ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ (മേയ് 11-15) ഇന്ത്യൻ ഓഹരി വിപണി നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികയിലൊന്നായ എൻ.എസ്.ഇ നിഫ്റ്റി 2.2 ശതമാനം (532 പോയിന്റ്) ഇടിവ് നേരിട്ടാണ് ആഴ്ചക്കാലയളവിലെ വ്യാപാരം അവസാനിപ്പിച്ചത്. പ്രധാനപ്പെട്ട ടെക്നിക്കൽ ഇൻഡിക്കേറ്റുകളിൽ നിന്നും ഇന്ത്യൻ വിപണിയിൽ ഇടിവിനുള്ള സാധ്യതകളാണ് നൽകുന്നതെങ്കിലും വരുന്ന വ്യാപാര ആഴ്ചയിൽ (മേയ് 18-22), നിഫ്റ്റി സൂചിക ഒരു നിശ്ചിത പരിധിക്കുള്ളിൽ (Range-bound) തങ്ങിനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്നിക്കൽ അനാലിസിസ് അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോൾ വരുന്ന ആഴ്ചയിലേക്ക് നിഫ്റ്റി സൂചികയിൽ ഇടിവിനുള്ള സാധ്യതയ്ക്ക് നേരിയ മുൻതൂക്കം നൽകുന്ന സമീപനമാണ് നിലവിൽ സ്വീകരിക്കുന്നത് (Nifty Stance Slightly Bearish). ഈ കടന്നുപോയ വ്യാപാര ആഴ്ചയിൽ നേരിട്ട തിരിച്ചടിയിൽ, നിഫ്റ്റി സൂചികയിലെ രണ്ട് പ്രധാന സപ്പോർട്ട് ലെവലുകൾ (23,925 — 23,793) തകർക്കപ്പെട്ടു. എങ്കിലും 23,357 എന്ന മൂന്നാമത്തെ നിർണായക സപ്പോർട്ട് ലെവൽ തകർക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടു. ഒടുവിൽ 23,643 നിലവാരത്തിലാണ് നിഫ്റ്റി സൂചികയുടെ ഈയാഴ്ചയിലെ ക്ലോസിങ് രേഖപ്പടുത്തിയത്.
അതേസമയം പ്രധാനപ്പെട്ട ലാഗിംഗ് ഇൻഡിക്കേറ്ററായ ഇ.എം.എ-കളിലെ (Exponential Moving Averages) ക്രോസ്ഓവർ, വിപണിയിൽ നിഴലിക്കുന്ന ബെയറിഷ് ട്രെൻഡിനെ അടിവരയിടുന്നു. അതുപോലെ ട്രെൻഡിന്റെ ശക്തിയെ അളക്കുന്ന പ്രധാന ഇൻഡിക്കേറ്ററായ എ.ഡി.എക്സിന്റെ ഡെയ്‌ലി ടൈംഫ്രെയിമിൽ സൂചിക 20 നിലവാരത്തിനുള്ളിൽ തുടരുന്നത്, വിപണി കൃത്യമായ ഒരു ദിശയില്ലാതെ നിശ്ചിത പരിധിയിൽ തുടരുന്ന അവസ്ഥയെയാണ് (Range-bound trade) കാണിക്കുന്നത്.
വരും ദിവസങ്ങളിൽ നിഫ്റ്റി സൂചിക മുന്നേറാനാണ് ശ്രമിക്കുന്നതെങ്കിൽ 23,793—23,925—24,192 എന്നിവയാകും മുഖ്യ പ്രതിരോധ കടമ്പകൾ (Resistance levels) സൃഷ്ടിക്കുക. എന്നാൽ നിഫ്റ്റി വീണ്ടും ഇടിവ് തുടർന്നാൽ 23,357—22,781—22,519 എന്നിവ സപ്പോർട്ട് ലെവലുകളായും പ്രവർത്തിച്ചേക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 8 മുതൽ വിപണി വലിയ ചലനങ്ങളില്ലാതെ തുടരുകയാണെന്നത് ശ്രദ്ധിക്കുക. നിലവിൽ പുറത്തുവന്ന കോർപറേറ്റ് കമ്പനികളുടെ മാർച്ച് പാദഫലം വിപണിയെ കാര്യമായി സ്വാധീനിക്കാൻ കഴിയാത്തതിനാൽ നിഫ്റ്റിയിൽ ഇനി ഒരു ബ്രേക്ക്ഔട്ട് (Breakout) സംഭവിക്കുന്നതിന് ശക്തമായ വാർത്താ പശ്ചാത്തലം ആവശ്യമാണ്.
1. പ്രവർത്തന ഫലങ്ങൾ (Corporate Earnings): പവർ ഗ്രിഡ്, വോഡഫോൺ ഐഡിയ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് പെട്രോളിയം, മാൻകൈൻഡ് ഫാർമ, ഗ്രാസിം ലിമിറ്റഡ്, ഐ.ടി.സി ലിമിറ്റഡ്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, സൺ ഫാർമ, ഹിൻഡാൽകോ ലിമിറ്റഡ്, ടോറന്റ് ഫാർമ തുടങ്ങിയ പ്രമുഖ കമ്പനികളുടെ മാർച്ച് സാമ്പത്തിക പാദത്തിലെ (Q4) പ്രവർത്തന ഫലങ്ങൾ അടുത്തയാഴ്ച പുറത്തുവരും.
2. സാമ്പത്തിക ഡാറ്റകൾ: രാജ്യത്തേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കണക്കുകൾ (FDI Net Inflows), ഇൻഫ്രാസ്ട്രക്ചർ ഔട്ട്പുട്ട് ഡാറ്റ, സമ്പദ്ഘടനയിൽ ലഭ്യമായ പണത്തിന്റെ കണക്കുകൾ (M3 money supply) എന്നിവ മെയ് 20-ന് പ്രസിദ്ധീകരിക്കും. അതുപോലെ വിദേശനാണ്യ ശേഖരം (FX Reserves), ബാങ്ക് വായ്പ വിതരണത്തിന്റെയും നിക്ഷേപത്തിന്റെയും കണക്കുകൾ എന്നിവ മെയ് 22-ന് പ്രഖ്യാപിക്കും. ഇവയെല്ലാം പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക സ്ഥിതിരതയുടേയും ആർ.ബി.ഐ പോളിസികളുടെ സാധ്യതകളെ കുറിച്ചുമുള്ള സൂചനകൾ ഒളിപ്പിച്ചവ ആയതിനാൽ വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഘടകങ്ങളാണ്.
3. ആഗോള ഘടകങ്ങൾ: ജപ്പാൻ, കാനഡ, യു.കെ, യൂറോ സോൺ രാജ്യങ്ങളുടെ പണപ്പെരുപ്പ നിരക്കുകൾ അടുത്തയാഴ്ച പുറത്തുവരുന്നുണ്ട്. യു.എസിൽ നിന്നും എഫ്.ഒ.എം.സി (FOMC) യോഗത്തിന്റെ വിശദാംശങ്ങളും (മിനുറ്റ്സ്) ക്രൂഡ് ഓയിൽ സംഭരണ അളവിന്റെ (ഇൻവെന്ററി) റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ചൈനയുടെ കേന്ദ്ര ബാങ്കും പലിശ നിരക്കുകളും പണനയവും വരുന്ന ആഴ്ചയിൽ പ്രഖ്യാപിക്കും.
4. ജിയോപൊളിറ്റിക്കൽ റിസ്ക്: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ തർക്കം തുടരുന്നതും ഹോർമുസ് കടലിടുക്കിലെ (Hormuz Strait) ചരക്കുനീക്കം തടസ്സപ്പെട്ടതും ആഗോള ഊർജ്ജ വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ കൈവശം 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽ.പി.ജി (LPG) ശേഖരവും മാത്രമാണുള്ളത്. അതിനാൽ പശ്ചിമേഷ്യയിലെ സംഘർഷം സംബന്ധിച്ച വാർത്തകൾ ആഭ്യന്തര വിപണി വിടാതെ പിന്തുടരും.
ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ സംഭവിച്ചതാണെങ്കിലും സമീപഭാവിയിലേക്ക് ആഭ്യന്തര വിപണിയുടെ തുടർ നീക്കങ്ങളെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് മുകളിലേക്ക് ഉയരുന്ന വിലക്കയറ്റ സൂചികകളും (പണപ്പെരുപ്പ നിരക്ക്) ഇന്ധനവില വർധനവും. ഏപ്രിലിലെ ഉപഭോക്തൃ വിലക്കയറ്റ സൂചിക (CPI) 3.48 ശതമാനമായും മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (WPI) 8.3 ശതമാനമായും ഉയർന്നു. ഊർജ്ജ മേഖലയിലെ വിലവർദ്ധനവാണ് ഇതിന് പ്രധാന കാരണം. ഇത് കമ്പനികളുടെ ലാഭക്ഷമതയെ (Margin) ബാധിക്കുന്നതിലേക്കും ഇത് മറികടക്കുന്നതിനായി കമ്പനികൾ ഉത്പന്ന വില വർധിപ്പിക്കുന്നതിനോ കാരണമായേക്കാം.
അതുപോലെ കഴിഞ്ഞ ദിവസമാണ് (മേയ് 15) രാജ്യത്തെ പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലകളിൽ ലിറ്ററിന് 3 രൂപയുടെ വർധനവ് പൊതുമേഖല എണ്ണക്കമ്പനികൾ വരുത്തിയത്. നടപ്പിലാക്കിയ വില വർധനവ്, കമ്പനികൾ നേരിടുന്ന നഷ്ടം മറികടക്കാൻ പ്രാപ്തമല്ല എന്ന നിഗമനത്തെ തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവയുടെ ഓഹരിയിൽ 3 മുതൽ 4 ശതമാനം വരെ ഇടിവ് വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ രേഖപ്പെടുത്തി.
Disclaimer: വിപണിയുടെ ഭാവിഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അംഗീകൃത അനലിസ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine