Markets

ചരിത്ര നീക്കവുമായി എൻ.എസ്.ഇ; വമ്പൻ ഐ.പി.ഒയ്ക്കുള്ള അപേക്ഷ നൽകി; നിക്ഷേപകർ ശ്രദ്ധിക്കേണ്ട 7 ഘടകങ്ങൾ

സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സമ​ഗ്ര വിവരങ്ങളും കണക്കുകളും ഉൾക്കൊള്ളിച്ച 614 പേജുള്ള പ്രാഥമിക രേഖകളാണ് എൻ.എസ്.ഇ സമർപ്പിച്ചത്

Dhanam News Desk

പത്ത് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ), പ്രാരംഭ പൊതു ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടിക്കൊണ്ട് രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) മുമ്പാകെ കരട് രേഖകൾ (DRHP) സമർപ്പിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സമ​ഗ്ര വിവരങ്ങളും കണക്കുകളും ഉൾക്കൊള്ളിച്ച 614 പേജുള്ള പ്രാഥമിക രേഖകളാണ് എൻ.എസ്.ഇ സമർപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്ന എൻ.എസ്.ഇ ഐ.പി.ഒയെ കുറിച്ച് റീട്ടെയിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ചുവടെ ചേർക്കുന്നു.

ഐ.പി.ഒ ഘടന:

വിപണിയിൽ നിന്നും ഏകദേശം 30,000 കോടി രൂപ സമാഹരിക്കാനാണ് എൻ.എസ്.ഇ ഐ.പി.ഒയിലൂടെ ലക്ഷ്യമിടുന്നത്. പൂർണ്ണമായും 'ഓഫർ ഫോർ സെയിൽ' (ഒ.എഫ്.എസ്) മുഖേനയായിരിക്കും ഐ.പി.ഒ നടത്തപ്പെടുക. കമ്പനിയുടെ ആകെ ഓഹരിയുടെ 6 ശതമാനത്തോളമാണ് ഐ.പി.ഒയിലൂടെ വിപണിയിൽ വിറ്റഴിക്കുന്നത്.

കമ്പനി പുതിയ ഓഹരികൾ പുറത്തിറക്കാത്തതിനാൽ (ഫ്രഷ് ഇഷ്യൂ) ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം എൻ.എസ്.ഇയുടെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോ​ഗിക്കാൻ കഴിയില്ല. ഐ.പി.ഒയിലൂടെ കിട്ടുന്ന ഈ തുക പൂർണ്ണമായും ഓഹരികൾ വിറ്റഴിക്കുന്ന നിലവിലുള്ള നിക്ഷേപകർക്കാണ് ലഭിക്കുക.

ലിസ്റ്റിംഗ് ബി.എസ്.ഇയിൽ

എൻ.എസ്.ഇയുടെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബി.എസ്.ഇ) മാത്രമായിരിക്കും ലിസ്റ്റ് ചെയ്യുക (ബി.എസ്.ഇ ഓഹരികൾ നിലവിൽ എൻ.എസ്.ഇയിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്). ബി.എസ്.ഇക്കും എം.സി.എക്സിനും ശേഷം ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ എക്സ്ചേഞ്ചാണ് എൻ.എസ്.ഇ.

ഐ.പി.ഒയിൽ വിൽക്കുന്നവരും വിൽക്കാത്തവരും:

പൊതുമേഖല സ്ഥാപനങ്ങളായ എസ്.ബി.ഐ (2.47 കോടി ഓഹരികൾ), ബാങ്ക് ഓഫ് ബറോഡ (1.09 കോടി ഓഹരികൾ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ (1.08 കോടി ഓഹരികൾ), ജനറൽ ഇൻഷുറൻസ് കോ‌ർപറേഷൻ (1.06 കോടി ഓഹരികൾ), ന്യൂ ഇന്ത്യൻ അഷ്വറൻസ് (1.05 കോടി ഓഹരികൾ) എന്നിവ ഐ.പി.ഒയിലൂടെ എൻ.എസ്.ഇ ഓഹരികൾ വിറ്റുമാറും.

അതുപോലെ പ്രമുഖ വിദേശ ഫണ്ടുകളായ എം.എസ് സ്ട്രാറ്റജി​ക് (1.6 കോടി ഓഹരികൾ), കാനഡ പെൻഷൻ പ്ലാൻ (1.18 കോടി ഓഹരികൾ), അരാന്ത ഇൻവെ​സ്റ്റ്മെന്റ്സ് (1.12 കോടി ഓഹരികൾ) എന്നിവരും ഈ ഐ.പി.ഒയിലൂടെ എൻ.എസ്.ഇ ഓഹരികൾ വിറ്റഴിക്കുന്നുണ്ട്

എന്നാൽ എൻ.എസ്.ഇയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ പൊതുമേഖല സ്ഥാപനവും ഇന്ത്യൻ ഓ​ഹരി വിപണിയിലെ ഏറ്റവും വലിയ ഇൻ​സ്റ്റിട്യൂഷണൽ നിക്ഷേപകരിലൊന്നുമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഈ ഐ.പി.ഒയിൽ തങ്ങളുടെ കൈവശമുള്ള എൻ.എസ്.ഇ ഓഹരികളൊന്നും തന്നെ വിൽക്കുന്നില്ല എന്നതും ശ്രദ്ധേയം.

ബിസിനസ് മേധാവിത്വം:

ഇന്ത്യൻ ഓഹരി വിപണിയിലെ ഇക്വിറ്റി ക്യാഷ്, ഇക്വിറ്റി ഡെറിവേറ്റീവ്സ്, ഇൻഡെക്സ് ഡെറിവേറ്റീവ്സ് എന്നീ വിഭാ​ഗങ്ങളിൽ എൻ.എസ്.ഇക്ക് ശക്തമായ മേധാവിത്വമുണ്ട്. ട്രാൻസാക്ഷൻ ചാർജ്, ലിസ്റ്റിംഗ് ഫീസ്, ഡാറ്റ-ഇൻഡെക്സ് സേവനങ്ങൾ എന്നിവയാണ് ​സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മറ്റ് പ്രധാന വരുമാന മാർഗ്ഗങ്ങൾ.

കർശനമായ നിയന്ത്രണങ്ങൾ:

ഒരു തന്ത്രപ്രധാന ​സ്റ്റോക്ക് എക്സ്ചേഞ്ച് ആയതിനാൽ സെബിയുടെ കടുത്ത നിയന്ത്രണങ്ങളിലാണ് എൻ.എസ്.ഇ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സേവനങ്ങൾക്കുള്ള ഫീസുകൾ, മറ്റ് ​സ്റ്റോക്ക് എക്സ്ചേ‍ഞ്ചുകളുമായുള്ള മത്സരം, പുതിയ ഉത്പന്നങ്ങളും സേവനങ്ങളും എന്നിവയുടെ ചട്ടങ്ങളിലും നിയമങ്ങളിലുമൊക്കെ വിപണിയുടെ നിയന്ത്രണ ഏജൻസി കൊണ്ടുവരുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും എൻ.എസ്.ഇയുടെ ലാഭക്ഷമതയെ ബാധിച്ചേക്കാം.

വാല്യൂവേഷൻ:

ബി.എസ്.ഇയുമായും ആഗോള എക്സ്ചേഞ്ചുകളുമായും (എസ്.ജി.എക്സ്; എച്ച്.കെ.ഇ.എക്സ്) താരതമ്യം ചെയ്യുമ്പോൾ എൻ.എസ്.ഇ കാഴ്ചവെക്കുന്ന ഉയർന്ന വളർച്ചാ നിരക്ക് കാരണം ഐ.പി.ഒ ഓഹരിയുടെ മൂല്യനിർണയത്തിൽ പ്രീമിയം വാല്യുവേഷൻ സ്വാഭാവികമാണ്. എന്നിരുന്നാലും ഐ.പി.ഒ പ്രൈസ് ദീർഘകാല നിക്ഷേപകർക്ക് ലാഭത്തിനുള്ള അവസരം നൽകുന്നുണ്ടോ എന്ന് പരിശോധിക്കണം.

റീട്ടെയിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ:

എൻ.എസ്.ഇയുടെ ഐ.പി.ഒ നടത്തപ്പെടുന്നതിന് നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി 'കോ-ലൊക്കേഷൻ' കേസ് ആയിരുന്നു. ഇതിൽ ഒരു സെറ്റിൽമെന്റ് നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും കേസ് പൂർണ്ണമായി അവസാനിച്ചിട്ടില്ല. ഇതിലുണ്ടാകുന്ന നിയമപരമായ മാറ്റങ്ങൾ എൻ.എസ്.ഇ ഓഹരിയെ ബാധിക്കാം.

ഐ.പി.ഒയിൽ എൻ.എസ്.ഇ ഓഹരിക്ക് നിശ്ചയിക്കുന്ന അന്തിമ പ്രൈസ് ബാൻഡ്, റെഡ് ഹെറിംഗ് പ്രോസ്പെക്ടസിലെ (RHP) ഏറ്റവും പുതിയ സാമ്പത്തിക വിവരങ്ങൾ (ലാഭവിഹിതം, ഡിവിഡന്റ് നയം), കോ-ലൊക്കേഷൻ കേസിന്റെ അന്തിമ വിധി എന്നിവ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT