യു.എസ്–ഇറാൻ സംഘർഷ ഭീഷണിയെ തുടർന്ന് ഈ മാസമാദ്യം നേരിട്ട നഷ്ടം ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിലൂടെ ഇന്ത്യൻ വിപണി തിരികെപിടിച്ചു. നിഫ്റ്റി സൂചിക 24,334-ൽ ക്ലോസ് ചെയ്തുകൊണ്ട് ബുള്ളിഷ് മാരുബോസു കാൻഡിൽ രേഖപ്പെടുത്തി. ഇ.എം.എ ക്രോസ്ഓവർ വിപണിയെ കുറിച്ച് ന്യൂട്രൽ കാഴ്പ്പാട് നൽകുന്നതിനൊപ്പം നേരിയ ബുള്ളിഷ് സാധ്യതയും സൂചിപ്പിക്കുന്നു. എ.ഡി.എക്സ് ഇൻഡിക്കേറ്റർ 11-ൽ നിൽക്കുന്നത് ശക്തമായ ട്രെൻഡ് ഇനിയും രൂപപ്പെട്ടിട്ടില്ലെന്ന സന്ദേശം നൽകുന്നു.
പശ്ചിമേഷ്യയിൽ ഇറാനെതിരായ സൈനിക നടപടികൾ ശക്തമാക്കിയേക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെത്തുടർന്ന് തൊട്ടുമുമ്പത്ത വ്യാപാര ആഴ്ചയ്ക്കിടെ (ജൂലൈ 6-10) ഇന്ത്യൻ ഓഹരി വിപണിയിൽ നേരിട്ട തകർച്ച പൂർണമായും മറികടന്നുകൊണ്ടാണ് ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയ്ക്ക് (ജൂലൈ 13-17) പരിസമാപ്തി കുറിച്ചത്.
ഇതോടെ ട്രംപിന്റെ യുദ്ധ പ്രസ്താവനയ്ക്ക് മുൻപുള്ള ജൂലൈ 6-ലെ അതേ ഉയർന്ന നിലവാരത്തിലേക്ക് പ്രധാന ഓഹരി സൂചികകൾ മടങ്ങിയെത്തുകയും ചെയ്തു. നിലവിലെ യു.എസ്—ഇറാൻ സംഘർഷം വിപണി പൂർണമായും ഉൾക്കൊണ്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) രാവിലെ വിപണി ഗ്യാപ്പ്-ഡൗണിലാണ് (തൊട്ടു മുമ്പത്തെ ദിവസത്തേക്കാൾ നഷ്ടത്തോടെ) വ്യാപാരം ആരംഭിച്ചതെങ്കിലും, വെള്ളിയാഴ്ചത്തെ (ജൂലൈ 17) വ്യാപാരത്തിനൊടുവിൽ എൻ.എസ്.ഇയുടെ പ്രധാന ഓഹരി സൂചികയായ നിഫ്റ്റി 127 പോയിന്റ് (0.53%) നേട്ടം കരസ്ഥമാക്കി 24,334 എന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇതോടെ നിഫ്റ്റിയുടെ പ്രതിവാര ടെക്നിക്കൽ ചാർട്ടിൽ ഒരു 'ബുള്ളിഷ് മാരുബോസു' (Bullish Marubozu) കാൻഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിഫ്റ്റിയുടെ ചാർട്ടിൽ രൂപപ്പെട്ട ഇ.എം.എ ക്രോസ്ഓവർ (EMA Crossover), സൂചികയിലെ ഇപ്പോഴത്തെ ട്രേഡിംഗ് പശ്ചാത്തലം ഒരു 'ന്യൂട്രൽ' (Neutral) അവസ്ഥയിലെന്നാണ് കാണിക്കുന്നത്. എന്നിരുന്നാലും വരും ദിവസങ്ങളിൽ മുന്നേറ്റത്തിനുള്ള നേരിയ ബുള്ളിഷ് (Bullish) ട്രെൻഡിനുള്ള സാധ്യതയുണ്ട്. നിഫ്റ്റിയുടെ ചാർട്ടിലെ ഫാസ്റ്റ് ഇ.എം.എ (Fast EMA - താഴെ നൽകിയിട്ടുള്ള ചാർട്ടിലെ ബ്ലൂ ലൈൻ), സ്ലോ ഇഎംഎ-യ്ക്ക് (Slow EMA - ഗ്രീൻ ലൈൻ) മുകളിലേക്ക് ക്രോസ് ചെയ്തിട്ടുണ്ട് (താഴെ നൽകിയിട്ടുള്ള ചാർട്ടിലെ Green Arrow Marker).
അതുപോലെ ട്രെൻഡിന്റെ ശക്തി വെളിവാക്കുന്ന പ്രധാന ടെക്നിക്കൽ ഇൻഡിക്കേറ്ററായ എ.ഡി.എക്സ് (ADX Indicator), നിലവിൽ 11-ന് സമീപമാണ്. ഇത് വിപണി ഏതെങ്കിലുമൊരു വ്യക്തമായ ദിശയിലേക്ക് നീങ്ങാനുള്ള പ്രവണത (Non-directional trend) ഇപ്പോഴില്ലെന്നാണ് സൂചിപ്പിക്കുന്നത്. എ.ഡി.എക്സ് 20-ന് മുകളിലേക്ക് ഉയർന്നാൽ മാത്രമേ വിപണിയിൽ ശക്തമായ ഒരു കുതിപ്പോ (Rally) തകർച്ചയോ (Breakdown) പ്രതീക്ഷിക്കാനാകൂ.
ഇക്കഴിഞ്ഞ ആഴ്ചയിലെ വ്യാപാരത്തിനൊടുവിൽ 24,334-ലാണ് നിഫ്റ്റി സൂചികയുടെ ക്ലോസിംഗ് കുറിച്ചത്. ഇവിടെ നിന്നും നിഫ്റ്റി ഇനിയും മുന്നേറാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ 24,425—24,613—24,740 തുടങ്ങിയ നിലവാരങ്ങളിൽ നിന്നും പ്രതിരോധം (resistance levels) നേരിടേണ്ടി വന്നേക്കാം. മറിച്ച് വിപണിയിൽ വിൽപ്പന സമ്മർദം തുടരുകയും സൂചിക വീണ്ടും താഴേക്ക് വീഴുകയുമാണെങ്കിൽ 24,335—24,192—23,925 തുടങ്ങിയ നിലവാരങ്ങളിൽ നിന്നും പിന്തുണ (support levels) ലഭിച്ചേക്കുമെന്നും പ്രതീക്ഷിക്കാം.
കോർപ്പറേറ്റ് പാദഫലങ്ങൾ: അടുത്ത ആഴ്ച വിപണിയുടെ ഗതി നിർണയിക്കുന്നതിൽ പ്രമുഖ കമ്പനികളുടെ ഒന്നാം സാമ്പത്തിക പാദത്തിലെ (Q1 FY27) പ്രവർത്തന ഫലങ്ങൾ (Corporate Earnings) വലിയ പങ്കുവഹിക്കും. ഇൻഫോസിസ്, അൾട്രാടെക് സിമന്റ്സ്, പേടിഎം, ബജാജ് ഓട്ടോ, അദാനി എനർജി സൊലൂഷൻസ്, ടി.വി.എസ് മോട്ടോർ, അദാനി പവർ, ശ്രീറാം ഫിനാൻസ്, സിപ്ല, എറ്റേണൽ, നെസ്‌ലെ, ബി.പി.സി.എൽ, ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്സ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഇന്റർഗ്ലോബ്, സിപ്ല, അദാനി ഗ്രീൻ, ജിൻഡാൽ സ്റ്റീൽ തുടങ്ങിയ പ്രമുഖ കോർപറേറ്റ് കമ്പനികൾ ഏപ്രിൽ - ജൂൺ ത്രൈമാസ കാലയളവിലെ പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിക്കും.
ആഭ്യന്തര സാമ്പത്തിക ഡാറ്റകൾ: ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഔട്ട്പുട്ട്, ബാങ്ക് വായ്പ-നിക്ഷേപ വളർച്ചാ നിരക്കുകൾ, വിദേശനാണ്യ ശേഖരം (FX Reserves) എന്നിവ നിക്ഷേപകർ നിരീക്ഷിക്കേണ്ടതുണ്ട്.
ആഗോള സാമ്പത്തിക ഡാറ്റകൾ: യു.കെ പണപ്പെരുപ്പ നിരക്ക് (UK CPI), യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് തീരുമാനം, യു.എസ് തൊഴിലില്ലായ്മ നിരക്കുകൾ എന്നിവയുടെ വാർത്തകളും പിന്തുടരുക.
പ്രധാന ഐ.പി.ഒ ഓഹരി ലിസ്റ്റിംഗുകൾ: വരുന്ന ആഴ്ചയിൽ ഐ.പി.ഒ നടപടികൾ പൂർത്തിയാക്കി മൂന്ന് പ്രമുഖ കമ്പനികളുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിപണിയിൽ ലിസ്റ്റ് ചെയ്യും. ഇതിൽ ആൽപൈൻ ടെക്സ്‌വേൾഡ് (Alpine Texworld), എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് (SBI Funds Management) എന്നിവ ജൂലൈ 21-ന് ബി.എസ്.ഇ, എൻ.എസ്.ഇ എക്സ്ചേഞ്ചുകളിൽ അരങ്ങേറ്റം കുറിക്കും. മിൽവർക്സ് ടെക്നോളജീസ് (Millworks Technologies) ബി.എസ്.ഇയുടെ എസ്.എം.ഇ പ്ലാറ്റ്ഫോമിലും ലിസ്റ്റ് ചെയ്യുന്നതായിരിക്കും.
(Disclaimer: വിപണിയുടെ ഭാവിഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അംഗീകൃത അനലിസ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine