canva
Markets

അടുത്തയാഴ്ച ഓഹരിയെണ്ണം പത്തിരട്ടി വരെ വർധിക്കും; ഈ 4 ഓഹരികൾ കൈവശമുണ്ടോ?

മൂന്ന് കമ്പനികൾ ​സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുകയും ഒരു കമ്പനി നിക്ഷേപകർക്കായി ബോണസ് ഇഷ്യൂ ചെയ്യുമെന്നുമാണ് അറിയിപ്പ്.

Dhanam News Desk

അടുത്ത വ്യാപാര ആഴ്ചയിൽ (2026 ഫെബ്രുവരി 23 - 27), സ്മോൾ ക്യാപ് വിഭാ​ഗത്തിൽ നിന്നുള്ള നാല് ലി​സ്റ്റഡ് കമ്പനികളാണ് കോർപറേറ്റ് നടപടികൾ (Corporate Actions) പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് കമ്പനികൾ ​സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുകയും ഒരു കമ്പനി നിക്ഷേപകർക്കായി ബോണസ് ഇഷ്യൂ ചെയ്യുമെന്നുമാണ് അറിയിപ്പ്. നിക്ഷേപകരെ സംബന്ധിച്ച് അധികമായി പണം മുടക്കാതെ തന്നെ കൈവശമുള്ള ഓഹരിയുടെ എണ്ണം വർധിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളാണിത്. കൂടുതൽ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ഫിൻക്സ് ക്യാപിറ്റൽ

എം.എസ്.എം.ഇ വിഭാ​ഗത്തിലുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ധനകാര്യ സേവനങ്ങൾ നൽകുന്ന നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനിയാണ് ഫിൻക്സ് ക്യാപിറ്റൽ ലിമിറ്റഡ് (BSE: 507962). അടുത്തയാഴ്ചയിൽ 10:1 അനുപാതത്തിൽ ഓഹരി വിഭജിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം നിലവിൽ 10 രൂപ മുഖവിലയിലുള്ള ഒരു ഫിൻക്സ് ക്യാപിറ്റൽ ഓഹരി ഒരു രൂപ മുഖവിലയിലുള്ള 10 ഓഹരികളായി മാറ്റപ്പെടും.

​സ്റ്റോക്ക് സ്പ്ലിറ്റ് നടപടിയുമായി ബന്ധപ്പെട്ട റെക്കോഡ് തീയതിയും എക്സ്-സ്പ്ലിറ്റ് തീയതിയുമായി 2026 ഫെബ്രുവരി 25 നിശ്ചയിച്ചു. വെള്ളിയാഴ്ച 65 രൂപ നിലവാരത്തിലാണ് ഫിൻക്സ് ക്യാപിറ്റൽ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം ഈ മൈക്രോ ക്യാപ് ഓഹരിയുടെ ഫണ്ടമെന്റൽ ഘടകങ്ങൾ അത്ര ആരോ​ഗ്യകരമായ നിലവാരത്തിലല്ല ഇപ്പോഴുള്ളത്.

ഏഞ്ചൽ വൺ

രാജ്യത്തെ പ്രമുഖ ​​സ്റ്റോക്ക്, കമ്മോഡിറ്റി ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നാണ് ഏഞ്ചൽ വൺ ലിമിറ്റഡ് (BSE: 543235, NSE: ANGELONE). മ്യൂച്വൽ ഫണ്ട് വിതരണവും വായ്പ സേവനങ്ങളും ഇൻഷുറൻസ് കമ്പനികളുടെ കോർപറേറ്റ് ഏജന്റായും ഒക്കെയുള്ള വിവിധങ്ങളായ ധനകാര്യ സേവനങ്ങൾ കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഫെബ്രുവരിയിലെ അവസാന വ്യാപാര ആഴ്ചയിൽ 10:1 അനുപാതത്തിൽ ഓഹരി സ്പ്ലിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഇപ്പോൾ 10 രൂപ ഫേസ് വാല്യൂ ഉള്ള ഒരു ഏഞ്ചൽ വൺ ഓഹരി ഒരു രൂപ മുഖവിലയിലുള്ള 10 ഓഹരികളായി വിഭജിക്കപ്പെടുന്നതായിരിക്കും. ​ഇതിന്റെ ഭാ​ഗമായുള്ള റെക്കോഡ് തീയതിയും എക്സ്-സ്പ്ലിറ്റ് തീയതിയും 2026 ഫെബ്രുവരി 26 ആണ്. വെള്ളിയാഴ്ച 2,510 രൂപ നിലവാരത്തിലാണ് ഏഞ്ചൽ വൺ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാ

ഇലക്ട്രിക്കൽ കണ്ടക്ടറുകൾ, ഇൻസുലേറ്റർ ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള സ്മോൾ ക്യാപ് കമ്പനിയാണ് ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (BSE: 539984). വരുന്നയാഴ്ച 10:2 അനുപാതത്തിൽ ഓഹരി വിഭജിക്കുമെന്ന് അറിയിച്ചു. ഇതുപ്രകാരം നിലവിൽ 10 രൂപ മുഖവിലയിലുള്ള ഒരു ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാ ഓഹരി രണ്ട് രൂപ മുഖവിലയിലുള്ള അഞ്ച് ഓഹരികളായി മാറ്റപ്പെടുന്നതായിരിക്കും. ​

ഇതുമായി ബന്ധപ്പെട്ട റെക്കോഡ് തീയതിയും എക്സ്-സ്പ്ലിറ്റ് തീയതിയും 2026 ഫെബ്രുവരി 27 ആകുന്നു. വെള്ളിയാഴ്ച 2,245 രൂപ നിലവാരത്തിലാണ് ഹിന്ദുസ്ഥാൻ അർബൻ ഇൻഫ്രാ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. പ്രതിയോഹരി ബുക്ക് വാല്യൂ (2,785 രൂപ) നിലവാരത്തേക്കാളും താഴെയാണ് ഓഹരിയുടെ ഇപ്പോഴത്തെ വിപണി വില എന്നതും ശ്രദ്ധേയം.

ഇൻഫോബീൻസ് ടെക്നോളജീസ്

സോഫ്റ്റ്‍വെയർ വികസനവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന സ്മോൾ ക്യാപ് ഐടി കമ്പനിയാണ് ഇൻഫോബീൻസ് ടെക്നോളജീസ് ലിമിറ്റഡ് (BSE: 543644, NSE: INFOBEAN). അടുത്തയാഴ്ച നിക്ഷേപകർക്ക് ബോണസ് ഷെയർ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 3:1 എന്ന അനുപാതത്തിലാകും ബോണസ് ഇഷ്യൂ. അതായത് അർഹരായ നിക്ഷേപകർക്ക് കൈവശമുള്ള ഓരോ ഇൻഫോബീൻസ് ടെക്നോളജീസ് ഓഹരിക്കും അധികമായി മൂന്ന് സൗജന്യ ഓഹരികൾ വീതം ലഭിക്കുമെന്ന് സാരം.

ബോണസ് ഷെയർ വിതരണത്തിന്റെ ഭാ​ഗമായി നിക്ഷേപകരുടെ അർഹത നിശ്ചയിക്കാനുള്ള റെക്കോഡ് തീയതി 2026 ഫെബ്രുവരി 27 ആണ്. വെള്ളിയാഴ്ച 890 രൂപ നിലവാരത്തിലാണ് ഇൻഫോബീൻസ് ടെക്നോളജീസ് ഓ​ഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT