Image : Canva and NSDL 
Markets

സര്‍പ്രൈസായി ഇഷ്യു വില, എന്‍.എസ്.ഡി.എല്‍ ഐ.പി.ഒ നിക്ഷേപകര്‍ക്ക് നേട്ടമാകുമോ? ഗ്രേ മാര്‍ക്കറ്റ് വിലകള്‍ പറയുന്നതിങ്ങനെ

ജൂലൈ 30 മുതല്‍ നടക്കുന്ന ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് ₹4,000 കോടി

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ ഡെപ്പോസിറ്ററി ആയ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (National Securities Depository Limited/NSDL) പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offering/IPO) വില പ്രഖ്യാപിച്ചു. ലിസ്റ്റ് ചെയ്യാത്ത (Unlisted) വിപണിയില്‍ നിലവില്‍ ഓഹരി വ്യാപാരം നടത്തി വരുന്ന വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നതെന്നത് നിക്ഷേപകര്‍ക്ക് വലിയ സര്‍പ്രൈസ് ആയി.

ഓഹരി ഒന്നിന് 760-800 രൂപയാണ് ഇഷ്യു വില. ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റില്‍/ Grey Market) 1,025 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. ഇതുമായി നോക്കുമ്പോള്‍ 22 ശതമാനത്തോളം കുറവാണ് ഐ.പി.ഒ വില. ജൂണില്‍ ഗ്രേ മാര്‍ക്കറ്റ് വില 1,275 രൂപയ്ക്കടുത്തായിരുന്നു. ഐ.പി.ഒ പ്രഖ്യാപനത്തിനു ശേഷം വില ഇടിയുകയായിരുന്നു.

ഏറ്റവും ഉയര്‍ന്ന ഇഷ്യു വില പ്രകാരം 16,000 കോടി രൂപയാണ് എന്‍.എസ്.ഡി.എല്ലിന്റെ മൂല്യം കണക്കാക്കുന്നത്. ഐ.പി.ഒ വഴി മൊത്തം 4,000 കോടി രൂപയാണ് എന്‍.എസ്.ഡി.എല്‍ സമാഹരിക്കുന്നത്.

ഒ.എഫ്.എസ് മാത്രം

ജൂലൈ 30 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ നടക്കുന്ന ഐ.പി.ഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണ് ഉണ്ടാകുക. അതായത് നിലവിലെ ഓഹരി ഉടമകള്‍ അവരുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കും. അതല്ലാതെ പുതു ഓഹരികള്‍ വില്‍പ്പനയ്ക്കുണ്ടാകില്ല. മൊത്തം 5.01 കോടി ഓഹരികളാണ് ഒ.എഫ്.എസിലുണ്ടാകുക.

നിലവിലെ ഓഹരി ഉടമകളായ ഐ.ഡി.ബി.ഐ ബാങ്ക്, എന്‍.എസ്.ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.യു.യു.ടി.ഐ എന്നിവ ഓഹരികള്‍ വിറ്റഴിക്കും. ഐ.ഡി.ബി.ഐ 2.22 കോടി ഓഹരികളും എന്‍.എസ്.ഇ 1.8 കോടി ഓഹരികളുമാണ് ഐ.പി.ഒ വഴി വില്‍ക്കുക.

ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 18 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 18ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അതായത് ഏറ്റവും കുറഞ്ഞത് 14,400 രൂപ നിക്ഷേപിക്കണം.

എന്തുകൊണ്ട് ഇഷ്യു പ്രൈസ് താഴ്ത്തി?

അടുത്തിടെ നടന്ന എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐ.പി.ഒയുടെ പശ്ചാത്തലത്തിലാണ് ഇഷ്യു പ്രൈസ് കുറച്ചിരിക്കുന്നത്. ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ ഉണ്ടായിരുന്ന വിലയില്‍ നിന്ന് 40 ശതമാനം ഡിസ്‌കൗണ്ടോടെയാണ് എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പബ്ലിക് ഇഷ്യു നടത്തിയത്. അണ്‍ലിസ്റ്റഡ് വിപണിയില്‍ വില 1,250 രൂപയും ഇഷ്യു വില 740 രൂപയുമായിരുന്നു. ഇത് ഐ.പി.ഒ നടത്താനിരിക്കുന്ന മറ്റ് കമ്പനികളുടെയും ഓഹരി വിലയില്‍ തിരുത്തലുണ്ടാക്കാന്‍ ഇടയാക്കുകയായിരുന്നു. ജൂലൈ രണ്ടിന് എച്ച്.ഡി.ബി ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയേക്കാള്‍ 12.8 ശതാനം നേട്ടത്തോടെ 835 രൂപയിലാണ്. അണ്‍ലിസ്റ്റഡ് വിപണിയില്‍ ഓഹരി വാങ്ങിയവര്‍ക്ക് ഇതോടെ നഷ്ടം സംഭവിച്ചു.

മുമ്പും പല ഐ.പി.ഒകളും ഗ്രേ മാര്‍ക്കറ്റിലെ വിലയേക്കാള്‍ താഴ്ത്തി ഇഷ്യു വില നിശ്ചയിച്ചിട്ടുണ്ട്. ടാറ്റ ടെക്‌നോളജീസ്, എ.ജി.എസ് ട്രാന്‍സാക്ട്, യു.ടി.ഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി, പി.ബി ഫിന്‍ടെക് തുടങ്ങിയ കമ്പനികളുടെ വില ഗ്രേ മാര്‍ക്കറ്റ് വിലയേക്കാള്‍ താഴെയായിരുന്നു.

എന്‍.എസ്.ഡി.എല്‍ നിലവില്‍ 145-155 രൂപയോളം ഉയര്‍ന്നാണ് ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നത്. ഇതനുസരിച്ച് ഐ.പി.ഒയുടെ ഉയര്‍ന്ന വിലയേക്കാള്‍ 18 ശതമാനം ഉയര്‍ന്നായിരിക്കും ലിസ്റ്റിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്രേ മാര്‍ക്കറ്റ് വില ഒരു സൂചകം മാത്രമാണ്. യഥാര്‍ത്ഥ വില ഇതില്‍ നിന്ന് ഏറെ വ്യത്യാസത്തിലാകാനും ഇടയുണ്ട്.

NSDL IPO issue price set 22% lower than grey market rates, offering a potential edge for investors.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT