ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിഫ്റ്റി 200 ആഴ്ച മൂവിംഗ് ആവറേജ് ആയ 22,607 പോയിന്റിനടുത്ത് വ്യാപാരം തുടരുന്നു. ഉയർന്ന ക്രൂഡ് വില, രൂപയുടെ ദുർബലത, യു.എസ്. ബോണ്ട് യീൽഡ് വർധന, റെക്കോഡ് വിദേശ നിക്ഷേപ പിൻവലിക്കൽ എന്നിവ വിപണിയെ സമ്മർദ്ദത്തിലാക്കുന്നു. ഒക്ടോബർ സീരീസിലും ജാഗ്രത തുടരുമെന്ന സൂചനകളാണ് ഡെറിവേറ്റീവ് കണക്കുകൾ നൽകുന്നത്.
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിട്ടാണ് ഇന്ത്യൻ ഓഹരി വിപണി ഒക്ടോബർ മാസത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ആറ് തവണ മാത്രം നിർണായകമായി മാറിയിട്ടുള്ള 200 ആഴ്ചത്തെ മൂവിംഗ് ആവറേജ് (200-WMA: നിലവിൽ 22,607) എന്ന നിലവാരമാണ് ടെക്നിക്കൽ അനാലിസിസുകളിൽ ഇപ്പോൾ വിപണി ഉറ്റുനോക്കുന്നത്.
വരും ആഴ്ചകളിൽ വിപണി സാധാരണപോലത്തെ തിരുത്തലിലാണോ നേരിടുക അതോ കൂടുതൽ ആഴത്തിലുള്ള ഇടിവിലേക്ക് നീങ്ങുകയാണോ എന്ന് വ്യക്തമാകും. ബുധനാഴ്ചത്തെ (സെപ്റ്റംബർ 30) വ്യാപാരത്തിനൊടുവിൽ 22,620 നിലവാരത്തിലാണ്, എൻ.എസ്.ഇയുടെ മുഖ്യ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി-50-യുടെ ക്ലോസിങ് കുറിച്ചത്.
2001-ന് ശേഷമുള്ള ഏറ്റവും മോശം സെപ്റ്റംബർ ഡെറിവേറ്റീവ് (F&O) സീരീസിനാണ് നിഫ്റ്റി സാക്ഷ്യം വഹിച്ചത്. പ്രതിമാസ സൈക്കിളിൽ സൂചിക 6.7 ശതമാനം (1,400-ലധികം പോയിന്റുകൾ) ഇടിഞ്ഞു:
ഉയർന്ന ക്രൂഡ് ഓയിൽ വില, ദുർബലമാകുന്ന രൂപ, യു.എസ് ബോണ്ട് യീൽഡിലെ വർധനവ്, വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റം എന്നിവയാണ് വിപണിയെ താഴേക്ക് നയിച്ചത്.
തുടർച്ചയായ ഏഴ് ആഴ്ചകളിൽ നിഫ്റ്റി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ 25 വർഷത്തിനിടെ 2001, 2008, 2020 എന്നീ പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമാണ് സൂചിക തുടർച്ചയായി ഇത്രയധികം ആഴ്ചകൾ ഇടിഞ്ഞ ചരിത്രമുള്ളത്.
സെപ്റ്റംബറിൽ മാത്രം ഏകദേശം 25,600–26,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FII) വിറ്റഴിച്ചത്. ഇതോടെ 2026-ലെ മൊത്തം വിദേശ നിക്ഷേപ പിൻവലിക്കൽ 2.5 ലക്ഷം കോടി രൂപ കടന്നു. യു.എസ് 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 5 ശതമാനത്തിനടുത്ത് നിൽക്കുന്നതിനാൽ, താരതമ്യേന സുരക്ഷിതമായ ഡോളർ ആസ്തികളിലേക്ക് ആഗോള മൂലധനം മാറുന്നതിന്റെ ഭാഗമായാണ് ഈ പിന്മാറ്റം. കൂടാതെ, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ എ.ഐ അധിഷ്ഠിത വിപണികളിലേക്കും പണമൊഴുക്ക് മാറുന്നുണ്ട്.
ഡെറിവേറ്റീവ് വിപണിയിലെ 'റോൾഓവർ' കണക്കുകൾ പ്രകാരം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ നെറ്റ് ഷോർട്ട് പൊസിഷനുകൾ 1.84 ലക്ഷത്തിൽ നിന്ന് 2.67 ലക്ഷമായി (40% വർധനവ്) ഉയർന്നു. ഇത് ഒക്ടോബർ സീരീസിലേക്കും വിപണിയിലെ ജാഗ്രത തുടരും എന്നതിന്റെ സൂചനയാണ്.
നിലവിൽ നിഫ്റ്റിയുടെ 200 ആഴ്ചത്തെ മൂവിംഗ് ആവറേജ് നിലകൊള്ളുന്നത് ഏകദേശം 22,607 പോയിന്റിലാണ്. കഴിഞ്ഞ 22 വർഷത്തിനിടെ ആറ് തവണ മാത്രമാണ് 200 ആഴ്ചത്തെ മൂവിംഗ് ആവറേജ് നിലവാരം നിഫ്റ്റി പരീക്ഷിച്ചിട്ടുള്ളത്.
ആഭ്യന്തര ഘടകങ്ങൾ കാരണമുണ്ടായ തിരുത്തലുകൾ: 2011, 2012, 2013, 2016 വർഷങ്ങളിൽ 200 ആഴ്ചത്തെ മൂവിംഗ് ആവറേജ് നിലവാരത്തിൽ നിന്ന് സൂചിക ശക്തമായി തിരിച്ചുകയറി.
ആഗോള പ്രതിസന്ധികൾ: 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും 2020-ലെ കോവിഡ് തകർച്ചയിലും മാത്രമാണ് ഈ നിലവാരത്തിന് താഴെ വിപണി കൂടുതൽ സമയം വ്യാപാരം നടത്തിയത്.
സെപ്റ്റംബർ 29-ന് ഇൻട്രാഡേ വ്യാപാരത്തിൽ നിഫ്റ്റി 22,569 വരെ താഴ്ന്ന് 200 ആഴ്ചത്തെ മൂവിംഗ് ആവറേജ് നിലവാരം പരീക്ഷിച്ചിരുന്നു. സെപ്റ്റംബർ 30-നും വെല്ലുവിളി ആവർത്തിച്ചു. നിലവിൽ 22,800 എന്ന നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത പ്രധാന പ്രതിരോധ നിലവാരം.
"എല്ലാ ഘടകങ്ങളും പ്രതികൂലമല്ല. ഓഹരികളുടെ മൂല്യമതിപ്പിൽ (Valuation) കാര്യമായ തിരുത്തൽ വന്നിട്ടുണ്ട്. വ്യവസായ ഉത്പാദനം, നഗര ഉപഭോഗം, ജി.ഡി.പി വളർച്ച തുടങ്ങിയ ആഭ്യന്തര ഘടകങ്ങൾ ശക്തമായി തുടരുന്നു. ചില ഫണ്ടമെന്റൽ, ജിയോപൊളിറ്റിക്കൽ ഘടകങ്ങളിൽ അടിയൊഴുക്ക് തുടരുന്നുണ്ട്. ഇക്കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നാൽ വിപണിയിൽ ഒരു തിരിച്ചുവരവിനുള്ള സാധ്യത തള്ളിക്കളയാനും ആകില്ലെന്ന്," ഹാർനെസ് ഫിൻ വെൽത്തിലെ ചീഫ് സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ അനീഷ് ചന്ദ്രൻ സി.വി. പറഞ്ഞു.
"വിപണിയിലെ ഈ അനിശ്ചിതത്വത്തിൽ പരിഭ്രാന്തരാകാതെ അച്ചടക്കത്തോടെയുള്ള സമീപനമാണ് റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യം. താഴേത്തട്ട് പ്രവചിക്കാൻ ശ്രമിക്കാതെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP) കൃത്യമായി തുടരുക, ഉയർന്ന മൂല്യമതിപ്പിലുള്ള സെക്ടറുകളിൽ അമിത നിക്ഷേപം ഒഴിവാക്കുക, മികച്ച അടിത്തറയുള്ള ലാർജ്-ക്യാപ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉചിതമെന്നും അനീഷ് ചന്ദ്രൻ സി.വി. കൂട്ടിച്ചേർത്തു.
(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും ഓഹരി/മ്യൂച്വൽ ഫണ്ട് വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)
Read DhanamOnline in English
Subscribe to Dhanam Magazine