പ്രതിരോധം 3.07 ഡോളർ നിലവാരവുമാകുന്നു.
വരുന്നയാഴ്ച എങ്ങനെ?: ഉയർന്ന നിലവാരങ്ങളിൽ തങ്ങിനിൽക്കാൻ സാധിക്കാത്തത് നാച്വറൽ ഗ്യാസിലെ ദുർബലതയെ സൂചിപ്പിക്കുന്നു. 2.90 ഡോളറിന് താഴെ നാച്വറൽ ഗ്യാസ് തുടരുന്നിടത്തോളം വിൽപ്പന സമ്മർദം നേരിടാം. ഇത് 2.62 ഡോളർ നിലവാരത്തിലേക്കും തള്ളിവടാൻ ശ്രമിച്ചേക്കും. മറിച്ച് 2.90 ഡോളർ നിലവാരം മറികടന്ന് നിലനിൽക്കാൻ സാധിച്ചാൽ, ഹ്രസ്വകാലയളവിലെ ഒരു തിരിച്ചുവരവിന് നാച്വറൽ ഗ്യാസിന് കഴിഞ്ഞേക്കും. എന്നിരുന്നാലും നാച്വറൽ ഗ്യാസിൽ ജാഗ്രത പാലിക്കുന്നതാകും താരതമ്യേന ഉചിതം.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധനെ മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine