Markets

ആഗോള മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് തിളക്കം കുറവ്; ഒരു വര്‍ഷം കൊണ്ട് എന്താണ് സംഭവിച്ചത്?

ഒരു വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ മാര്‍ക്കറ്റ് ആഗോള തലത്തില്‍ തന്നെ ഉയര്‍ന്ന റിട്ടേണ്‍ നല്കുന്നതായിരുന്നു. ജപ്പാന്‍, ഹോങ്കോംഗ്, ചൈന, യുകെ, ദക്ഷിണകൊറിയ വിപണികളേക്കാള്‍ ആകര്‍ഷകവുമായിരുന്നു

Dhanam News Desk

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റം, അനിശ്ചിതത്വം, കോര്‍പറേറ്റ് ലോകത്തെ മോശം പ്രകടനം... ഇന്ത്യന്‍ ഓഹരി വിപണിക്ക് അത്രയൊന്നും മികച്ചതല്ല 2025. ഒരു വര്‍ഷം മുമ്പ് ആഗോള തലത്തില്‍ ഏറ്റവും മികച്ച റിട്ടേണ്‍ കിട്ടുന്ന വിപണികളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇന്ത്യയുണ്ടായിരുന്നു. എന്നാല്‍ വര്‍ഷമൊന്ന് പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി നിറംമങ്ങിയ അവസ്ഥയിലാണ്. കാരണങ്ങള്‍ താല്ക്കാലികമെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് സാരമായ കോട്ടം സംഭവിച്ചിട്ടുണ്ട്.

വലിയ പതനത്തില്‍ നിന്ന് ഇന്ത്യന്‍ വിപണി കരകയറുന്നുവെന്നാണ് ഐ.സി.ഐ.സി.ഐ പ്രതിമാസ വിപണി അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോര്‍പറേറ്റ് വരുമാനത്തിലെ വര്‍ധന, ആഭ്യന്തര വിപണിയില്‍ ക്രയവിക്രയം വര്‍ധിച്ചത്, ജിഎസ്ടി പരിഷ്‌കാരവും ആദായനികുതിയിലെ ആശ്വാസവുമെല്ലാം വിപണിക്ക് തിരിച്ചുവരവിന്റെ വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വിപണിയുടെ പ്രകടനം

നിഫ്റ്റി 50ല്‍ 2024 നവംബറില്‍ ഒരു വര്‍ഷത്തെ റിട്ടേണ്‍ 22 ശതമാനമായിരുന്നു. നിഫ്റ്റി100 31 ശതമാനവും മിഡ്ക്യാപ് 150ല്‍ 42 ശതമാനവുമായിരുന്നു ഒരു വര്‍ഷം മുമ്പുവരെയുള്ള റിട്ടേണ്‍. എന്നാലിത് 5 ശതമാനമോ അതില്‍ താഴെയോ ആകുന്നതിനാണ് ഈ വര്‍ഷം നവംബര്‍ വരെയുള്ള ഒരു വര്‍ഷം സാക്ഷ്യം വഹിച്ചത്. നിഫ്റ്റി സ്‌മോള്‍ക്യാപ് 250 450ല്‍ നിന്ന് -5ലേക്ക് റിട്ടേണ്‍ ഇടിഞ്ഞു. ഓഹരി വിപണിയിലെ നിക്ഷേപം അനാകര്‍ഷകമായതോടെ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിലും കുറവു വന്നു തുടങ്ങി.

എന്താണ് കാരണങ്ങള്‍?

ഒരു വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ മാര്‍ക്കറ്റ് ആഗോള തലത്തില്‍ തന്നെ ഉയര്‍ന്ന റിട്ടേണ്‍ നല്കുന്നതായിരുന്നു. ജപ്പാന്‍, ഹോങ്കോംഗ്, ചൈന, യുകെ, ദക്ഷിണകൊറിയ വിപണികളേക്കാള്‍ ആകര്‍ഷകവുമായിരുന്നു. യുഎസ്, തായ്‌വാന്‍ വിപണികള്‍ മാത്രമായിരുന്നു ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്ന വിപണികള്‍.

എന്നാല്‍ ഇപ്പോള്‍ ആഗോള വിപണികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന മാര്‍ക്കറ്റുകളിലൊന്നായി ഇന്ത്യ മാറി. യുഎസ്, ചൈന, റഷ്യ, യുകെ, ഹോംഗ്‌കോംഗ് വിപണികളെല്ലാം 10-20 ശതമാനം റിട്ടേണ്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നല്കി. ജപ്പാനും ദക്ഷിണകൊറിയയും ഇതിലും മികച്ച റിട്ടേണും നല്കുന്നു.

നിഫ്റ്റി50, ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്‌മോള്‍ക്യാപ് ഓഹരികളുടെ മൂല്യം ഉയരത്തില്‍ നില്‍ക്കുന്നത് മോശം പ്രകടനത്തിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കോര്‍പറേറ്റ് ഫലങ്ങള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദം മുതല്‍ താഴേക്കാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രം നടപ്പിലാക്കിയ ആദായനികുതി, ജിഎസ്ടി പരിഷ്‌കാരണങ്ങളുടെ ഫലം കണ്ടു തുടങ്ങിയതേയുള്ളൂ. വരും പാദങ്ങളില്‍ ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT