canva, facebook / nirmala sitharama
Markets

ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ

വിപണിയിൽ ചാഞ്ചാട്ടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ഭദ്രമാണെന്ന് കേന്ദ്ര ധനമന്ത്രി

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ താൽക്കാലിക തിരിച്ചടിയ്ക്കും മന്ദഗതിക്കും പ്രധാന കാരണം വിപണിയിലെ അമിതമായ പണലഭ്യതയും (Excess Liquidity) നിക്ഷേപകർക്ക് എളുപ്പത്തിൽ പണം പിൻവലിക്കാനുള്ള (Easy Exits) സൗകര്യവുമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബാങ്കോക്കിൽ നടന്ന ഐ.എം.എഫ് - വേൾഡ് ബാങ്ക് വാർഷിക യോഗങ്ങൾക്കിടെ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിപണിയിൽ ചാഞ്ചാട്ടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ (Fundamentals) ഭദ്രമാണെന്ന് മന്ത്രി പറഞ്ഞു.

നിക്ഷേപ ചോർച്ചയും ആഗോള കാരണങ്ങളും

ആഗോളതലത്തിൽ നിര്‍മ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയിലേക്കും അമേരിക്കൻ വിപണിയിലേക്കും വൻതോതിൽ മൂലധനം ഒഴുകുന്നത് മറ്റ് വിപണികളെ ബാധിക്കുന്നതായും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ എഐ മേഖലയിലൂടെ വിദേശ നിക്ഷേപം ആകർഷിക്കുമ്പോൾ, ഈ വർഷം ഇതുവരെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI) 33 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വ്യാപാര അനിശ്ചിതത്വങ്ങളും കാരണം ജനുവരി മുതൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളിൽ 12 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.

വിദേശ നിക്ഷേപകർ പണം പിൻവലിക്കുമ്പോഴും ആഭ്യന്തര നിക്ഷേപകരുടെയും (DII) റീട്ടെയിൽ നിക്ഷേപകരുടെയും സജീവ പങ്കാളിത്തം വിപണിക്ക് താങ്ങാവുന്നുണ്ട്.

ഇതു കൂടാതെ നഗര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി സ്വകാര്യ മൂലധനവും പൊതു നിക്ഷേപവും സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT