ഇന്ത്യയിലെ റീട്ടെയിൽ നിക്ഷേപ രംഗത്തെ മാറ്റിമറിച്ച ഓൺലൈൻ ഡിസ്കൗണ്ട് ബ്രോക്കിങ് സ്ഥാപനമാണ് സെറോധ (Zerodha). ഓഹരി വിതരണ ട്രേഡുകളിൽ 10 വർഷമായി സെറോധ 'സീറോ ബ്രോക്കറേജ്' വാഗ്ദാനം ചെയ്യുന്നു. ഈ സുപ്രധാന തീരുമാനം എടുത്തതിനെക്കുറിച്ച് സഹസ്ഥാപകനും സിഇഒയുമായ നിതിൻ കാമത്ത് വ്യക്തമാക്കിയിരിക്കുകയാണ്.
2015 നവംബറിൽ ബംഗളൂരു എയർപോർട്ടിൽ വെച്ച് സഹസ്ഥാപകനും സിടിഒയുമായ കൈലാഷ് നാധുമായുള്ള സംഭാഷണമാണ് ഈ വഴിത്തിരിവിന് കാരണമായത്. അവർ കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു. തങ്ങളുടെ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ 'കൈറ്റ്' (Kite) പുറത്തിറക്കിയതിന് ശേഷം, വെറും 'ആക്ടീവ് ട്രേഡർമാർക്ക്' മാത്രമുള്ള സ്ഥാപനം എന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുളള ശ്രമങ്ങളിലായിരുന്നു സെറോധ.
ബ്രോക്കറേജിലൂടെ നഷ്ടമാകുന്ന വരുമാനം ഏകദേശം കണക്കാക്കിയ ശേഷം, ഓഹരി നിക്ഷേപം സൗജന്യമാക്കാൻ "ഒരു തോന്നലിന്റെ പുറത്ത്" അന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിതിൻ കാമത്ത് പറയുന്നു. 2015 ഡിസംബർ 1 മുതൽ എല്ലാ ഓഹരി നിക്ഷേപങ്ങൾക്കും ബ്രോക്കറേജ് ഉണ്ടാകില്ലെന്ന് സെറോധ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ നീക്കം ഉപയോക്താക്കൾക്ക് ആയിരക്കണക്കിന് കോടികളുടെ ബ്രോക്കറേജ് ചെലവ് ലാഭിക്കാൻ സഹായിച്ചു.
സ്ഥാപനത്തിന്റെ പേരിന് പിന്നിലെ രഹസ്യവും നിതിൻ കാമത്ത് വെളിപ്പെടുത്തി. സെറോധ എന്ന പേര് "സീറോ ബ്രോക്കറേജ്" എന്നതിൽ നിന്ന് വന്നതല്ല. മറിച്ച്, "സീറോ" എന്ന ഇംഗ്ലീഷ് വാക്കും സംസ്‌കൃതത്തിലെ "രോധ" (തടസങ്ങൾ) എന്ന വാക്കും ചേർന്നാണ് ഈ പേര് രൂപീകരിച്ചത്. അതായത്, "തടസങ്ങളില്ലാത്തത്" (Zero Barriers) എന്ന ആശയമാണ് സെറോധ എന്ന പേര് പ്രതിഫലിക്കുന്നത്.
കൈറ്റ് ട്രേഡ് API-കൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഫീസ് ഈടാക്കല്‍, ഇക്വിറ്റി ഡെലിവറിയിൽ മാർജിൻ ലെൻഡിംഗ്, F&O, ഇൻട്രാഡേ ട്രേഡുകളിൽ ബ്രോക്കറേജ് എന്നിവയുൾപ്പെടെയുള്ള മറ്റ് വരുമാന സ്രോതസുകളാണ് സീറോ ബ്രോക്കറേജ് മോഡലിനെ പ്രായോഗികമാക്കുന്നതിനായി സെറോധ സ്വീകരിച്ചത്. സെറോധയുടെ സീറോ ബ്രോക്കറേജ് എന്ന ഈ തന്ത്രപരമായ നീക്കം ഉപയോക്തൃ അടിത്തറ വികസിപ്പിക്കാനും പുതിയ നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാനുള്ള തടസങ്ങൾ കുറയ്ക്കാനും സഹായകമായി.
Zerodha CEO Nithin Kamath reveals how the idea of zero brokerage was born and the story behind the name 'Zerodha'.
Read DhanamOnline in English
Subscribe to Dhanam Magazine