ഈ കടന്നുപോയ വ്യാപാര ആഴ്ചയിൽ (2026 ഏപ്രിൽ 20 - 24) ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. പ്രധാന ഓഹരി സൂചികയായ നിഫ്റ്റിയിൽ 456 പോയിന്റ് (1.87%) നഷ്ടമാണ് ആഴ്ച കാലയളവിൽ രേഖപ്പെടുത്തിയത്. താരതമ്യേന ശക്തമായ ഓപ്പണിങ്ങായിരുന്നു ഈയാഴ്ച തുടക്കത്തിൽ ലഭിച്ചത്. തുടർന്ന് തൊട്ടുമുന്നിലുണ്ടായിരുന്ന നിർണായക റെസിസ്റ്റൻസ് നിലവാരം (24,613) ഭേദിക്കാൻ ചൊവ്വാഴ്ചത്തെ (ഏപ്രിൽ 21) ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ബുധനാഴ്ചത്തെ വ്യാപാരത്തിൽ നിഫ്റ്റി 24,425 എന്ന സപ്പോർട്ട് നിലവാരത്തിലേക്ക് മടങ്ങി. എന്നാൽ വ്യാഴാഴ്ചത്തെ (ഏപ്രിൽ 23) വ്യാപാരത്തിൽ ഈ സപ്പോർട്ട് നിലവാരത്തിനും താഴെയായുള്ള ഗ്യാപ്-ഡൗൺ ഓപ്പണിങ് നിഫ്റ്റിയിൽ സംഭവിക്കുകയും പിന്നാലെ 24,335 എന്ന സപ്പോർട്ട് നിലവാരവും തകർക്കപ്പെട്ടു. ഇതോടെ നിഫ്റ്റിയുടെ ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ കൂടുതൽ ഷോർട്ട്-സെൽ ഓർഡറുകൾ വന്നുചേർന്നു. ഇതോടെ വെള്ളിയാഴ്ചത്തെ (ഏപ്രിൽ 24) വ്യാപാരത്തിൽ നിഫ്റ്റി സൂചിക 23,925 നിലവാരവും തകർന്ന് താഴ്ന്ന നിലവാരങ്ങളിലേക്ക് വീണു.
വെള്ളിയാഴ്ച നിഫ്റ്റി സൂചികയുടെ ക്ലോസിങ് 23,897 നിലവാരത്തിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ പ്രധാന സപ്പോർട്ട് നിലവാരങ്ങൾ തകർക്കപ്പെട്ട് നിഫ്റ്റി സൂചിക കൂടുതൽ താഴേക്ക് വീണതോടെ നിഫ്റ്റി സൂചികയിൽ വീണ്ടും ബെയറിഷ് ട്രെൻഡ് കാഴ്ചപ്പാടിന് പ്രാമുഖ്യം കിട്ടി. ടെക്നിക്കൽ അനാലിസിസിൽ, ഓഹരി/സൂചികയുടെ ട്രെൻഡ് പിന്തുടരാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇ.എം.എ (Exponential Moving Average) ക്രോസ്ഓവർ സ്ട്രാറ്റജി പ്രകാരമാണ്, കൂടുതൽ ഇടിവിനുള്ള സാധ്യത വെളിവാക്കുന്ന ബെയറിഷ് സിഗ്നൽ ലഭിച്ചത്.
നിഫ്റ്റിയുടെ ടെക്നിക്കൽ ചാർട്ടിലെ ഫാസ്റ്റർ മൂവിങ് ആവറേജ് (മുകളിൽ നൽകിയിട്ടുള്ള ചിത്രത്തിലെ Blue line), സ്ലോവർ മൂവിങ് ആവറേജിന് (Green line) താഴേക്ക് എത്തിയതോടെയാണ് ബെയറിഷ് കാഴ്ചപ്പാട് വീണ്ടും സ്വീകരിക്കുന്നത്. ഫാസ്റ്റർ മൂവിങ് ആവറേജ് (ബ്ലൂ ലൈൻ) നിലവാരം സ്ലോവർ മൂവിങ് ആവറേജ് (ഗ്രീൻ ലൈൻ) നിലവാരത്തിന് താഴെ നിൽക്കുന്നിടത്തോളം ബെയറിഷ് കാഴ്ചപ്പാടോടെയുള്ള അവസരങ്ങൾക്ക് വരുന്നയാഴ്ചയിലും പ്രാധാന്യം നൽകുന്നതാകും ഉചിതം.
എന്നാൽ മറിച്ച് സംഭവിക്കുന്നുണ്ടെങ്കിൽ നിഫ്റ്റി സൂചികയുടെ ഭാവി ഗതി സംബന്ധിച്ച കാഴ്ചപ്പാട്, നിലവിലെ ബെയറിഷ് സ്റ്റാൻസ് എന്നതിൽ നിന്നും ബുള്ളിഷ് സ്റ്റാൻസ് എന്നതിലേക്ക് മാറുകയും ചെയ്യുന്നതായിരിക്കും എന്ന് ശ്രദ്ധിക്കുക.
1. മാർച്ച് പാദഫലം (Q4 Results) : ആക്സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, കോൾ ഇന്ത്യ, മാരുതി സുസൂക്കി, ബജാജ് ഫിനാൻസ്, ഫെഡറൽ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, എറ്റേണൽ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, ബജാജ് ഫിൻസേർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളുടെ മാർച്ച് പാദഫലം വിപണി പ്രാധാന്യത്തോടെ കണക്കിലെടുക്കുന്നതാണ്.
2. വിപണി അവധി : മഹാരാഷ്ട്ര ദിനം കാരണം 2026 മേയ് 1-ന് ഓഹരി വിപണികൾക്ക് അവധിയായിരിക്കും.
3. യു.എസ് വിപണി : പശ്ചിമേഷ്യയിൽ അനിശ്ചിതാവസ്ഥ തുടരുമ്പോഴും യു.എസ് വിപണിയിലെ പ്രധാന ഓഹരി സൂചികകളായ എസ്&പി-500, നാസ്ഡാക് എന്നിവ നേട്ടത്തോടെയാണ് ഈയാഴ്ച ക്ലോസ് ചെയ്തത്. നിലവിൽ ഇറാനെതിരായ വെടിനിർത്തൽ മേയ് ഒന്ന് വരെ ദീർഘിപ്പിച്ചിരുന്നു. യു.എസും ഇറാനും തമ്മിൽ നേരിട്ടുള്ള സമാധാന ചർച്ചകൾ ഇന്ന് പാക്കിസ്ഥാനിൽ വെച്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ച് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയാണെങ്കിൽ ഇന്ത്യൻ വിപണിയേയും അത് പ്രതികൂലമായി ബാധിക്കും.
4. ഫെഡ് യോഗം : ഏപ്രിൽ 29ന് യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ യോഗത്തിനുശേഷം പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ആഗോള വിപണികൾക്ക് നിർണായകമാണിത്.
5. യു.എസിന്റെ ഒന്നാം പാദത്തിലെ (Q1) സാമ്പത്തിക വളർച്ച (ജി.ഡി.പി) കണക്കുകൾ ഏപ്രിൽ 30-ന് പ്രസിദ്ധീകരിക്കും.
6. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 30-ന് ഉണ്ടാകും.
7. പ്രധാന സപ്പോർട്ട് — റെസിസ്റ്റൻസ് ലെവലുകൾ: നിഫ്റ്റി സൂചികയിൽ വരുന്നയാഴ്ച നിർണായക സ്വാധീനം ചെലുത്താവുന്ന പ്രധാന സപ്പോർട്ട് നിലവാരങ്ങൾ 23,357 — 22,781 — 22519 എന്നിവയാകുന്നു. അതുപോലെ വരുന്നയാഴ്ചയിൽ നിഫ്റ്റിയിൽ സ്വാധീനം ചെലുത്താവുന്ന പ്രധാന റെസിസ്റ്റൻസ് നിലവാരങ്ങൾ 23,925 — 24,192 — 24,335 എന്നിവയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine