Markets

നൈക്കിക്ക് വന്‍ വീഴ്ച, ഓഹരി കൂപ്പുകുത്തിയത് 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, വിപണി മൂല്യത്തില്‍ നഷ്ടം ₹17 ലക്ഷം കോടി

സെപ്റ്റംബർ മുതൽ തിരിച്ചടി; ഒലിച്ചുപോയത് ബോണസ് റാലിയടക്കം കൈവശം വെച്ചിരുന്ന ലാഭം. സ്റ്റേജ് 4 ഇടിവിലെന്ന താക്കീതുമായി വിദഗ്ധർ

Dhanam News Desk

ആഗോള സ്‌പോര്‍ട്‌സ്‌വെയര്‍ ഭീമനായ നൈക്കിയുടെ ഓഹരി വില 12 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. 2021ലെ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്ന് ഏകദേശം 78 ശതമാനം ഇടിവ് രേഖപ്പെടുത്തി, വിപണി മൂല്യത്തില്‍ 16.8 ലക്ഷം കോടി രൂപയോളം ഒലിച്ചുപോയി. ജെപി മോര്‍ഗന്റെ റേറ്റിംഗ് താഴ്ച, സ്റ്റേജ് 4 ഇടിവ്, ചൈനീസ് വിപണിയിലെ കടുത്ത മത്സരം എന്നിവ നൈക്കിക്ക് വലിയ വെല്ലുവിളികളായി.

ആഗോള സ്‌പോര്‍ട്‌സ്‌വെയര്‍ ഭീമനായ നൈക്കിയുടെ (Nike - $NKE) ഓഹരി വില 12 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ട്രേഡിംഗിനിടെ ഓഹരി വില 4.1 ശതമാനം ഇടിഞ്ഞ് 39.06 ഡോളറിലെത്തി. ഒരുവേള ഓഹരി വില 38.86 ഡോളര്‍ വരെ താഴേക്ക് പോയിരുന്നു.

2021-ലെ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്ന് ഏകദേശം 78 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില, 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് ഒലിച്ചുപോയതാകട്ടെ 200 ബില്യണ്‍ ഡോളറിലധികവും (ഏകദേശം 16.8 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നൈക്കി ഓഹരികളില്‍ 48 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്റ്റേജ് 4 തകര്‍ച്ചയെന്ന് നിരീക്ഷണം

വിപണി വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് നൈക്കി ഓഹരികള്‍ ഇപ്പോള്‍ 'സ്റ്റേജ് 4' (Stage 4) ഇടിവിലാണ്. തുടര്‍ച്ചയായ വില്‍പന സമ്മര്‍ദ്ദവും ദീര്‍ഘകാലമായുള്ള ഡൗണ്‍ട്രെന്‍ഡുമാണ് സ്റ്റേജ് 4 കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എതിരാളികളായ ഓണ്‍ ഹോള്‍ഡിംഗ് എജി (On Holding AG) പുറത്തുവിട്ട പ്രതീക്ഷയ്‌ക്കൊത്തുയരാത്ത വരുമാന കണക്കുകളും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ നൈക്കിയുടെ റേറ്റിംഗ് താഴ്ത്തിയതുമാണ് ഓഹരികളില്‍ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമായത്.

പ്രീമിയം സ്‌പോര്‍ട്‌സ്‌വെയര്‍ മേഖലയിലെ പ്രധാന കമ്പനിയായ ഓണ്‍ ഹോള്‍ഡിംഗ് രണ്ടാം പാദത്തില്‍ 1.076 ബില്യണ്‍ ഡോളറിന്റെ വില്‍പനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിശകലന വിദഗ്ധര്‍ കണക്കാക്കിയിരുന്ന 1.110 ബില്യണ്‍ ഡോളറിലേക്ക് എത്താന്‍ കമ്പനിക്ക് സാധിച്ചില്ല. കൂടാതെ, 2026 സാമ്പത്തിക വര്‍ഷത്തിലെ മുഴുവന്‍ സമയ വരുമാന ലക്ഷ്യം 4.39 ബില്യണ്‍ ഡോളറിനും 4.50 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കുമെന്ന കമ്പനിയുടെ ജാഗ്രതാ മുന്നറിയിപ്പും വിപണിയെ നിരാശപ്പെടുത്തി. ഇത് സ്‌പോര്‍ട്‌സ്വെയര്‍ ഉല്‍പന്നങ്ങളുടെ ആഗോള ആവശ്യകതയില്‍ കുറവുണ്ടാകുന്നുവെന്ന ആശങ്ക ശക്തമാക്കി.

റേറ്റിംഗ് താഴ്ചയും നേതൃമാറ്റവും

ഇതിനിടെ നൈക്കിയുടെ ഓഹരി റേറ്റിംഗ് ജെപി മോര്‍ഗന്‍ 'ന്യൂട്രല്‍' എന്നതില്‍ നിന്ന് 'അണ്ടര്‍വെയ്റ്റ്' ആയി കുറച്ചതും ഓഹരിക്ക് തിരിച്ചടിയായി. കമ്പനി നടപ്പിലാക്കുന്ന 'വിന്‍ നൗ' (Win Now) സ്ട്രാറ്റജി ഭാവിയിലെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിലാണ് ജെ പി മോര്‍ഗന്റെ ഈ നടപടി.

കമ്പനിക്കുള്ളിലെ പ്രൊഫഷണല്‍ മാറ്റങ്ങളും നിക്ഷേപകരില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ചീഫ് അക്കൗണ്ടിംഗ് ഓഫീസറായ ജൊഹാന നീല്‍സണ്‍ സെപ്റ്റംബര്‍ 4-ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പകരം നിലവിലെ സിഎഫ്ഒ ഡേവിഡ് ഡെന്റണ്‍ താല്‍ക്കാലിക കോര്‍പ്പറേറ്റ് കണ്‍ട്രോളറായി ചുമതലയേല്‍ക്കും. കമ്പനി പുനഃസംഘടനയിലൂടെ കടന്നുപോകുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ മാറ്റം.

അമേരിക്കന്‍ ഓഹരി സൂചികകളായ എസ് ആന്‍ഡ് പി 500 (S&P 500) 0.4 ശതമാനവും ഡൗ ജോണ്‍സ് 0.5 ശതമാനവും ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, നൈക്കി ഓഹരികള്‍ വിപണിയിലെ പൊതുവായ തകര്‍ച്ചയേക്കാള്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ചൈനയിലെ ബിസിനസ് പുനഃസംഘടനയും വിപണിയിലെ തിരിച്ചുവരവിന്റെ വേഗതക്കുറവും നൈക്കി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.

മത്സരം ശക്തം

ചൈനീസ് വിപണിയില്‍ തദ്ദേശീയ ബ്രാന്‍ഡുകളായ ആന്റ സ്‌പോര്‍ട്‌സ്, ലി-നിംഗ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നൈക്കി നേരിടുന്നത്. ഓണ്‍ലൈന്‍ വില്‍പ്പനയിലെ ഇടിവും വര്‍ധിച്ച സ്റ്റോക്കും വരുമാനത്തെ സാരമായി ബാധിച്ചു.

ഓണ്‍ റണ്ണിംഗ് (On Running), ഹോക്ക (Hoka) തുടങ്ങിയ വളര്‍ന്നുവരുന്ന ബ്രാന്‍ഡുകള്‍ കായിക വിപണിയില്‍ നൈക്കിയുടെ വിഹിതം കവരുന്നതും തിരിച്ചടിയായി.

ഡയറക്ട്-ടു-കണ്‍സ്യൂമര്‍ (DTC) വില്‍പ്പന രീതിയിലേക്ക് മാറിയതും മൊത്തക്കച്ചവടക്കാരുമായുള്ള (Wholesale) പങ്കാളിത്തം കുറച്ചതും വില്‍പ്പനയില്‍ ഇടിവുണ്ടാക്കി.

ബ്രാന്‍ഡ് മൂല്യവും ജനപ്രീതിയും മാത്രം വിപണിയിലെ മികച്ച പ്രകടനത്തിന് ഉറപ്പുനല്‍കുന്നില്ലെന്നാണ് നൈക്കിയുടെ നിലവിലെ തകര്‍ച്ച വ്യക്തമാക്കുന്നത്. സാമ്പത്തിക അച്ചടക്കവും വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള തന്ത്രങ്ങളും ഇല്ലാതെ വന്‍കിട കമ്പനികള്‍ക്ക് പോലും ഓഹരി വിപണിയില്‍ ചുവടുപിഴയ്ക്കാമെന്നതിന്റെ ഉദാഹരണമായാണ് നിരീക്ഷകര്‍ നൈക്കിയുടെ ഓഹരി വീഴ്ചയെ ചൂണ്ടിക്കാട്ടുന്നത്.

Global sportswear leader Nike faces severe stock nose-dive amid JP Morgan downgrade and weak industry demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT