പ്രതീകാത്മക ചിത്രം‌ Image source: Canva/nseindia.com
Markets

എൻ.എസ്.ഇയുടെ പുതിയ ക്ലോസിംഗ് നിയമം തിരിച്ചടിയാകുമോ? യഥാർത്ഥ പരീക്ഷണം ഇന്നത്തെ വീക്കിലി എക്സ്പയറിയിൽ!

ഇന്നത്തെ വീക്കിലി ഓപ്ഷൻസ് എക്സ്പയറി പുതിയ ക്ലോസിംഗ് ഓക്ഷൻ സംവിധാനത്തിന്റെ വിശ്വാസ്യതയും സെറ്റിൽമെന്റിലെ സുതാര്യതയും തെളിയിക്കേണ്ട നിർണായക പരീക്ഷണമായി മാറുന്നു

Pintu Prakash

എൻ.എസ്.ഇയുടെ പുതിയ ക്ലോസിംഗ് ഓക്ഷൻ സെഷൻ നടപ്പാക്കിയ ആദ്യ ദിനത്തിൽ നിഫ്റ്റി സൂചിക അവസാന രണ്ട് മിനിറ്റിൽ 200 പോയിന്റ് കുതിച്ചുയർന്നത് വിപണിയെ ഞെട്ടിച്ചു. ബി.എസ്.ഇ സെൻസെക്സിൽ അത്ര വലിയ മാറ്റമില്ലാത്ത സാഹചര്യത്തിൽ, ഇന്നത്തെ എൻ.എസ്.ഇ വീക്കിലി ഓപ്ഷൻസ് എക്സ്പയറി ദിനം ഈ പുതിയ ക്ലോസിംഗ് സംവിധാനത്തിന്റെ സാധുതയും ക്യാഷ് സെറ്റിൽമെന്റിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമോ എന്നതും നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബിയുടെ (SEBI) പുതിയ ക്ലോസിംഗ് പ്രൈസ് മെക്കാനിസം (Closing Auction Session - CAS) നടപ്പാക്കിത്തുടങ്ങിയ തിങ്കളാഴ്ചത്തെ (ഓ​ഗ​സ്റ്റ് 3) വ്യാപാരത്തിലെ അവസാന ഘട്ടത്തിൽ, എൻ.എസ്.ഇ.യുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റിയിൽ (Nifty) കണ്ട അപ്രതീക്ഷിത 200 പോയിന്റിന്റെ വർധന വിപണിയെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. പുതിയ സംവിധാനം നടപ്പിലാക്കുമ്പോഴുള്ള കേവലം ചിന്താക്കുഴപ്പമോ അവ്യക്തതയോ ആയി കണ്ട് തള്ളിക്കളയാവുന്ന ഒന്നല്ല ഇത്.

കാരണം, ഈ പുതിയ ക്ലോസിം​ഗ് സംവിധാനത്തിന് കീഴിലുള്ള എൻ.എസ്.ഇ ഡെറിവേറ്റീവ് വിഭാ​ഗത്തിൽ നിന്നുള്ള ആദ്യത്തെ വീക്കിലി ഓപ്ഷൻസ് എക്സ്പെയറി (Weekly Options Expiry) ദിനമാണ് ഇന്ന് (ഓ​ഗ​സ്റ്റ് 4). വിപണിയിലെ യഥാർത്ഥ പണം സെറ്റിൽ ചെയ്യപ്പെടുന്ന ഇന്നത്തെ ദിവസം പുതിയ സംവിധാനത്തിന്റെ വിശ്വാസ്യത തെളിയിക്കപ്പെടേണ്ടതുണ്ട്. ഓപ്ഷൻസ് കോൺട്രാക്ടുകളിലെ ക്യാഷ് സെറ്റിൽമെന്റ് നടക്കുന്ന ഇന്നത്തെ ദിവസം എൻ.എസ്.ഇയുടെ പുതിയ ക്ലോസിം​ഗ് സംവിധാനത്തിന്റെ വിശ്വാസ്യതയും സാധുതയും തെളിയിക്കപ്പെടേണ്ട നിർണായക ദിനം കൂടിയാണ്.

ഇന്നലത്തെ ക്ലോസിം​ഗിൽ സംഭവിച്ചതെന്ത്?

സെബിയുടെ നിർദ്ദേശപ്രകാരം ഡെറിവേറ്റീവ്സ് (F&O) വിഭാഗത്തിലെ 208 ഓഹരികൾക്കായി നടപ്പിലാക്കിയ പുതിയ 'ക്ലോസിംഗ് ഓക്ഷൻ സെഷനിൽ' തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന രണ്ട് മിനിറ്റിൽ നിഫ്റ്റി സൂചിക 200 പോയിന്റോളം കുതിച്ചുയർന്ന് 1.6% നേട്ടത്തോടെ 24,774.30-ലാണ് ക്ലോസിം​ഗ് രേഖപ്പെടുത്തിയത്.

എന്നാൽ അതേസമയം ബി.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് (Sensex) കേവലം 0.70 ശതമാനം മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയത് (78,639.03). ഒരേ ലി​സ്റ്റഡ് കമ്പനിയുടെ ഓഹരി വില രണ്ട് ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വലിയ വ്യത്യാസത്തിലാണ് ക്ലോസ് ചെയ്തത്. ഉദാഹരണത്തിന്, റിലയൻസ് ഓഹരികൾ എൻ.എസ്.ഇയിൽ 1,319 രൂപയിലും ബി.എസ്.ഇയിൽ 1,309 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?

വൈകുന്നേരം 3:20 മുതൽ 3:30 വരെയുള്ള ചെറിയ സമയത്തിനുള്ളിലാണ് ഓക്ഷൻ ഓർഡറുകൾ നൽകാൻ സാധിക്കുക. ഇതിൽ അവസാന രണ്ട് മിനിറ്റിൽ ഏത് നിമിഷവും എക്സ്ചേഞ്ച് റാൻഡമായി (random) ഓക്ഷൻ അവസാനിപ്പിക്കും.

  • കുറഞ്ഞ ലിക്വിഡിറ്റി: എൻ.എസ്.ഇയിൽ അന്നേ ദിവസം ഓക്ഷൻ മൂല്യം 1,276.2 കോടി രൂപയായിരുന്നപ്പോൾ ബി.എസ്.ഇയിൽ ഇത് വെറും 10.8 കോടി രൂപ മാത്രമായിരുന്നു.

  • ഹെവി വെയിറ്റ് ഓഹരികളുടെ സ്വാധീനം: ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ അടിസ്ഥാന ഓഹരി സൂചികകളിൽ ഉയർന്ന വെയിറ്റേജ് ഉള്ള (index heavyweight stocks) അഞ്ച് ലാർജ് ക്യാപ് ഓഹരികളിൽ ഉയർന്ന തുകയുടെ വാങ്ങൽ നടന്നു. നിഫ്റ്റിയുടെ 36.33 ശതമാനം വെയിറ്റേജ് കൈകാര്യം ചെയ്യുന്ന ഈ 5 ഓഹരികളിലെ വമ്പൻ ബൈ ഓർഡറുകൾ (Buy Orders) സൂചികയെ അപ്രതീക്ഷിതമായി മുകളിലേക്ക് ഉയർത്തുകയായിരുന്നു.

ക്ലോസിംഗ് ഓക്ഷൻ സെഷൻ (CAS) വിപണി വ്യതിയാനം:

  • എൻ.എസ്.ഇ നിഫ്റ്റി ------► +1.6% (അവസാന നിമിഷം 200 പോയിന്റ് കുതിപ്പ്)

  • ബി.എസ്.ഇ സെൻസെക്സ് ------► +0.70% (നേരിയ മാറ്റം മാത്രം)

എൻ.എസ്.ഇയുടെ വിശദീകരണം

എന്നാൽ വിപണിയുടെ ആശങ്കകളെ എൻ.എസ്.ഇ അധികൃതർ തള്ളിപ്പറഞ്ഞു. ഇതൊരു തകരാറല്ലെന്നും, മികച്ച രീതിയിലുള്ള 'പ്രൈസ് ഡിസ്കവറി' ആണെന്നുമാണ് നാഷണൽ ​സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കിയത്. 3:15 മുതൽ 3:30 വരെയുള്ള സമയത്ത് സാധാരണ ഓർഡർ മാച്ചിംഗ് നടക്കാത്തതിനാലാണ് ലൈവ് ചാർട്ടിൽ വലിയൊരു ചാട്ടം (Jump) അനുഭവപ്പെടുന്നത്. ഒന്നാം ദിവസം തന്നെ 515 ട്രേഡിംഗ് അംഗങ്ങളും 56,773 നിക്ഷേപകരും ഈ ഓക്ഷനിൽ പങ്കെടുത്തതായും, ഇത്തരം വില വ്യതിയാനങ്ങൾ ഇന്ത്യൻ വിപണിയിൽ പുതിയ സംഭവമല്ലെന്നും എൻ.എസ്.ഇ കൂട്ടിച്ചേർത്തു.

ഇന്നത്തെ എക്സ്പയറി ദിനം എന്തുകൊണ്ട് നിർണായകം?

സാധാരണ ദിവസങ്ങളിൽ ക്ലോസിംഗ് വിലയിൽ ഉണ്ടാകുന്ന വ്യത്യാസം വെറുമൊരു നിരീക്ഷണമായി തള്ളിക്കളയാമെങ്കിലും എക്സ്പയറി ദിനത്തിൽ (expiry day) അത് ഓപ്ഷനുകളുടെ യഥാർത്ഥ ക്യാഷ് സെറ്റിൽമെന്റിനെ (cash settlement) നേരിട്ട് ബാധിക്കുന്നതായിരിക്കും.

ഒരിക്കൽ ക്യാഷ് ക്രെഡിറ്റും ഡെബിറ്റും നടന്ന് പൊസിഷനുകൾ ക്ലോസ് ചെയ്തു കഴിഞ്ഞാൽ, പിറ്റേന്ന് രാവിലെ വിപണി സാധാരണ നിലയിൽ തുറന്നാലും സംഭവിച്ച സാമ്പത്തിക നഷ്ടം നിക്ഷേപകർക്ക് തിരികെ ലഭിക്കില്ലെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആർട്ടിഫിഷ്യൽ ആയി മാറുന്ന ക്ലോസിംഗ് പ്രൈസ് കാരണം ഇൻ-ദി-മണി (ITM), ഔട്ട്-ഓഫ്-ദി-മണി (OTM) ഓപ്ഷൻ കരാറുകൾ അപ്രതീക്ഷിതമായി മാറിമറിയാൻ സാധ്യതയുണ്ടെന്നും വിപണി വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിക്ഷേപകർ അറിയേണ്ടത്

വ്യാപാര സെഷന്റെ അവസാന നിമിഷങ്ങളിലെ അനിശ്ചിതത്വം ഭയന്ന് വലിയ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും ട്രേഡർമാരും ഓക്ഷൻ സെഷന് മുന്നേ തന്നെ തങ്ങളുടെ കൈവശമുള്ള പൊസിഷനുകൾ ക്ലോസ് ചെയ്യാൻ തുനിഞ്ഞാൽ, ഓക്ഷൻ സമയത്തെ ലിക്വിഡിറ്റി ഇനിയും കുറയുകയും വിലകളിൽ വീണ്ടും വലിയ തോതിലുള്ള വ്യതിയാനങ്ങൾ വരാനുള്ള സാധ്യത തുറന്നിടുന്നു. അതുകൊണ്ടുതന്നെ, ഇന്നത്തെ എക്സ്പയറിയിൽ വിപണി ഏത് ദിശയിലേക്ക് പോകുന്നു എന്നതിനേക്കാൾ, സെബിയുടെ പുതിയ ക്ലോസിംഗ് സംവിധാനം സുതാര്യമായ സെറ്റിൽമെന്റ് ഉറപ്പാക്കുമോ എന്നാണ് ട്രേഡർമാർ ഉറ്റുനോക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT