പ്രതീകാത്മക ചിത്രം Image Source: Canva
Markets

ഓഗസ്റ്റ് ഇന്ത്യൻ വിപണിയുടെ ഭാ​ഗ്യ മാസമോ? നിഫ്റ്റിയുടെ മുൻകാല ചരിത്രം നൽകുന്ന സൂചനയെന്ത്?

ചരിത്രപരമായ സീസണാലിറ്റി അനുകൂലമെങ്കിലും കുറഞ്ഞ റോളോവർ നിരക്കും എഫ്‌ഐഐകളുടെ ദുർബല ലോംഗ് പൊസിഷനുകളും നിഫ്റ്റിയിൽ ജാഗ്രതയുടെ സൂചനയെന്ന് വിലയിരുത്തൽ

Pintu Prakash

ഓഗസ്റ്റ് മാസത്തെ നിഫ്റ്റി സീസണാലിറ്റി ഡാറ്റ ചരിത്രപരമായി അനുകൂലമാണെങ്കിലും, ജൂലൈ എഫ്‌അൻഡ്‌ഒ സീരീസിൽ നിന്നുള്ള റോളോവർ നിരക്ക് 71.8 ശതമാനമായി കുറഞ്ഞത് ജാഗ്രതയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 10 വർഷങ്ങളിൽ ആറുവട്ടം ഓഗസ്റ്റിൽ നിഫ്റ്റി നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, വിദേശ നിക്ഷേപകരുടെ ലോംഗ് പൊസിഷനുകളും ഓപ്പൺ ഇൻട്രസ്റ്റും കുറഞ്ഞ നിലയിലാണ്.

വർഷങ്ങളായി ഒരേ കാലയളവിൽ വിപണി എങ്ങനെയാണ് പ്രതികരിച്ചു എന്നതിനെ കുറിച്ചുള്ള വിശകലനമാണ് സീസണാലിറ്റി അനാലിസിസ് (Seasonality Analysis). മുൻവർഷങ്ങളിലെ സമാന കാലയളവിനിടെ ഓഹരിയിൽ/സൂചികയിൽ പ്രകടമായ ട്രെൻഡിന്റെ ചരിത്രം പരിശോധിക്കുന്നതിലൂടെ വാരനിരിക്കുന്ന ലാഭസാധ്യതകളും തിരുത്തലുകളും ഒരുപരിധി വരെ മുൻകൂട്ടി കാണാനും കൂടുതൽ അവബോധത്തോടെ വിപണിയെ സമീപിക്കാനും നിക്ഷേപകരെ സഹായിക്കുന്നു. അതായത് കൃത്യമായ ട്രേഡിംഗ് തന്ത്രങ്ങൾ രൂപീകരിക്കാനും റിസ്ക് മാനേജ് ചെയ്യാനും സീസണാലിറ്റി വിശകലനം സഹായിക്കുമെന്ന് സാരം.

ഈയൊരു പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയുടെ പ്രധാന ഓഹരി സൂചികയായ എൻ.എസ്.ഇ നിഫ്റ്റിയുടെ ഓ​ഗസ്റ്റ് സീസണാലിറ്റി എങ്ങനെയെന്ന് നോക്കാം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂലൈ 28) പൂർത്തിയായ നിഫ്റ്റി സൂചികയുടെ ജൂലൈ മാസക്കാലയളവിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ (July F&O Series) റോളോവർ ഡാറ്റ നോക്കിയാൽ ഓ​ഗ​സ്റ്റ് സീരിസിലേക്ക് തണുപ്പൻ പ്രതികരണമാണ് വെളിവാക്കുന്നത്. ഇത് ജാ​ഗ്രത പാലിക്കാനുള്ള സൂചന നൽകുന്നു. എന്നിരുന്നാലും നിഫ്റ്റി സൂചികയുടെ ഓഗസ്റ്റ് മാസത്തെ ചരിത്രപരമായ കണക്കുകൾ അനുകൂലമായ സൂചനകളും നൽകുന്നുണ്ട്.

ചരിത്രം നൽകുന്ന പ്രതീക്ഷ!

കഴിഞ്ഞ 10 വർഷത്തെ ഇന്ത്യൻ വിപണിയുടെ ഡാറ്റ പരിശോധിച്ചാൽ, ആറു തവണയും ഓഗസ്റ്റ് മാസത്തിൽ നിഫ്റ്റി സൂചിക നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ശരാശരി 0.9 ശതമാനം മുതൽ 1.1 ശതമാനം വരെ വളർച്ചയാണ് മുൻ വർഷങ്ങളിലെ ഓ​ഗ​സ്റ്റ് മാസത്തിനിടെ നിഫ്റ്റി സൂചികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വിപണിയെ കുറിച്ച് അനുകൂലമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഓ​ഗ​സ്റ്റ് മാസത്തിലെ ചരിത്രപരമായ ഈ പ്രവണത മാത്രം മുൻനിർത്തി ഇത്തവണ വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നതും അത്ര ഉചിതമായിരിക്കില്ലെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്.

റോൾഓവർ നിരക്കുകളിൽ കുറവ്

ഓ​ഗ​സ്റ്റ് മാസത്തിലേക്ക് നിഫ്റ്റി സൂചികയുടെ അനുകൂലമായ സീസണാലിറ്റി ഡാറ്റ ഉണ്ടെങ്കിലും നിഫ്റ്റി ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ ജൂലൈ സീരീസിൽ നിന്നുള്ള റോളോവർ ഡാറ്റ (F&O Rollover Data) വിപണിയിൽ ജാഗ്രത പാലിക്കാനുള്ള സൂചനയാണ് നൽകുന്നത്. ജൂലൈ F&O കോൺട്രാക്ടുകളിൽ നിന്നും പുതിയ ഓ​ഗ​സ്റ്റ് സീരീസിലേക്കുള്ള റോൾഓവർ നിരക്ക് 71.8 ശതമാനമായി താഴ്ന്നു (3 മാസത്തെ ശരാശരി 74%).

വിദേശ നിക്ഷേപകരുടെ (FIIs) പോസിറ്റീവ് ലോംഗ് പൊസിഷനുകൾ വളരെ കുറഞ്ഞ നിലവാരത്തിലാണ് ഉള്ളത്. നിഫ്റ്റിയുടെ ഓപ്പൺ ഇൻട്രസ്റ്റ് (Open Interest) മാർച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് താണു. ഇവ വ്യക്തമാക്കുന്നത് വലിയ നിക്ഷേപ സ്ഥാപനങ്ങൾ (Institutional Investors) പുതിയ പൊസിഷനുകൾ എടുത്തു മുന്നോട്ട് പോകാൻ മടിക്കുന്നു എന്നാണ്.

ഓഗസ്റ്റ് 5-ന് പുറത്തുവരാനിരിക്കുന്ന റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) പണനയം, മൺസൂൺ പുരോഗതി, അസംസ്‌കൃത എണ്ണവില, പശ്ചിമേഷ്യൻ രാഷ്ട്രീയ സംഘർഷങ്ങൾ, ഒന്നാം പാദ സാമ്പത്തിക ഫലങ്ങൾ എന്നിവയാണ് ഓ​ഗ​സ്റ്റ് മാസത്തിനിടെ വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന മാക്രോ ഘടകങ്ങൾ.

സെക്ടർ കേന്ദ്രീകരിച്ചുള്ള പ്രകടനം

വിപണിയിലെ പ്രധാനപ്പെട്ട ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റിയേക്കാൾ മികച്ച പ്രകടനം സെക്ടറൽ സൂചികകളിൽ ദൃശ്യമായേക്കാം. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ നിഫ്റ്റി മിഡ്‌ക്യാപ് സൂചിക ശരാശരി 2.4 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 7 ഓ​ഗ​സ്റ്റ് മാസത്തിലും പോസിറ്റീവ് ആയിരുന്നു.

അതുപോലെ സെക്ടർ അടിസ്ഥാനത്തിൽ ഐടി, ഓട്ടോ, ഫാർമ, എഫ്.എം.സി.ജി, പ്രൈവറ്റ് ബാങ്കുകൾ എന്നിവ ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായാണ് മുൻകാല വിവരങ്ങൾ വെളിവാക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT