Stock market canva
Markets

അടുത്തയാഴ്ച ഓഹരിയെണ്ണം പത്തിരട്ടി വരെ വ‌ർധിക്കും; ഈ 3 സ്മോൾ ക്യാപ് ഓഹരികൾ കൈവശമുണ്ടോ?

അധിക പണം മുടക്കാതെ കൂടുതൽ ഓഹരികൾ കൈവശം ലഭിക്കുമെന്നതിനാൽ ഇത്തരം കോർപറേറ്റ് നടപടികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ, റീട്ടെയിൽ നിക്ഷേപകരിൽ കൂടുതൽ താത്പര്യം സൃഷ്ടിക്കാറുണ്ട്.

Dhanam News Desk

അടുത്ത വ്യാപാര ആഴ്ചയിൽ (2026 മാർച്ച് 23 മുതൽ 27 വരെ) മൂന്ന് സ്മോൾ ക്യാപ് ലി​സ്റ്റഡ് കമ്പനികളാണ് പ്രധാനപ്പെട്ട കോർപ്പറേറ്റ് നടപടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ രണ്ട് കമ്പനികൾ ഓഹരി വിഭജനം (​സ്റ്റോക്ക് സ്പ്ലിറ്റ്) പ്രഖ്യാപിച്ചിരിക്കുമ്പോൾ, മറ്റൊരു കമ്പനി നിക്ഷേപകർക്കായി സൗജന്യ ഓഹരി വിതരണം (ബോണസ് ഇഷ്യൂ) നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അധിക പണം മുടക്കാതെ കൂടുതൽ ഓഹരികൾ കൈവശം ലഭിക്കുമെന്നതിനാൽ ഇത്തരം കോർപറേറ്റ് നടപടികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ, റീട്ടെയിൽ നിക്ഷേപകരിൽ കൂടുതൽ താത്പര്യം സൃഷ്ടിക്കാറുണ്ട്.

കിലിച്ച് ഡ്ര​ഗ്സ് (ഇന്ത്യ)

ഫാ‌ർമസ്യൂട്ടിക്കൽസ് ഉത്പന്നങ്ങളുടെ വിപണനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള സ്മോൾ ക്യാപ് കമ്പനിയാണ് കിലിച്ച് ഡ്ര​ഗ്സ് (ഇന്ത്യ) ലിമിറ്റഡ് (BSE: 524500, NSE: KILITCH). മാർച്ച് മാസത്തെ അവസാന വ്യാപാര ആഴ്ചയിൽ നിക്ഷേപകർക്കായി ബോണസ് ഇഷ്യൂ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1:1 അനുപാതത്തിലാകും ബോണസ് ഷെയർ വിതരണം ചെയ്യുക. അതായത് നിക്ഷേപകരുടെ കൈവശമുള്ള ഓരോ കിലിച്ച് ഡ്ര​ഗ്സ് (ഇന്ത്യ) ഓഹരിക്കും ഒരു അധിക ഓഹരി വീതം സൗജന്യമായി ലഭിക്കുമെന്ന് സാരം. ഇതിന്റെ ഭാ​ഗമായുള്ള റെക്കോ‍ഡ് തീയതിയും എക്സ്-ബോണസ് തീയതിയും 2026 മാർച്ച് 24 ആണ്. വെള്ളിയാഴ്ച 317 രൂപയിലാണ് കിലിച്ച് ഡ്ര​ഗ്സ് (ഇന്ത്യ) ഓഹരിയുടെ ക്ലോസിം​ഗ് രേഖപ്പെടുത്തിയത്.

വി-2 റീട്ടെയിൽ

രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര ന​ഗരങ്ങൾ കേന്ദ്രീകരിച്ച് കുടുംബത്തിന് ആവശ്യമായ റീട്ടെയിൽ ഉത്പന്നങ്ങളുടെ ഷോറും ശൃംഖലയാണ് വി-2 റീട്ടെയിൽ ലിമറ്റഡ് (BSE: 532867, NSE: V2RETAIL). അടുത്ത ആഴ്ചയിൽ ഈ കമ്പനിയുടെ ഓഹരി സ്പ്ലിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 10:1 അനുപാതത്തിലാകും ഓഹരി വിഭജനം നടപ്പാക്കുക. അതായത് നിലവിൽ 10 രൂപ മുഖവില (ഫേസ് വാല്യൂ) ഉള്ള ഒരു വി-2 റീട്ടെയിൽ ഓഹരി ഒരു രൂപ മുഖവിലയിലുള്ള 10 ഓഹരികളായി മാറ്റപ്പെടുമെന്ന് സാരം. ഇതിനായുള്ള റെക്കോഡ് തീയതി 2026 മാർച്ച് 26ഉം എക്സ്-സ്പ്ലിറ്റ് തീയതി മാർച്ച് 25നുമാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 1,912 രൂപയിലാണ് വി-2 റീട്ടെയിൽ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

മൻബ്രോ ഇൻ‍ഡസ്ട്രീസ്

ഭക്ഷ്യവസ്തുക്കളുടെ ബിസിനസ് ചെയ്യുന്ന മൈക്രോ ക്യാപ് കമ്പനിയാണ് മൻബ്രോ ഇൻ‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 512595). മാർച്ചിലെ അവസാന വ്യാപാര ആഴ്ചയിൽ ഈ കമ്പനിയുടെ ഓഹരി വിഭജിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് 10:1 അനുപാതത്തിലാകും ഓഹരി സ്പ്ലിറ്റ് ചെയ്യുക. അതായത് ഇപ്പോൾ 10 രൂപ മുഖവിലയിലുള്ള ഒരു മൻബ്രോ ഇൻ‍ഡസ്ട്രീസ് ഓഹരി ഒരു രൂപ മുഖവിലയിലുള്ള 10 ഓഹരികളായി വിഭജിക്കപ്പെടുമെന്ന് ചുരുക്കം. ഇതിന്റെ ഭാ​ഗമായുള്ള റെക്കോഡ് തീയതിയും എക്സ്-സ്പ്ലിറ്റ് തീയതിയും 2026 മാർച്ച് 25 ആണ്. വെള്ളിയാഴ്ച 925 രൂപയിലായിരുന്നു മൻബ്രോ ഇൻഡസ്ട്രീസ് ഓഹരിയുടെ ക്ലോസിം​ഗ് കുറിച്ചത്.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT