പ്രതീകാത്മക ചിത്രം Image Source: nseindia.com/sebi-fb
Markets

എല്ലാ കേസുകളും പിൻവലിക്കും; എൻ.എസ്.ഇയുടെ ₹1,491 കോടി ഒത്തുതീർപ്പിന് സെബിയുടെ അം​ഗീകാരം; മെഗാ ഐ.പി.ഒയ്ക്കും വഴിതെളിഞ്ഞു

സുപ്രീംകോടതിയിലെ കേസുകൾ പിൻവലിക്കപ്പെടുന്നതോടെ 26,000 കോടി രൂപ ലക്ഷ്യമിടുന്ന എൻ.എസ്.ഇയുടെ മെഗാ ഐ.പി.ഒയ്ക്കുള്ള തടസ്സങ്ങളെല്ലാം മാറിക്കിട്ടി

Dhanam News Desk

കോ-ലൊക്കേഷൻ, ഡാർക്ക് ഫൈബർ വിവാദങ്ങളിലൂടെ വർഷങ്ങളായി നീണ്ടുനിന്ന എൻ.എസ്.ഇയുടെ നിയമ പ്രതിസന്ധി ഒത്തുതീർപ്പിലൂടെ അവസാനിക്കുന്നു. സെബി അംഗീകരിച്ച 1,491.21 കോടി രൂപയുടെ ഒത്തുതീർപ്പ് തുകയിൽ ആവശ്യമായ പ്രൊവിഷൻ എൻ.എസ്.ഇ ഇതിനകം കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതിയിലെ അനുബന്ധ കേസുകൾ പിൻവലിക്കപ്പെടുന്നതോടെ 26,000 കോടി രൂപയുടെ ഐ.പി.ഒ നടപടികൾ ഇനി അതിവേഗത്തിലാകും.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെതിരെ (NSE) വർഷങ്ങളായി നിലനിന്നിരുന്ന നിയമ തർക്കങ്ങൾക്ക് വിരാമമാകുന്നു. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബി (SEBI), എൻ.എസ്.ഇ സമർപ്പിച്ച 1,491.21 കോടി രൂപയുടെ ഒത്തുതീർപ്പ് (Settlement) നിർദ്ദേശത്തിന് തത്വത്തിൽ അംഗീകാരം നൽകി. സെബിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒത്തുതീർപ്പ് തുകയാണിത്. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രാരംഭ പൊതു ഓഹരി വിൽപ്പനകളിലൊന്നിന് (IPO) ലക്ഷ്യമിടുന്ന എൻ.എസ്.ഇക്ക് മുന്നിലുണ്ടായിരുന്ന പ്രധാന നിയമ തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.

ഒത്തുതീർപ്പ് തുകയുടെ ഘടന:

2026 ജൂലൈ 30-ലെ ഇ-മെയിൽ സന്ദേശത്തിലൂടെയാണ് എൻ.എസ്.ഇ സമർപ്പിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചതായുള്ള വിവരം സെബി അറിയിച്ചത്.

  • ആകെ ഒത്തുതീർപ്പ് തുക: ₹1,491.21 കോടി

  • മുൻപ് നിക്ഷേപിച്ച തുക: ₹776.47 കോടി (സെബിയിൽ അടച്ചത്)

  • ഇനി അടയ്ക്കേണ്ട തുക: ₹714.74 കോടി

ഈ ഒത്തുതീർപ്പിന് നൽകേണ്ടിവരുന്ന തുക (Provision) 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കുകളിൽ എൻ.എസ്.ഇ വകയിരുത്തിയിട്ടുണ്ടായിരുന്നു. അതിനാൽ കമ്പനിക്ക് ഇനി പുതിയതായി 714.74 കോടി രൂപയുടെ പണച്ചെലവ് (Cash Outflow) മാത്രമേ ഉണ്ടാകുന്നുള്ളു.

ഒരു പതിറ്റാണ്ട് നീണ്ട തർക്കങ്ങൾക്ക് വിരാമം

2015-ൽ പുറത്തുവന്ന കോ-ലൊക്കേഷൻ (Co-location) തട്ടിപ്പ് കേസും തുടർന്നുണ്ടായ ഡാർക്ക് ഫൈബർ (Dark Fibre) കേസുമാണ് എൻ.എസ്.ഇയുടെ ഐ.പി.ഒ മോഹങ്ങൾക്കുമേൽ വർഷങ്ങളായി കരിനിഴൽ പടർത്തിയിരുന്നത്.

  • കോ-ലൊക്കേഷൻ കേസ്: ചില തിരഞ്ഞെടുത്ത ബ്രോക്കർമാർക്ക് എൻ.എസ്.ഇയുടെ ട്രേഡിംഗ് സെർവറുകളിലേക്ക് മുൻഗണനാ അടിസ്ഥാനത്തിൽ വേഗതയേറിയ ആക്സസ് നൽകിയെന്നതായിരുന്നു ആരോപണം.

  • ഡാർക്ക് ഫൈബർ കേസ്: അനധികൃത സർവീസ് പ്രൊവൈഡർമാർ വഴി ചില ട്രേഡിംഗ് സ്ഥാപനങ്ങൾക്ക് പ്രത്യേക നെറ്റ്‌‍വർക്ക് ലിങ്കുകൾ നൽകി വേഗതയിൽ മുൻതൂക്കം നൽകിയെന്നതാണ് ഇതിലെ കേസ്.

സെബി ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അനുബന്ധ കേസുകൾ പിൻവലിക്കും.

മെഗാ ഐ.പി.ഒയ്ക്ക് കളമൊരുങ്ങി

2025-ൽ 1,388 കോടി രൂപയുടെ ഒത്തുതീർപ്പാണ് എൻ.എസ്.ഇ നിർദ്ദേശിച്ചിരുന്നത്. എന്നാൽ സെബിയുടെ ആവശ്യപ്രകാരം തുക 1,491.21 കോടി രൂപയായി ഉയർത്തുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻ.എസ്.ഇ, ഈ വർഷം തന്നെ 26,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന വമ്പൻ ഐ.പി.ഒയുമായി വിപണിയിലെത്താനാണ് പദ്ധതിയിടുന്നത്. കോ-ലൊക്കേഷൻ വിവാദങ്ങളെ തുടർന്ന് ഒരു പതിറ്റാണ്ടോളമായി മുടങ്ങിക്കിടന്ന ഐ.പി.ഒ നടപടികൾ ഇനി അതിവേ​ഗത്തിൽ പുരോ​ഗമിക്കുമെന്നാണ് വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT