Linkedin / Nithin Kammath
Markets

കടമെടുത്തുള്ള ഓഹരി നിക്ഷേപത്തിൽ അപകടം; മാർജിൻ ഫണ്ടിംഗ് ബിസിനസ് ഭയാനകമാകുന്നത് എന്തുകൊണ്ടെന്ന് നിതിൻ കാമത്ത്

ഓഹരി വിപണിയിൽ വലിയൊരു ഇടിവുണ്ടായാൽ ഈ ലിവറേജ് ബിസിനസ് ബ്രോക്കർമാരെയും ഉപഭോക്താക്കളെയും ഒരുപോലെ തകർക്കും

Dhanam News Desk

മാർജിൻ ട്രേഡിംഗ് ഫെസിലിറ്റി (MTF) അഥവാ മാർജിൻ ഫണ്ടിംഗ് ബിസിനസിനെ 'ഭയാനകം' (Scary) എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സെറോദയുടെ (Zerodha) സ്ഥാപകൻ നിതിൻ കാമത്ത്. വിപണി മികച്ച രീതിയിൽ മുന്നേറുമ്പോൾ ലിവറേജിംഗ് അഥവാ കടമെടുത്ത് നിക്ഷേപിക്കുന്നത് മികച്ചതായി തോന്നാമെങ്കിലും വിപണിയിൽ പെട്ടെന്നൊരു തകർച്ചയുണ്ടായാൽ അത് വലിയ അപകടങ്ങൾ വരുത്തിവെക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

പ്രധാന ആശങ്കകളും കാരണങ്ങളും:

മാർക്കറ്റ് തകർച്ചയും റിസ്കും: ഇന്ത്യൻ ഓഹരി വിപണിയിൽ വലിയൊരു ഇടിവുണ്ടായാൽ ഈ ലിവറേജ് ബിസിനസ് ബ്രോക്കർമാരെയും ഉപഭോക്താക്കളെയും ഒരുപോലെ തകർക്കും. വിപണി മികച്ച രീതിയിൽ പോകുമ്പോൾ ലഭിക്കുന്ന ലാഭത്തേക്കാൾ അപകടകരമായിരിക്കും വിപണി താഴേക്ക് പോകുമ്പോഴുണ്ടാകുന്ന നഷ്ടം.

ലിവറേജ് പരിധി: സെബിയുടെ നിയമപ്രകാരം ബ്രോക്കർമാർക്ക് അവരുടെ അറ്റമൂല്യത്തിന്റെ (Net Worth) 5 ഇരട്ടിവരെ കടമെടുത്ത് ഈ ബിസിനസ് നടത്താൻ സാധിക്കും. സെറോദയ്ക്ക് നിലവിൽ മറ്റ് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെങ്കിലും, ലിവറേജ് മൂലമുണ്ടാകുന്ന വിപണിയിലെ വൻ തകർച്ച (Market Contagion) തങ്ങളെയും താഴേക്ക് വലിച്ചിഴച്ചേക്കാം എന്ന് അദ്ദേഹം ഭയപ്പെടുന്നു.

സെറോദയുടെ നിക്ഷേപ ബാധ്യത: നിലവിൽ സെറോദയുടെ മാർജിൻ ഫണ്ടിംഗ് ബുക്കിന്റെ വലിപ്പം 9,000 കോടി രൂപയാണ്. ഇതിൽ ഉപഭോക്താക്കൾ 6,000 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇത് സെറോദയുടെ മൊത്തം അറ്റമൂല്യത്തിന്റെ 25 ശതമാനത്തോളം വരും.

ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പ്

2024 ഡിസംബറിലാണ് സെറോദ മാർജിൻ ട്രേഡിംഗ് ബിസിനസ് ആരംഭിച്ചത്. നിലവിൽ ഇത് സെറോദയുടെ മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരുന്നുണ്ട്. എങ്കിലും ഭൂരിഭാഗം സാധാരണ ഉപഭോക്താക്കൾക്കും മാർജിൻ ഫണ്ടിംഗ് അനുയോജ്യമായ ഒരു നല്ല ഉൽപ്പന്നമല്ല എന്നാണ് കാമത്തിന്റെ അഭിപ്രായം. കടമെടുത്ത് നിക്ഷേപിക്കാൻ ആളുകളെ നിർബന്ധിക്കുന്നതിന് പകരം, ഇതിലടങ്ങിയിരിക്കുന്ന വലിയ നഷ്ടസാധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിപണിയിലെ നിലവിലെ സാഹചര്യം: ഇന്ത്യൻ ഓഹരി വിപണിയിലെ നിഫ്റ്റി 500 സൂചിക കഴിഞ്ഞ രണ്ട് വർഷമായി കാര്യമായ നേട്ടമുണ്ടാക്കാതെ ഒരേ നിലവാരത്തിൽ തുടരുകയാണ്. കൂടാതെ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷവും എണ്ണ ഇറക്കുമതിച്ചെലവിലെ വർദ്ധനവും കാരണം രൂപയുടെ മൂല്യം സമ്മർദ്ദത്തിലാണ്. വിദേശ നിക്ഷേപകർ (FIIs) വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിച്ചു. ഇത്തരം ഒരു ഘട്ടത്തിൽ വൻതോതിൽ പണം കടമെടുത്ത് ഓഹരികൾ വാങ്ങുന്നത് നിക്ഷേപകർക്ക് താങ്ങാനാവാത്ത വലിയ നഷ്ടം വരുത്തിവെക്കുമെന്നാണ് നിതിൻ കാമത്ത് ചൂണ്ടിക്കാണിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT