പ്രതീകാത്മക ചിത്രം (Source: Canva) 
Markets

നിഫ്റ്റിയിൽ പ്രകടമാകുന്ന പോസിറ്റീവ് ട്രെൻഡ് വിശ്വസിക്കാമോ? വരുന്ന ആഴ്ചയിലും വിപണിയിൽ നേട്ടം തുടരുമോ?

ഈയാഴ്ച വിദേശ നിക്ഷേപകരുടെ ഭാ​ഗത്തു നിന്നുമുണ്ടായിരുന്ന വിൽപന സമ്മർദ്ദം കുറഞ്ഞിട്ടുണ്ട്. ഇവർ വീണ്ടും വാങ്ങലുകാരായി മാറിയാൽ ഇന്ത്യൻ വിപണിയിൽ അതു വലിയ കുതിപ്പിന് വഴിതെളിക്കും

Balachandran Viswaram (Balachandran RV)

ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 29 - ജൂലൈ 3) ഇന്ത്യൻ വിപണി നേട്ടത്തോടെയാണ് ക്ലോസിം​ഗ് കുറിച്ചത്. എൻ.എസ്.ഇയുടെ ബെഞ്ച്മാർക്ക് ഓഹരി സൂചികയായ നിഫ്റ്റി-50 ഈയാഴ്ച 214 പോയിന്റ് (+0.89%) നേട്ടം കരസ്ഥമാക്കി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നിഫ്റ്റി സൂചികയെ തളച്ചിട്ടിരുന്ന 24,192 എന്ന ശക്തമായ റെസിസ്റ്റൻസ് ലെവൽ ഭേദിച്ച് മുന്നേറാൻ സാധിച്ചു. ജൂൺ 15-ന് ശേഷം ആദ്യമായാണ് 23,793 — 24,192 എന്ന ഇടുങ്ങിയ ട്രേ‍ഡിം​ഗ് പരിധിയിൽ (Range) നിന്നും നിഫ്റ്റി വിജയകരമായി പുറത്തുകടക്കുന്നത്.

മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികളിൽ ദൃശ്യമായ ശക്തമായ മുന്നേറ്റം മ്യൂച്വൽ ഫണ്ടുകളിലും ഇ.ടി.എഫുകളിലും പ്രതിഫലിക്കുന്നുണ്ട്. ഈ പോസിറ്റീവ് സൂചനകൾ അടിസ്ഥാന ഓഹരി സൂചികകളായ നിഫ്റ്റിയിലും സെൻസെക്സിലും അടുത്തഘട്ടം വലിയ കുതിപ്പിന് (Bull Run) തുടക്കമിട്ടേക്കാമെന്നാണ് വിലയിരുത്തൽ.

വിപണിയിൽ ഇനിയെന്ത്?

2026 ജൂൺ മാസത്തിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (FII) 49,029 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (DII) 85,800 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി വിപണിയെ സ്ഥിരത വീണ്ടെടുക്കാൻ സഹായിച്ചു. ഈയാഴ്ച വിദേശ നിക്ഷേപകരുടെ ഭാ​ഗത്തു നിന്നുമുണ്ടായിരുന്ന വിൽപന സമ്മർദ്ദം കുറഞ്ഞിട്ടുണ്ട്. ഇവർ വീണ്ടും വാങ്ങലുകാരായി മാറിയാൽ ഇന്ത്യൻ വിപണിയിൽ അതു വലിയ കുതിപ്പിന് വഴിതെളിക്കും.

അടുത്ത വ്യാപാര ആഴ്ചയിൽ (ജൂലൈ 6 - 10) വിപണിയിൽ നേരിയ കുതിപ്പിനുള്ള സാധ്യതയാണ് (Moderately Bullish Trend) പ്രതീക്ഷിക്കുന്നത്. കാരണം, സാങ്കേതിക സൂചകങ്ങൾ (Technical indicators) പരിശോധിക്കുമ്പോൾ, വിപണിയിലെ ഹ്രസ്വകാല നീക്കങ്ങളെ സൂചിപ്പിക്കുന്ന മൂവിങ് ആവറേജുകളായ ഫാസ്റ്റർ ഇ.എം.എയും (Faster EMA - Blue Line) സ്ലോവർ ഇ.എം.എയും (Slower EMA - Green) തമ്മിൽ വലിയ അകലം പാലിക്കാത്തതും, ട്രെൻഡിന്റെ ശക്തിയെ വെളിവാക്കുന്ന സാങ്കേതിക സൂചകമായ എ.ഡി.എക്സ് 12.33 എന്ന താഴ്ന്ന നിരക്കിൽ തുടരുന്നതും വിപണി ഒരു നിശ്ചിത ദിശയിലേക്ക് (Directional trend) പൂർണമായി മാറിയിട്ടില്ല എന്നതിനെ സൂചിപ്പിക്കുന്നു.

നിഫ്റ്റി ടെക്നിക്കൽ ചാർട്ട്

നിർണായക സപ്പോർട്ട് — റെസിസ്റ്റൻസ് ലെവലുകൾ

ഈയാഴ്ചയിലെ വ്യാപാരത്തിനൊടുവിൽ 24,271-ലാണ് നിഫ്റ്റിയുടെ ക്ലോസിം​ഗ് കുറിച്ചത്. ഈ നിലവാരത്തിൽ നിന്നും സൂചിക ഇനിയും മുന്നേറാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ 24,335—24,425—24,613 തുടങ്ങിയ നിലവാരങ്ങളിൽ നിന്നും പ്രതിരോധം (resistance levels) നേരിടേണ്ടി വന്നേക്കാം. മറിച്ച് വിപണിയിൽ വിൽപ്പന സമ്മർദം തുടരുകയും നിഫ്റ്റി വീണ്ടും താഴേക്ക് വീഴുകയുമാണെങ്കിൽ 24,192—23,925—23,793 എന്നീ നിലവാരങ്ങളിൽ നിന്നും പിന്തുണ (support levels) ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

അടുത്തയാഴ്ച ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ

1. ഒന്നാം പാദഫലം (Q1 FY27): ടി.സി.എസ്, എൽ&ടി ഫിനാൻസ്, ആനന്ദ് രാഠി വെൽത്ത്, എലികോൺ എഞ്ചിനീയറിംഗ് തുടങ്ങിയ കോർപറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ (2026-27) ഒന്നാം പാദഫലങ്ങൾ അടുത്തയാഴ്ച പുറത്തുവരും.

2. ആഭ്യന്തര ഘടകങ്ങൾ: മ്യൂച്വൽ ഫണ്ട് ഇക്വിറ്റി ഇൻഫ്ലോ, സമ്പദ്‌ഘടനയിലെ മൊത്തം പണലഭ്യത (M3 Money Supply), വിദേശനാണ്യ ശേഖരം, ബാങ്ക് വായ്പ-നിക്ഷേപ വളർച്ചാ നിരക്കുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ.

3. ആഗോള ഘടകങ്ങൾ: യു.എസിൽ നിന്നുള്ള എസ്&പി ഗ്ലോബൽ സർവീസസ് പി.എം.ഐ ഡാറ്റ, ക്രൂഡ് ഓയിൽ ഇൻവെന്ററി റിപ്പോർട്ട്, യു.എസ് ഫെഡ് റിസർവിന്റെ ഇക്കഴിഞ്ഞ എഫ്.ഒ.എം.സി യോ​ഗത്തിന്റെ മിനിറ്റ്സ് രേഖ, യു.എസിലെ തൊഴിലില്ലായ്മ നിരക്കുകൾ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇക്കഴിഞ്ഞ പണനയ യോ​ഗത്തിന്റെ മിനിറ്റ്സ് രേഖ.

4. ഐ.പി.ഒ ഓഹരി ലിസ്റ്റിംഗുകൾ:

  • ജൂലൈ 6: ആസ്ത സ്പിൻടെക്സ്, അഡോൺ അഗ്രോ കമ്മോഡിറ്റീസ് (ബി.എസ്.ഇ എസ്.എം.ഇ), ട്വിങ്കിൾ പേപ്പേഴ്സ് (ബി.എസ്.ഇ എസ്.എം.ഇ).

  • ജൂലൈ 7: അഥർവ പോളിപ്ലാസ്റ്റ് (ബി.എസ്.ഇ എസ്.എം.ഇ), ക്രാറ്റിക്കൽ ടെക് (ബി.എസ്.ഇ എസ്.എം.ഇ), സമ്പർക്ക് ഇന്ത്യ ലോജിസ്റ്റിക്സ് (ബി.എസ്.ഇ എസ്.എം.ഇ), സീമാക്സ് റിസോഴ്സസ് (ബി.എസ്.ഇ എസ്.എം.ഇ), തേജ എഞ്ചിനീയറിംഗ് (എൻ.എസ്.ഇ എസ്.എം.ഇ), വിനിത് മൊബൈൽ (എൻ.എസ്.ഇ എസ്.എം.ഇ).

  • ജൂലൈ 8: നാക്ക് പാക്കേജിംഗ്.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT