കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരിവിലയിലുണ്ടായ വലിയ മുന്നേറ്റത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്ന് കെമിക്കല്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ നീറ്റ ജെലാറ്റിന്‍ വ്യക്തമാക്കി. ഓഹരിവിലയെ സ്വാധീനിക്കുന്ന വെളിപ്പെടുത്താത്ത നടപടിക്രമങ്ങളൊന്നും കമ്പനിയുടെയോ മാനേജ്‌മെന്റിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഓഹരിവിലയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തേടിയ വിശദീകരണത്തിന് മറുപടിയായാണ് നീറ്റ ജലാറ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൂര്‍ണമായും വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് വിലയിലെ മാറ്റം. ഓഹരിവിലയെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടെങ്കില്‍ സെബിയുടെ (SEBI) ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയില്‍ പുറത്തുവിടാറുള്ളത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് കമ്പനി മൂന്നാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടിരുന്നു. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനക്കണക്കുകളാണ് പുറത്തുവിട്ടത്.
അറ്റാദായം 14.63 കോടി രൂപയില്‍ നിന്ന് 27.25 കോടി രൂപയായി മെച്ചപ്പെട്ടു. 2021-22ല്‍ വാര്‍ഷിക അറ്റാദായം എക്കാലത്തെയും ഉയരത്തിലെത്തിയിരുന്നു. ഇതിനെ മറികടക്കുന്ന നേട്ടം നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ തന്നെ കൈവരിച്ചു. ഇത് ഓഹരിനിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഓഹരിവില 862 രൂപയായി തിരുത്തലുണ്ടായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
വലിയ ചാഞ്ചാട്ടം
കഴിഞ്ഞ ഒരുമാസത്തിനിടെ വന്‍ ചാഞ്ചാട്ടത്തിനാണ് നീറ്റ ജെലാറ്റിന്‍ ഓഹരികള്‍ സാക്ഷിയായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഓഹരിവില 645 രൂപയിൽ നിന്ന് 47 ശതമാനം വര്‍ദ്ധിച്ച് 950 രൂപയിലെത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine