Canva
Markets

അടുത്തയാഴ്ച ​ഗോൾഡ്, ക്രൂഡ് ഓയിൽ ട്രെൻഡ് എങ്ങനെയാകും? കമ്മോഡിറ്റി വിപണിയിൽ ഇനിയെന്ത്?

വരുന്ന വ്യാപാര ആഴ്ചയിലേക്കുള്ള (ജൂൺ 1-5) ​ഗോൾഡ്, സിൽവർ, ബ്രെന്റ് ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് തുടങ്ങിയ പ്രധാന കമ്മോഡിറ്റികളുടെ ടെക്നിക്കൽ അനാലിസിസും വിലയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളും ഏതൊക്കെയെന്ന് അറിയാം

Jose Mathew T

ലോക സാമ്പത്തിക ഘടകങ്ങളിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ, ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ (മേയ് 25-29) രാജ്യാന്തര കമ്മോഡിറ്റി വിപണിയിൽ സമ്മിശ്ര ചലനങ്ങളാണ് പ്രകടമായത്. ​ഗോൾഡ്, സിൽവർ, ക്രൂഡ് ഓയിൽ എന്നീ കമ്മോഡിറ്റികളുടെ ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ വിലയിടിവ് രേഖപ്പെടുത്തിയപ്പോൾ നാച്വറൽ ​ഗ്യാസ് ശക്തമായ കുതിപ്പാണ് കുറിച്ചിട്ടത്. ആഗോള വിപണിയിലെ ആവശ്യകതയും ഡോളർ സൂചികയിലെ നീക്കങ്ങളും യു.എസ് പണനയങ്ങളുമായി ബന്ധപ്പെട്ട നി​ഗമനങ്ങളും റിപ്പോർട്ടുകളുമാണ് മുഖ്യമായും കമ്മോഡിറ്റികളുടെ വിലയെ സ്വാധീനിച്ചത്. ഇനി വരുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 1-5) പ്രധാന കമ്മോഡിറ്റികളിലെ പ്രകടനവും ശ്രദ്ധിക്കേണ്ട ഘടകങ്ങളും എന്തൊക്കെയന്ന് നോക്കാം.

ഗോൾഡ് & സിൽവർ: ഇനിയെന്ത് പ്രതീക്ഷിക്കാം?

ഗോൾഡ് ഫ്യൂച്ചേഴ്സ്: മുൻ ആഴ്ചയിലെ ക്ലോസിങ് നിലവാരമായ 4,509-ൽ നിന്നും ഉയർന്ന് 4,569 എന്ന നിരക്കിലാണ് ഗോൾഡ് ഫ്യൂച്ചേഴ്സ് കോൺട്രാക്ടിലെ വ്യാപാരം തുടങ്ങിയതെങ്കിലും ആഴ്ചയുടെ അവസാനത്തോടെ വില 4,538 ഡോളറിലേക്ക് താഴ്ന്നു. വിശാല ബുള്ളിഷ് ട്രെൻഡിനിടെ നേരിടുന്ന ഹ്രസ്വകാല കൺസോളിഡേഷൻ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ ടെക്നിക്കൽ അനാലിസിസ് പ്രകാരം, 4,367 ഡോളറിൽ ആദ്യ സപ്പോർട്ടും താഴെയായി 4,098 ഡോളറിൽ രണ്ടാം സപ്പോർട്ടും പ്രതീക്ഷിക്കാം.

മറിച്ച് മുന്നേറ്റത്തിന് ശ്രമിച്ചാൽ 4,683 ഡോളറിൽ ആദ്യ പ്രതിരോധവും (resistance level) ഇവിടം മറികടന്നാൽ 4,891 ഡോളറിൽ അടുത്ത കടമ്പയും പ്രതീക്ഷിക്കാം. അതേസമയം 4,367 നിലവാരം നിലനിർത്തിയാൽ വരുന്ന ആഴ്ചയിൽ സ്വർണ വില ഉയർന്നേക്കാം. ഇത് 4,683 ഡോളർ നിലവാരം വരെ സ്വർണ വില ഉയരാനുള്ള ഊ‌ർജം സമ്മാനിക്കാം. എന്നാൽ 4,367 നിലവാരത്തിലെ സപ്പോർട്ട് തകർക്കപ്പെട്ടാൽ ​ഗോൾഡ് ഫ്യൂച്ചേഴ്സിൽ കൂടുതൽ വിൽപ്പന സമ്മർദവും നേരിടാം.

സിൽവർ ഫ്യൂച്ചേഴ്സ്: മുൻ ആഴ്ചയേക്കാൾ 3.32 ശതമാനം ഉയർന്ന് 77.99-ൽ വ്യാപാരം ആരംഭിച്ച സിൽവർ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ, നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതോടെ 75.29 ഡോളർ നിലവാരത്തിലാണ് ഈയാഴ്ചയിലെ വ്യാപാരത്തിനൊടുവിൽ ക്ലോസിങ് കുറിച്ചത്. വരുന്ന ആഴ്ചയിൽ സിൽവറിൽ ശ്രദ്ധിക്കേണ്ട പ്രധാന റെസി​സ്റ്റൻസ് ലെവൽ 80.65 ഡോളറിലും ഇതിന് മുകളിൽ 89.40 ഡോളറിലുമാണുള്ളത്.

മറുവശത്ത് സിൽവർ ഫ്യൂച്ചേഴ്സ് ഇടിയുകയാണെങ്കിൽ ആദ്യ സപ്പോർട്ട് ലെവൽ 69.82 ഡോളറിലും ഇതിന് താഴെ 64.10 ഡോളറിൽ നിന്നും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം വരുന്ന ആഴ്ചയിൽ 69.82 നിലവാരം തകർക്കപ്പെടാതിരുന്നാൽ 80.65 നിലവാരം ലക്ഷ്യമാക്കി കുതിക്കാൻ സിൽവർ ഫ്യൂച്ചേഴ്സ് ശ്രമിക്കുന്നതാണ്.

ഊർജ്ജ വിപണി: ക്രൂഡ് ഓയിൽ & നാച്വറൽ ​ഗ്യാസ്

ബ്രെന്റ് ക്രൂഡ് ഓയിൽ: ഈയാഴ്ചയുടെ തുടക്കത്തിൽ തന്നെ 6.47 ശതമാനത്തിന്റെ വൻ ഇടിവ് നേരിട്ട് 97.50 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടിൽ വ്യാപാരം ആരംഭിച്ചത്. തുടർന്നും വിപണിയിൽ വിൽപന സമ്മർദ്ദം നിലനിന്നതോടെ വാരന്ത്യത്തോടെ ബ്രെന്റ് ക്രൂഡിന്റെ വില 91.88 ഡോളറിലേക്ക് താഴ്ന്നു. നിലവിൽ ക്രൂഡ് ഓയിൽ വിപണി മന്ദഗതിയിൽ (Bearish bias) തുടരുകയാണ്. വരുന്ന ആഴ്ചയിൽ 86.10 ഡോളറിലെ സപ്പോർട്ട് നിലനിർത്തുക എന്നത്, ക്രൂഡ് ഓയിലിനെ സംബന്ധിച്ച് നിർണ്ണായകമാകും. ഇവിടം തകർക്കപ്പെട്ടാൽ കൂടുതൽ വിൽപ്പന സമ്മർ​​​ദമുയരും. പിന്നെ 75.75 ഡോളറിലാണ് തുടർന്ന് സപ്പോർട്ട് പ്രതീക്ഷിക്കാവുന്നത്.

അതേസമയം ക്രൂഡ് ഓയിൽ മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ 101.35 ഡോളറിലാണ് ആദ്യ പ്രതിരോധം കടമ്പയുള്ളത്. ഇവിടം കടന്നാൽ പിന്നെ 112.70 ഡോളർ നിലവാരത്തിലാണ് ശക്തമായ പ്രതിരോധം നേരിടാവുന്നത്. അതേസമയം ജിയോപൊളിറ്റിക്കൽ സംഭവവികാസങ്ങൾ, ഒപെക് വാർത്ത, എണ്ണ ശേഖരത്തിന്റെ അളവ് സംബന്ധിച്ച റിപ്പോർട്ട്, ആ​ഗോള സാമ്പത്തിക സൂചകങ്ങളൊക്കെ ക്രൂഡ് ഓയിൽ വിപണിയിൽ സ്വാധീനം ചെലുത്തുന്നതാണ്.

നാച്വറൽ ​ഗ്യാസ്: മുൻ ആഴ്ചയിലെ ക്ലോസിങ്ങിൽ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെയാണ് (ഫ്ലാറ്റ് ഓപ്പണിങ്) വ്യാപാരം തുടങ്ങിയ നാച്വറൽ ​ഗ്യാസ് ഫ്യൂച്ചേഴ്സ് പിന്നീട് ശക്തമായ കുതിപ്പിനുള്ള പ്രവണത പ്രകടമാക്കി. ഒരാഴ്ച കാലയളവിനുള്ളിൽ 8.08 ശതമാനം നേട്ടത്തോടെ 3.28 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വരുന്ന ആഴ്ചയിൽ 2.98 ഡോളറിലെ സപ്പോർട്ട് നിലനിർത്തിയാൽ വില 3.50 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇനി നാച്വറൽ ​ഗ്യാസ് ഫ്യൂച്ചേഴ്സിൽ ശ്രദ്ധിക്കേണ്ട സപ്പോർട്ട് നിലവാരങ്ങൾ 2.98—2.67 എന്നിവയും റെസി​സ്റ്റൻസ് നിലവാരങ്ങൾ 3.50—3.77 എന്നിവയുമാകുന്നു.

അടുത്തയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന മാക്രോ ഡാറ്റകൾ

അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യു.എസ് നോൺ-ഫാം പേറോൾസ് (NFP), യു.എസിലെ തൊഴിലില്ലായ്മ നിരക്ക്, ഐ.എസ്.എം മാനുഫാക്ചറിംഗ് & സർവീസസ് പി.എം.ഐ ഡാറ്റ എന്നിവ കമ്മോഡിറ്റി വിപണിക്ക് നിർണായകമാകും. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും ശക്തമായ തൊഴിൽ വിപണിയുടെ പ്രതീതിയുണ്ടായാൽ, യു.എസ് ഡോളറിന്റെ മൂല്യം ശക്തിപ്പെടുകയും അത് ​ഗോൾഡ് ഉൾപ്പെടെയുള്ള ലോഹങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന സാ​ഹചര്യം ഉരുത്തിരിയും. ഇതിനോടൊപ്പം ചൈനയിലെ കൈസിൻ (Caixin) പി.എം.ഐ ഡാറ്റയും യൂറോ സോണിലെ പണപ്പെരുപ്പ, ജി.ഡി.പി നിരക്കുകളും കമ്മോഡിറ്റി ആവശ്യകതയെ കുറിച്ചുള്ള സൂചനകൾ നൽകുന്ന പ്രധാന ഘടകങ്ങളാണ്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT