ആയിരക്കണക്കിന് ഓഹരികളില്‍ നിന്ന്, നിങ്ങള്‍ അന്വേഷിക്കുന്ന തരത്തിലുള്ള കമ്പനികളെ എങ്ങനെ കണ്ടെത്തും? ഓരോ ഓഹരിയും പ്രത്യേകം പരിശോധിക്കാന്‍ ഏറെ സമയമെടുക്കും. ഈ ജോലി എളുപ്പമാക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് 'Market Lens' എന്ന പുതിയ സ്റ്റോക്ക് സ്‌ക്രീനിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ്.
നിങ്ങള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വലിയൊരു ഓഹരി പട്ടികയില്‍ നിന്ന് പ്രസക്തമായ കമ്പനികളെ തിരഞ്ഞെടുത്ത് കാണിക്കുന്ന രീതിയാണിത്. Market Lens വഴി രണ്ടായിരത്തിലധികം ഓഹരികളില്‍ ഫില്‍ട്ടറുകള്‍ പ്രയോഗിക്കാം. സ്വന്തം നിക്ഷേപ സമീപനത്തിന് അനുസരിച്ച് കസ്റ്റം സ്‌ക്രീനുകളും തയാറാക്കാം.
ആദ്യം, സെക്ടര്‍ തിരഞ്ഞ് ഓഹരികള്‍ കണ്ടെത്താം. ബാങ്കിങ്, ഫാര്‍മ, പവര്‍, ടെലികോം, ഓട്ടോ കംപോണന്റ്സ്, ഇന്‍ഷുറന്‍സ്, കെമിക്കല്‍സ്, സിമന്റ്, ഐടി സര്‍വീസസ് തുടങ്ങി വിവിധ മേഖലകള്‍ ഇതിലുണ്ട്. ഉദാഹരണത്തിന്, ഐടി കമ്പനികളെ മാത്രം പരിശോധിക്കണമെങ്കില്‍ ആ സെക്ടര്‍ തിരഞ്ഞെടുത്താല്‍ മതി.
സ്വന്തമായി ഫില്‍ട്ടറുകള്‍ തയാറാക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി റെഡിമെയ്ഡ് സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. 'Growth at a Discount', 'Income + Safety', 'Momentum + Breakout', 'Quality & Safety', 'Value Growth' എന്നിവയാണ് ചിലത്. വളര്‍ച്ച, ഓഹരിയുടെ മൂല്യനിര്‍ണയം, വരുമാനം, വിലയിലെ മുന്നേറ്റം തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവ ഓഹരികളെ വേര്‍തിരിക്കുന്നത്.
കൂടുതല്‍ വ്യക്തമായ ചില സ്‌ക്രീനുകളും ഉണ്ട്. 'Low Price + High EPS' കുറഞ്ഞ ഓഹരിവിലയും ഉയര്‍ന്ന പ്രതിയോഹരി വരുമാനവും ഉള്ള കമ്പനികളെ കണ്ടെത്താനാണ്. 'High Promoter Holding + High EPS Growth' പ്രമോട്ടര്‍ പങ്കാളിത്തവും പ്രതിയോഹരി വരുമാനത്തിലെ വളര്‍ച്ചയും അടിസ്ഥാനമാക്കുന്നു. ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ പരിശോധിക്കാന്‍ 'High Dividend Payout + Low P/E' എന്ന സ്‌ക്രീനും ഉണ്ട്.
ആയിരക്കണക്കിന് ഓഹരികളില്‍ നിന്ന് കൂടുതല്‍ പഠിക്കേണ്ട കമ്പനികളുടെ ഒരു ചെറിയ പട്ടിക വേഗത്തില്‍ തയ്യാറാക്കാം. പക്ഷേ, സ്‌ക്രീനില്‍ ഒരു ഓഹരി വന്നുവെന്നത് അത് വാങ്ങാനുള്ള നിര്‍ദേശമല്ല. കമ്പനിയുടെ ബിസിനസ്, കടം, ലാഭം, മൂല്യനിര്‍ണയം, അപകടസാധ്യത എന്നിവ പ്രത്യേകം പരിശോധിക്കണം.
Market Lens ഇപ്പോള്‍ ബീറ്റാ ഘട്ടത്തിലാണ്. marketlens.nseindia.com എന്ന വിലാസത്തില്‍ ഇത് ലഭ്യമാണ്; പ്ലാറ്റ്ഫോമിലെ ഫീച്ചറുകള്‍ പിന്നീട് മാറാനും ഇടയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine