ഡെറിവേറ്റീവ് വിപണിയിലെ സ്ഫോടനാത്മക വളർച്ചയെ തുടന്ന് വമ്പൻ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന എൻ.എസ്.ഇയെ, സ്ഥിരമായി ലാഭം തരുന്ന കുത്തകയെന്നതിൽ ഉപരിയായി കർശന നിയന്ത്രണങ്ങൾക്ക് വിധേയമായ ‘റെഗുലേറ്റഡ് യൂട്ടിലിറ്റി’യായി കാണണമെന്ന് ദോലത് ക്യാപിറ്റൽ നിർദ്ദേശിക്കുന്നു. ഓപ്ഷൻസ് ട്രേഡിംഗിൽ സെബി, ആർ.ബി.ഐ, ധനമന്ത്രാലയം എന്നിവർ കൊണ്ടുവരാവുന്ന നിയന്ത്രണങ്ങൾ കമ്പനയുടെ ലാഭക്ഷമതയെ ബാധിക്കാമെന്നതാണ് ആശങ്ക.
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) ലിസ്റ്റിംഗിനായി തയ്യാറെടുക്കുമ്പോൾ, പൊതുവിൽ പ്രകടമായിരിക്കുന്ന ആവേശത്തിന് വിരുദ്ധമായി നിക്ഷേപം ഒഴിവാക്കാമെന്ന സൂചനയോടെയുള്ള ഒരു അപൂർവ്വ 'സെൽ' (SELL) നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ദോലത് ക്യാപിറ്റൽ (Dolat Capital).
ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ (F&O) ട്രേഡിംഗ് രംഗത്ത് വരാനിരിക്കുന്ന കർശനമായ നിയന്ത്രണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ, നിലവിൽ അൺലിസ്റ്റഡ് മാർക്കറ്റിലെ എൻ.എസ്.ഇ ഓഹരികൾക്ക് രേഖപ്പെടുത്തുന്ന വില, മതിപ്പ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അമിതമാണെന്നാണ് (Steep Grey Market Premium) ദോലത് ക്യാപിറ്റൽ നൽകുന്ന മുന്നറിയിപ്പ്.
ഡെറിവേറ്റീവ്സ് വിപണിയിലെ സ്ഫോടനാത്മകമായ വളർച്ചയുടെ കരുത്തിലാണ് എൻ.എസ്.ഇ ഐ.പി.ഒ.യ്ക്കു വേണ്ടി ഒരുങ്ങുന്നത്. നിലവിൽ അൺലിസ്റ്റഡ് മാർക്കറ്റിൽ എൻ.എസ്.ഇയുടെ ഓഹരികൾ 2,080 മുതൽ 2,100 രൂപ നിരക്കിലാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. എന്നാൽ ദോലത് ക്യാപിറ്റൽ എൻ.എസ്.ഇ ഓഹരിക്ക് 1,550 രൂപ എന്ന ടാർഗെറ്റ് പ്രൈസോടെയാണ് (ആ നിരക്ക് വരെ വില ഇടിയാമെന്ന നിഗമനം) 'സെൽ' റേറ്റിംഗ് നൽകിയിരിക്കുന്നത്.
ഇത് നിലവിൽ അൺലിസ്റ്റഡ് വിപണിയിൽ രേഖപ്പെടുത്തുന്ന എൻ.എസ്ൽഇ ഓഹരിയുടെ വിലയേക്കാൾ ഏകദേശം 26 ശതമാനം താഴെയാണ്. എൻ.എസ്.ഇയുടെ ഇപ്പോഴത്തെ ഉയർന്ന വരുമാന വളർച്ച ഭാവിയിലും തുടരുമെന്ന വിപണിയുടെ അമിത പ്രതീക്ഷകൾക്ക് അടിസ്ഥാനമില്ലെന്നാണ് ഈ ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്.
മറ്റു കമ്പനികളുടെ ഐ.പി.ഒ.കളിൽ കാണാറുള്ള മത്സരക്ഷമതയോ പ്രവർത്തനപരമായ പ്രതിസന്ധികളോ അല്ല എൻ.എസ്.ഇയെ സംബന്ധിച്ചുള്ള പ്രധാന റിസ്ക്; മറിച്ച് നിയമവ്യവസ്ഥകളിൽ വരാവുന്ന മാറ്റങ്ങളാണ് (Regulatory Risks). ഓപ്ഷൻസ് ട്രേഡിംഗിലെ അമിതമായ റീട്ടെയിൽ പങ്കാളിത്തം കുറയ്ക്കുന്നതിനായി രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI), ഭാരതീയ റിസർവ് ബാങ്ക് (RBI), ധനമന്ത്രാലയം എന്നിവർ ചേർന്നു കൊണ്ടുവരാൻ സാധ്യതയുള്ള ചില സുപ്രധാന മാറ്റങ്ങളും ദോലത് ക്യാപിറ്റിൽ പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വലിയ ലോട്ട് സൈസുകൾ (Larger Lot Sizes) നടപ്പിലാക്കൽ.
വീക്ക്ലി ഓപ്ഷനുകളുടെ (Weekly Options) എണ്ണം പരിമിതപ്പെടുത്തൽ.
റീട്ടെയിൽ നിക്ഷേപകർക്ക് എഫ്&ഒ വിപണിയിൽ പ്രവേശിക്കുന്നതിന് ഉയർന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കൽ.
ഇടപാടുമായി ബന്ധപ്പെട്ട നികുതികളിൽ (Transaction Taxes) വരുത്തിയേക്കാവുന്ന മാറ്റങ്ങൾ.
ഈ നിയന്ത്രണങ്ങൾ നിലവിൽ എൻ.എസ്.ഇയുടെ ലാഭക്ഷമതയിൽ വലിയ സംഭാവന ചെയ്യുന്ന ഓപ്ഷൻസ് ടേൺഓവറിനെ (Options Turnover) താഴ്ത്തിയേക്കാം. കൂടാതെ, ഔദ്യോഗിക തലത്തിൽ നിന്നുള്ള നിയന്ത്രണങ്ങൾ കടുക്കുമ്പോൾ ട്രേഡിംഗ് ആക്റ്റിവിറ്റികൾ വിദേശ വിപണികളിലേക്കോ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കോ മാറാനുള്ള സാധ്യതയും ദോലത് ക്യാപിറ്റൽ തള്ളിക്കളയുന്നില്ല.
ഒരു കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ അതിന്റെ ഓഹരിക്ക് വില ഇടിയാമെന്ന കാഴ്ചപ്പാടോട് കൂടിയ ബെയറിഷ് (Bearish) റേറ്റിംഗ് നൽകുന്നത് വിപണിയിൽ വളരെ അപൂർവ്വമാണ്. എൻ.എസ്.ഇയെ ഓഹരി വ്യാപാര രംഗത്തെ ഒരു കുത്തക കമ്പനിയായി (Monopoly) കണ്ട് എപ്പോഴും ലാഭം തരുന്ന ഒന്നായി വിലയിരുത്തരുത്. മറിച്ച് നിയമ/നിയന്ത്രണ വ്യവസ്ഥകളിലെ (Policy) ഓരോ ചെറിയ മാറ്റങ്ങളും അതിന്റെ വളർച്ചയെ ബാധിക്കാവുന്ന, കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമായി (Regulated Utility) വേണം എൻ.എസ്.ഇയെ വിലയിരുത്താൻ എന്നാണ് ദോലത് ക്യാപിറ്റൽ ഇതിലൂടെ വ്യക്തമാക്കുന്നത്.
ചുരുക്കത്തിൽ എൻ.എസ്.ഇ എന്ന കരുത്തുറ്റ ബ്രാൻഡും ഡെറിവേറ്റീവ്സ് വിപണിയിലെ കുത്തകയും മാത്രം കണക്കിലെടുത്ത് സാദാ റീട്ടെയിൽ നിക്ഷേപകർ വെറും ആവേശത്തിന്റെ പുറത്ത് നിക്ഷേപം നടത്താതെ, വാല്യുവേഷനിലെയും നിയന്ത്രണങ്ങളിലെയും റിസ്ക് ഘടകങ്ങൾ കൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കാൻ എന്നാണ് ഇതിന്റെ സാരാംശം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine