പ്രതീകാത്മക ചിത്രം Image Source: Canva
Markets

നിഫ്റ്റി എട്ടു മാസമായി 200-ദിന ശരാശരിക്ക് താഴെ: 11 വർഷമായി കാണാത്തത്; വിപണിയുടെ ട്രെൻഡ് ഇനിയും താഴേക്കോ?

ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും നീണ്ട സാങ്കേതിക തിരുത്തലിലേക്ക് നിഫ്റ്റി സൂചിക; തുടർച്ചയായ 160-ാം വ്യാപാര സെഷൻ 200 ദിവസ മൂവിങ് ആവറേജിന് താഴെ

Dhanam News Desk

നിഫ്റ്റി 200-ഡി.എം.എയ്ക്ക് താഴെ എട്ടുമാസമായി തുടരുന്നത് വിപണിയുടെ ദുർബല പ്രവണതയെ സൂചിപ്പിക്കുന്നു. എന്നാൽ, മുൻകാല തിരുത്തലുകളേക്കാൾ സൂചികയിലെ ഇടിവിന്റെ ആഴം കുറവായതിനാൽ, പ്രതിരോധ ശേഷിയെ വെളിവാക്കുന്നുണ്ട്. എങ്കിലും വിപണി ദീർഘകാല മുന്നേറ്റത്തിനുള്ള കരുത്ത് കണ്ടെത്താൻ ശ്രമിക്കുന്നതും പ്രകടമാണ്.

ഓഹരി വിപണിയുടെ ദീർഘകാല ട്രെൻഡ് മനസ്സിലാക്കാൻ സഹായിക്കുന്ന ടെക്നിക്കൽ ഇൻഡിക്കേറ്ററായ 200 ദിവസ മൂവിങ് ആവറേജിന് (200-DMA) താഴെയായി ഇന്ത്യൻ വിപണിയിലെ പ്രധാന ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി-50 (Nifty 50) തുടർച്ചയായി 160 വ്യാപാര സെഷനുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. 2026 ഫെബ്രുവരി 27-നാണ് നിഫ്റ്റി സൂചിക 200-ഡി.എം.എ നിലവാരം ഭേദിച്ച് താഴേക്കുവീണത്.

അതിനുശേഷം ഒരു ദിവസം പോലും ഈ നിർണായക നിലവാരത്തിന് മുകളിലായി ക്ലോസിങ് രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. നിഫ്റ്റിയുടെ ചരിത്രത്തിൽ ഏറ്റവുമധികം നീണ്ടുനിന്ന മൂന്നാമത്തെ സാങ്കേതിക തിരുത്തലാണിത് (Technical Correction). എന്നാൽ, എട്ടു മാസത്തോളം നീണ്ടുനിന്ന തിരുത്തലായിട്ടും നിഫ്റ്റിയിൽ നേരിട്ട ഇടിവിന്റെ ആഴം താരതമ്യേന കുറവാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

കണക്കുകൾ സൂചിപ്പിക്കുന്നത്

നിലവിൽ 24,136 നിലവാരത്തിലുള്ള 200-ഡി.എം.എയെക്കാൾ ഏകദേശം 6 ശതമാനം താഴെയാണ് നിഫ്റ്റി സൂചിക ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ ഘട്ടത്തിലെ പരമാവധി ഇടിവ് 11.5 ശതമാനവും ശരാശരി ഇടിവ് 4.5 ശതമാനവുമാണ്. 200-ഡി.എം.എയിൽ നിന്ന് 10 ശതമാനത്തിലധികം താഴേക്കു പോയത് വെറും മൂന്ന് സെഷനുകളിൽ മാത്രം.

താരതമ്യത്തിനായി കണക്കിലെടുത്താൽ, നിഫ്റ്റി സൂചികയുടെ 150-ലധികം വ്യാപാര സെഷനുകളിലായി നീണ്ടുനിന്നിട്ടുള്ള മറ്റ് അഞ്ച് സാങ്കേതിക തിരുത്തൽ ഘട്ടങ്ങളിൽ ഏറ്റവും തീവ്രത കുറഞ്ഞതിൽപ്പോലും പരമാവധി ഇടിവ് 12.6 ശതമാനം നേരിട്ടിരുന്നതായി കാണാം.

മുൻകാല ദൈർഘ്യമേറിയ തിരുത്തൽ ഘട്ടങ്ങൾ

  • 6 മേയ് 2008—13 ഏപ്രിൽ 2009 (ആഗോള സാമ്പത്തിക പ്രതിസന്ധി): 227 വ്യാപാര സെഷൻ (ഏറ്റവും ദൈർഘ്യമേറിയത്)

  • 2 മാർച്ച് 2001—4 ഡിസംബർ 2001: 188 വ്യാപാര സെഷൻ

  • 2 മെയ് 2011—15 ജനുവരി 2012: 188 വ്യാപാര സെഷൻ

  • 20 ഓ​ഗസ്റ്റ് 2015—13 ഏപ്രിൽ 2016: 159 വ്യാപാര സെഷൻ

  • 27 മേയ് 1998—6 ജനുവരി 1999: 157 വ്യാപാര സെഷൻ

2008-ലെ തിരുത്തലിന്റെ ഘട്ടത്തിൽ ഏകദേശം 88 ശതമാനം സമയവും നിഫ്റ്റി സൂചിക 200-ഡി.എം.എയിൽ നിന്ന് കുറഞ്ഞത് 10 ശതമാനം താഴെയായിരുന്നു. ഇന്നത്തെ സ്ഥിതിയുമായി ഇതിനുള്ള അന്തരം വ്യക്തമാണ്.

എന്തുകൊണ്ട് 200-ഡി.എം.എ പ്രധാനം?

200-ഡി.എം.എ എന്നത് നിക്ഷേപകരും ട്രേഡർമാരും പൊതുവായി പിന്തുടരുന്ന ട്രെൻഡ് ഇൻഡിക്കേറ്ററാണ്. ഇതിനു താഴെയായി നീണ്ടുനിൽക്കുന്ന വ്യാപാരം സാധാരണയായി വിപണിയുടെ ദുർബല പ്രവണതയെയാണ് (weak market trend) സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തവണ മാസങ്ങളോളം ദീർഘകാല ശരാശരിക്ക് താഴെ തുടർന്നിട്ടും, സൂചികയുടെ മുൻകാല തിരുത്തൽ ഘട്ടങ്ങളിലെ പോലെ കനത്ത തകർച്ച ഉണ്ടായിട്ടില്ല.

അതായത്, സമയത്തിന്റെ കാര്യത്തിൽ ദൈർഘ്യമേറിയതും വിലനിലവാരത്തിന്റെ കാര്യത്തിൽ താരതമ്യേന മിതവുമായ തിരുത്തലാണിതെന്ന് സാരം. ഇത് ഒരേസമയം വിപണിയുടെ പ്രതിരോധശേഷിയെയും മുന്നേറ്റത്തിനുള്ള കരുത്തിന്റെ അഭാവത്തെയും വെളിവാക്കുന്നു.

വിപണിയിലെ സമ്മർദ്ദത്തിനു പിന്നിൽ

നിലവിൽ ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്ന പ്രതികൂല ഘടകങ്ങളായി പൊതുവിൽ വിലയിരുത്തപ്പെടുന്നത്:

  • പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ

  • വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കൽ

  • ഉയർന്ന ക്രൂഡ് വിലയും യു.എസ് ബോണ്ട് ആദായത്തിലെ വർധനയും

  • ലാർജ് ക്യാപ് ഓഹരികളിൽ നിന്ന് ചെറുകിട ഓഹരികളിലേക്കും പ്രൈമറി മാർക്കറ്റ് ഇഷ്യൂകളിലേക്കുമുള്ള (ഐപിഒ) നിക്ഷേപകരുടെ ചുവടുമാറ്റം

വിപണിയുടെ പ്രതിരോധത്തിന് പിന്നിൽ?

വിശാല വിപണിയിൽ കാണുന്ന പ്രതിരോധം പ്രധാനമായും ലിക്വിഡിറ്റിയുടെ (പണലഭ്യത) പിന്തുണയിലാണ്. കോർപറേറ്റ് കമ്പനികളുടെ വരുമാന വളർച്ചയുടെ പിൻബലത്തിലല്ല എന്നതാണ് അനലിസ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ. വരുമാനത്തിന്റെ പിന്തുണയില്ലാത്ത ലിക്വിഡിറ്റി അധിഷ്ഠിത മുന്നേറ്റം ദീർഘകാലം നിലനിൽക്കുമോ എന്നത് നിക്ഷേപകർ ജാഗ്രതയോടെ വിലയിരുത്തേണ്ട കാര്യമാണ്.

നിക്ഷേപകർക്ക് ഇത് നൽകുന്ന സൂചനയെന്ത്?

നിലവിൽ 200-ഡി.എം.എ ആയി രേഖപ്പെടുത്തുന്ന 24,136 എന്ന നിലവാരം തിരികെ പിടിക്കുന്നതാണ് നിഫ്റ്റി സൂചികയുടെ ട്രെൻഡ് മാറ്റത്തിന്റെ നിർണായക സൂചന. അതുവരെ, ആ​ഗോള സംഘർഷ സാഹചര്യങ്ങളും വിദേശ നിക്ഷേപകരുടെ ഒഴുക്കും ക്രൂഡ് ഓയിൽ വിലയും കോർപറേറ്റ് കമ്പനികളുടെ വരുമാനത്തിന്റെ പ്രകടനവുമാകും ഇന്ത്യൻ വിപണിയുടെ ദിശ നിർണയിക്കുക.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Nifty 50’s prolonged stay below its 200-day moving average signals persistent technical weakness, even as the depth of the correction remains relatively limited compared with some historical downturns.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT