പ്രതീകാത്മക ചിത്രം (Image Source: Canva) 
Markets

എസ്.ഐ.പി ഒഴുക്ക് കുറഞ്ഞാലും ഇനി ഇന്ത്യൻ വിപണി വീഴില്ല; എൻ.പി.എസ് സൃഷ്ടിക്കുന്നത് പുതിയ അടിത്തറ; നിക്ഷേപ ഘടനയിൽ ചരിത്രപരമായ മാറ്റം

2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ ഇൻഷുറൻസ് സെക്ടറും എൻ.പി.എസ് പദ്ധതിയും മുഖേന റെക്കോഡ് തുകയായ 88,852 കോടി രൂപയാണ് ഓഹരി വിപണിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിൽ എസ്.ഐ.പി ഒഴുക്ക് കുറയുന്ന സാഹചര്യത്തിലും വിപണി തകർന്നുവീഴാത്തതിന് പിന്നിൽ എൻ.പി.എസ്, ഇൻഷുറൻസ് ഫണ്ടുകൾ എന്നിവയുടെ ദീർഘകാല നിക്ഷേപങ്ങളാണ്. 2026ന്റെ ആദ്യ പകുതിയിൽ മാത്രം 88,852 കോടി രൂപ ഈ മാർഗങ്ങളിൽ നിന്ന് വിപണിയിലേക്ക് ഒഴുകി. ലോക്ക്-ഇൻ നിബന്ധനകളും ശമ്പള ഡിഡക്ഷനുകളും മൂലം ഈ പണം സ്ഥിരതയാർന്ന അടിത്തറ സൃഷ്ടിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ റീട്ടെയിൽ നിക്ഷേപങ്ങളുടെ കാര്യത്തിൽ എല്ലാ മാസവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് മ്യൂച്വൽ ഫണ്ട് എസ്.ഐ.പി കണക്കുകളാണ്. എന്നാൽ, ഇതിനേക്കാൾ ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു വലിയ നിക്ഷേപ പ്രവാഹം നിശബ്ദമായി ഇവിടെ ഒഴുകിയെത്തുന്നുണ്ടെന്നതാണ് വസ്തുത.

2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ ഇൻഷുറൻസ് സെക്ടറും ദേശീയ പെൻഷൻ പദ്ധതിയും (എൻ.പി.എസ്) മുഖേന റെക്കോഡ് തുകയായ 88,852 കോടി രൂപയാണ് ഓഹരി വിപണിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. റീട്ടെയിൽ നിക്ഷേപങ്ങളുടെ തോത് ഓഹരി വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കുമ്പോൾ, പെൻഷൻ ഫണ്ടുകളിൽ നിന്നുള്ള പണം ദീർഘകാലാടിസ്ഥാനത്തിൽ വിപണിക്ക് വലിയൊരു ഘടനാപരമായ സ്ഥിരതയേകുന്നു.

എസ്‌.ഐ.പി സ്റ്റോപ്പേജ് റേഷ്യോയിലെ വർധനവ്

ഈ വർഷം ആദ്യ പകുതിയിലെ ഭൂരിഭാഗം മാസങ്ങളിലും പ്രതിമാസ എസ്.ഐ.പി നിക്ഷേപങ്ങൾ 30,000 കോടി രൂപയ്ക്ക് മുകളിൽ നിലനിന്നുവെങ്കിലും, പുതിയതായി എസ്.ഐ.പി അക്കൗണ്ടുകൾ ആരംഭിക്കുന്നതിനേക്കാൾ കൂടുതൽ അക്കൗണ്ടുകൾ നിർത്തലാക്കപ്പെടുന്ന പ്രവണത വിപണിയിൽ തലപൊക്കുകയുണ്ടായി.

2026 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എസ്.ഐ.പി സ്റ്റോപ്പേജ് റേഷ്യോ (SIP Stoppage Ratio) 100 ശതമാനത്തിന് മുകളിലെത്തി. അതായത്, പുതിയതായി രജിസ്റ്റർ ചെയ്തതിനേക്കാൾ കൂടുതൽ എസ്.ഐ.പികൾ ഈ മാസങ്ങളിൽ നിർത്തലാക്കപ്പെടുകയോ കാലാവധി പൂർത്തിയാക്കുകയോ ചെയ്തു. എന്നാൽ, എൻ.പി.എസ് നിക്ഷേപങ്ങളിൽ ഇത്തരം പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല. ശമ്പളത്തിൽ നിന്നുള്ള പ്രതിമാസ ഡിഡക്ഷനുകളിലൂടെയും കൃത്യമായ പ്രീമിയങ്ങളിലൂടെയും എത്തുന്ന ഈ പണം, ഓഹരി വിപണിയിൽ നിന്നുള്ള ദീർഘകാല നേട്ടം ലക്ഷ്യം വെച്ചുള്ളവയാണ്.

ലോക്ക്-ഇൻ കാലാവധിയുടെ ഗുണങ്ങൾ

നിക്ഷേപകർക്ക് ഒരൊറ്റ ക്ലിക്കിലൂടെ എപ്പോൾ വേണമെങ്കിലും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിർത്തലാക്കാൻ സാധിക്കും. എന്നാൽ എൻ.പി.എസ് നിക്ഷേപങ്ങൾക്ക് ശക്തമായ ലോക്ക്-ഇൻ വ്യവസ്ഥകളുണ്ട് (ഒരു നിശ്ചിത സമയത്തേക്ക് ഫണ്ട് പിൻവലിക്കാനോ വിൽക്കാനോ സാധിക്കാത്ത നിബന്ധന). നിലവിലെ മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്ക് (MSF) പ്രകാരം നിക്ഷേപം പിൻവലിക്കുന്നതിന് ചുരുങ്ങിയത് 15 വർഷമോ അല്ലെങ്കിൽ വിരമിക്കൽ പ്രായമോ — ഏതാണോ ആദ്യം വരുന്നത് — പൂർത്തിയാകേണ്ടതുണ്ട്. കൂടാതെ, ഇതിൽ നിന്നുള്ള തുക പ്രധാനമായും വലിയൊരു തുകയായോ (lump-sum) പെൻഷനായോ (annuity) മാത്രമേ പിൻവലിക്കാൻ സാധിക്കൂ. ഓഹരി വിപണിയിൽ വലിയ തിരുത്തൽ നേരിടുമ്പോൾ പെട്ടെന്ന് പണം പിൻവലിക്കാനുള്ള സാധ്യതകളെ എൻ.പി.എസിന്റെ ലോക്ക്-ഇൻ നിബന്ധന ഇല്ലാതാക്കുന്നു.

പുതിയ മാറ്റങ്ങളും വളർച്ചാ സാധ്യതകളും

രാജ്യത്തെ പെൻഷൻ പദ്ധതികളുടെ നിയന്ത്രണ ഏജൻസിയായ പി.എഫ്.ആർ.ഡി.എ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ പെൻഷൻ ഫണ്ടുകളുടെ വിപണിയിലെ സ്വാധീനം വർധിപ്പിക്കുന്നുണ്ട്. എം.എസ്.എഫ് മുഖനേ സർക്കാർ ഇതര വരിക്കാർക്ക് ഓഹരി വിപണിയിലെ നിക്ഷേപ വിഹിതം 100 ശതമാനം വരെ ഉയർത്താം എന്നതാണ് ഇതിൽ പ്രധാനം (പഴയ പരിധി: 75 ശതമാനമായിരുന്നു). കൂടാതെ, യൂലിപ് (ULIP), മാർക്കറ്റ് ലിങ്ക്ഡ് പെൻഷൻ പ്ലാനുകൾ ഒക്കെ പരമ്പരാഗത ഇൻഷുറൻസ് സ്കീമുകളേക്കാൾ ജനപ്രീതി നേടുന്നുമുണ്ട്.

ഈ ഘടകങ്ങളെല്ലാം ഒത്തുച്ചേർന്നാണ് ആഗോള സംഘർഷവും വിദേശ നിക്ഷേപകരിൽ നിന്നുള്ള കനത്ത വിൽപ്പന സമ്മർദവും ഉൾപ്പെടെയുള്ള വലിയ വെല്ലുവിളികൾ നേരിട്ടപ്പോഴും ആഭ്യന്തര വിപണിയെ താങ്ങിനിർത്തിയത്. ചുരുക്കത്തിൽ റീട്ടെയിൽ നിക്ഷേപകരുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറിമറിയുന്ന എസ്.ഐ.പി നിക്ഷേപങ്ങളേക്കാൾ, അപ്രതീക്ഷിത ചാഞ്ചാട്ടങ്ങളുടെ വേളയിൽ ഇന്ത്യൻ വിപണിക്ക് യഥാർത്ഥ കരുത്ത് പകരുന്നത് ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ ഭാ​ഗമായ എൻ.പി.എസും ഇൻഷുറൻസ് ഫണ്ടുകളുമാണെന്ന് പറയേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT