Canva
Markets

അടുത്തയാഴ്ച വിപണി കൂടുതൽ ഇടിയുമോ? ആർ.ബി.ഐ നീക്കം ​ഫലം കാണുമോ? പുതിയ നിഫ്റ്റി റിപ്പോർട്ട് നോക്കാം

എ.ഡി.എക്സ് ഇപ്പോൾ 20.76 എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് വിപണിയിൽ പുതിയൊരു ട്രെൻഡ് രൂപപ്പെടുന്നതിന്റെ കൂടി സൂചനയാണ്

Balachandran Viswaram (Balachandran RV)

ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും ബെയറിഷ് ട്രെൻഡ് (ഇടിവിനുള്ള സാധ്യത) ശക്തമാകുന്നു. ജൂൺ 5-ന് അവസാനിച്ച വ്യാപാര ആഴ്ചയിൽ പ്രധാന ഓഹരി സൂചികയായ എൻ.എസ്.ഇ നിഫ്റ്റി, 0.77 ശതമാനം (181 പോയിന്റ്) ഇടിവ് രേഖപ്പെടുത്തി കടന്നുപോയതിനെ തുടർന്നാണിത്. അതുപോലെ നേരത്തെ ഡെയ്‌‍ലി ടൈം ഫ്രെയിമിൽ 20-ന് താഴെയായിരുന്ന ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് അഥവാ എ.ഡി.എക്സ് (ട്രെൻഡിന്റെ ശക്തിയെ വെളിവാക്കുന്ന ഇൻഡിക്കേറ്റർ) ഇപ്പോൾ 20.76 എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് വിപണിയിൽ പുതിയൊരു ട്രെൻഡ് രൂപപ്പെടുന്നതിന്റെ കൂടി സൂചനയാണ്.

അതേസമയം ഈ ആഴ്ചയുടെ തുടക്കത്തിൽ സൂചിക തിരിച്ചടി നേരിട്ടിരുന്നെങ്കിലും 23,357 എന്ന നിർണായക സപ്പോർട്ട് നിലവാരം ആഴ്ച കാലയളവിൽ തകർക്കപ്പെടാതെ കാത്തുസൂക്ഷിക്കാൻ നിഫ്റ്റിക്ക് സാധിച്ചുവെന്നതും ശ്രദ്ധേയം.

ആർ.ബി.ഐ പണനയവും നിരീക്ഷണങ്ങളും

ഈ കടന്നുപോകുന്ന ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഭാരതീയ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) പണനയ സമിതിയുടെ (MPC) യോഗമായിരുന്നു. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ പ്രഖ്യാപിച്ചു. 2026-27 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6.6 ശതമാനം നിരക്കിലും പണപ്പെരുപ്പം 5.1 ശതമാനം നിലവാരത്തിലുമായിരിക്കും എന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ.

അതുപോലെ സർക്കാർ കടപ്പത്രങ്ങൾക്കുമേൽ വിദേശ നിക്ഷേപകരിൽ (FIIs) നിന്നും ഈടാക്കിയിരുന്ന ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻസ് (LTCG) ടാക്സ് വെട്ടിക്കുറച്ചത് വിദേശ നിക്ഷേപം വർധിപ്പിക്കുമെന്ന് ആർ.ബി.ഐ ഗവർണർ അഭിപ്രായപ്പെട്ടു. എന്നാൽ, യു.എസ് ഫെഡ് നിരക്കുമായുള്ള (3.50—3.75%) നിലവിലെ അന്തരം ചെറുതാണെന്നതും (1.5-1.75%) ഇതിനൊപ്പം രൂപയുടെ മൂല്യത്തകർച്ചയും കൂടി കണക്കിലെടുക്കുമ്പോൾ സർക്കാർ കടപ്പത്രങ്ങളിന്മേൽ മാത്രമായി നികുതി ഇളവ് നൽകുന്നതുകൊണ്ട് ആഭ്യന്തര വിപണിയിലേക്ക് വിദേശ നിക്ഷേപത്തെ ആകർഷിക്കുമോ എന്നത് സംശയകരമാണ്.

അടുത്ത ആഴ്ചയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

ആഭ്യന്തര തലത്തിലുള്ള ഡാറ്റ: മ്യൂച്വൽ ഫണ്ട് ഇക്വിറ്റി ഇൻഫ്ലോ (ഓഹരിയിലേക്കുള്ള നിക്ഷേപത്തിന്റെ കണക്ക്, സമ്പദ്‌വ്യവസ്ഥയിലെ മൊത്തം പണലഭ്യത (M3 Money Supply), ബാങ്ക് വായ്പ വളർച്ച, വിദേശ നാണ്യ ശേഖരം എന്നിവ സംബന്ധിച്ച് അതത് ഏജൻസികൾ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകൾ.

ആഗോള സൂചകങ്ങൾ: യു.എസ് ഉപഭോക്തൃ വിലസൂചിക (CPI), ക്രൂഡ് ഓയിൽ ശേഖരത്തിന്റെ അളവ് (ഇൻവെന്ററി), പി.പി.ഐ (PPI), യു.കെ ജി.ഡി.പിയും വ്യാവസായിക ഉത്പാദന കണക്കുകളും.

നിക്ഷേപ മേഖല: തായ്‍വാൻ, ദക്ഷിണ കൊറിയ, യു.എസ് പോലുള്ള ആഗോള വിപണികളിൽ എ.ഐ അധിഷ്ഠിത ഓഹരികൾ മികച്ച മുന്നേറ്റം നടത്തുമ്പോൾ, ഇന്ത്യയിൽ ഇത്തരം ടെക് കമ്പനികളുടെ കുറവ് ആഭ്യന്തര വിപണിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.

ജിയോപൊളിറ്റിക്കൽ സാഹചര്യം: യു.എസ്—ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചർച്ചകൾ ഫലവത്തായാൽ അത് ഇന്ത്യൻ വിപണിക്ക് പുത്തനുണർവേകും. ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ/ പ്രകൃതി വാതക കടത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.

നിഫ്റ്റി ടെക്നിക്കൽ ചാർട്ട്

വിപണിയിൽ ഇനിയെന്ത്?

നിഫ്റ്റി നിലവിൽ 23,357 എന്ന നിർണായക സപ്പോർട്ട് ലെവലിലാണ് വ്യാപാരം നടത്തുന്നത്. വിപണി താഴേക്ക് വീണാൽ 22,781—22,519—22,453 എന്നീ നിലവാരങ്ങളിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. മറിച്ച് മുന്നേറാനുള്ള ശ്രമമാണെങ്കിൽ 23,793—23,925—24,192 എന്നിവയായിരിക്കും പ്രധാന പ്രതിരോധ കടമ്പകളാകാൻ (റെസി​സ്റ്റൻസ്) സാധ്യത. നിലവിലെ സാഹചര്യത്തിൽ വ്യക്തമായ ട്രെൻഡ് രൂപപ്പെടുന്നത് വരെ നിക്ഷേപകർ ജാഗ്രതയോടെ സമീപിക്കുന്നതാണ് ഉചിതം.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT