പ്രതീകാത്മക ചിത്രം Image Source: Canva
Markets

നിഫ്റ്റിയിൽ ബ്രേക്ക്‌ഔട്ട് സൂചനകൾ; അടുത്ത ആഴ്ച വിപണി കുതിച്ചുയരുമോ?

24,425 പരിധി ഭേദിച്ച് നിഫ്റ്റി ബുള്ളിഷ് ബ്രേക്ക്‌ഔട്ടിലേക്ക്; എ.ഡി.എക്സ് ദുർബലമായിട്ടും ഒന്നാംപാദ ഫലങ്ങളും പണപ്പെരുപ്പ ഡാറ്റയും അടുത്ത ആഴ്ചയിൽ വിപണി ദിശ നിർണയിക്കാൻ ഒരുങ്ങുന്നു

Balachandran Viswaram (Balachandran RV)

നിഫ്റ്റി കഴിഞ്ഞ എട്ട് ആഴ്ചകളായി കുടുങ്ങിയിരുന്ന 24,425–23,793 പരിധി ഭേദിച്ച് 24,425 ന് മുകളിലേക്ക് ക്ലോസ് ചെയ്തതോടെ ബുള്ളിഷ് ബ്രേക്ക്‌ഔട്ട് സൂചനകൾ ശക്തമായി. എങ്കിലും എ.ഡി.എക്സ് 14.36 എന്ന താഴ്ന്ന നിലയിൽ തുടരുന്നത് ട്രെൻഡിന്റെ ശക്തി പരിമിതമാണെന്നു കാണിക്കുന്നു. അടുത്ത ആഴ്ച കോർപറേറ്റ് Q1 ഫലങ്ങൾ, ആഭ്യന്തര-ആഗോള പണപ്പെരുപ്പ ഡാറ്റ, ഐ.പി.ഒ ലിസ്റ്റിംഗുകൾ എന്നിവ വിപണി ദിശ നിർണയിക്കും.

Nifty Stance: Bullish

തൊട്ടുമുമ്പത്തെ ആഴ്ചയിലെ (ജൂലൈ 27-31) വിപണി വിലയിരുത്തലുകൾ ശരിവെച്ചുകൊണ്ട് നേട്ടത്തോടെയാണ് ഈ കടന്നുപോകുന്ന ആഴ്ചയിൽ (ഓ​ഗ​സ്റ്റ് 3-7) എൻ.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ച കാലയളവിൽ 187 പോയിന്റ് (0.77%) ഉയർന്ന് സൂചിക മുന്നേറിയതിനേക്കാൾ പ്രധാനം 24,425 എന്ന നിലവാരം ഭേദിച്ചുകൊണ്ടുള്ള ബ്രേക്ക്‌ഔട്ട് (Breakout) കുതിപ്പാണ്. കഴിഞ്ഞ 8 ആഴ്ചകളായി 24,425 — 23,793 എന്ന പരിധിക്കുള്ളിൽ തുടർന്ന നിഫ്റ്റി സൂചിക, ഉയർന്ന റെസിസ്റ്റൻസ് നിലവാരത്തിന് (24,425) മുകളിൽ ക്ലോസ് ചെയ്തത് കൂടുതൽ മുന്നേറ്റത്തിനുള്ള സാധ്യതയെയാണ് (Bullish) സൂചിപ്പിക്കുന്നത്.

ടെക്നിക്കൽ അനാലിസിസ്

പ്രധാന ടെക്നിക്കൽ സൂചകകങ്ങളിലൊന്നായ എ.ഡി.എക്സ് (ADX), നിലവിൽ 14.36 എന്ന താഴ്ന്ന നിലവാരത്തിലാണുള്ളത്. ഇത് വിപണിയിൽ ഇപ്പോൾ പ്രകടമാകുന്ന ട്രെൻഡിന്റെ ശക്തിക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. എ.ഡി.എക്സ് 20-ന് മുകളിലേക്ക് ഉയർന്നാൽ മാത്രമേ വിപണിയിൽ അതിവേഗ മുന്നേറ്റം പ്രതീക്ഷിക്കാനാകൂ. അതേസമയം ഫാസ്റ്റ് ഇ.എം.എ (താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലെ നീല രേഖ), സ്ലോ ഇ.എം.എയ്ക്ക് (പച്ച രേഖ) മുകളിൽ തുടരുന്നത് ബുള്ളിഷ് ട്രെൻഡ് ശക്തിപ്പെടുന്നതിന്റെ ആശ്വാസകരമായ ലക്ഷണമായി കരുതാം. ഇതിനിടെ, പുതിയ ക്ലോസിംഗ് ഓക്ഷൻ സെഷൻ (CAS) നിയമങ്ങൾ നടപ്പിലാക്കിയതു കാരണം ഇക്കഴിഞ്ഞയാഴ്ചയിൽ വിപണിയുടെ ഓപ്പണിംഗ് ഘട്ടത്തിൽ ചെറിയ ചാഞ്ചാട്ടങ്ങളും നിഫ്റ്റി-സെൻസെക്സ് സൂചികകളിൽ വിപരീത ദിശയിലുള്ള മാറ്റങ്ങളും ദൃശ്യമായിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ആഴ്ച ചേർന്ന ആർ.ബി.ഐ പണനയ സമിതിയുടെ (MPC) അവലോകന യോ​ഗത്തിൽ അടിസ്ഥാന പലിശ നിരക്കുകളിലൊന്നായ റീപ്പോ നിരക്കുകൾ 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. അതോടൊപ്പം നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ജി.ഡി.പി വളർച്ചാ അനുമാനം 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തുകയും പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുകയും ചെയ്തത് വിപണിക്ക് അനുകൂല ഘടകമാണ്.

നിഫ്റ്റി ടെക്നിക്കൽ ചാർട്ട്

അടുത്ത ആഴ്ച (ഓ​ഗ​സ്റ്റ് 10-14) ശ്രദ്ധിക്കേണ്ട 4 പ്രധാന കാര്യങ്ങൾ

  • ഒന്നാം പാദഫലങ്ങൾ: പ്രമുഖ കോർപറേറ്റ് കമ്പനികളായ വോഡഫോൺ ഐഡിയ, ബോഷ് (Bosch Ltd), ഭാരത് ഫോർജ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (HAL), ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽ, അശോക് ലെയ്‌‍ലാൻഡ് തുടങ്ങിയവരുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ പ്രവർത്തന ഫലങ്ങൾ (Q1 FY27) പുറത്തുവരുന്നുണ്ട്.

  • സാമ്പത്തിക ഡാറ്റകൾ: ഇന്ത്യയിലെ സി.പി.ഐ/ഡബ്ല്യു.പി.ഐ അധിഷ്ഠിത പണപ്പെരുപ്പ കണക്കുകൾ, വിദേശനാണ്യ ശേഖരം. കൂടാതെ യു.എസ് പണപ്പെരുപ്പ നിരക്കുകൾ, യു.കെ, യൂറോസോൺ എന്നിവിടങ്ങളിലെ ജി.ഡി.പി വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

  • ഐ.പി.ഒ ലിസ്റ്റിംഗ്: അനവിൽ വയർ & എൻജിനീയറിംഗ് (ഓഗസ്റ്റ് 10; NSE-SME), ഏജിയസ് ടെക്നോളജീസ് (ഓഗസ്റ്റ് 11; BSE-SME), ആർഡി ഇൻഡസ്ട്രീസ് (ഓ​ഗ​സ്റ്റ് 12; BSE/NSE), ജി.വി ഇലക്ട്രിക്കൽസ് (ഓഗസ്റ്റ് 12; BSE-SME).

നിഫ്റ്റി പ്രധാന നിലവാരങ്ങൾ:

  • പ്രതിരോധ നിലവാരങ്ങൾ (Resistance) ---------► 24,613 — 24,740 — 24,880

  • പിന്തുണ നിലവാരങ്ങൾ (Support) ---------► 24,425 — 24,335 — 24,192

24,425 എന്ന നിലവാരത്തിന് മുകളിലുള്ള ക്ലോസിംഗ് വിപണിയിൽ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഉയർന്ന നിലവാരങ്ങളിലുള്ള പ്രതിരോധ കടമ്പകൾ (Resistance levels) ശ്രദ്ധിച്ച് വേണം അടുത്ത ആഴ്ചയിൽ (ഓ​ഗ​സ്റ്റ് 10-14) ട്രേഡിംഗ് തീരുമാനങ്ങൾ സ്വീകരിക്കേണ്ടത്.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT