canva
Markets

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാതെ, ഓഹരി കൊണ്ട് കളിച്ച്, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒന്നായി എന്‍.എസ്.ഇ

ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ മൂല്യം അനുസരിച്ച് ഒന്നാം സ്ഥാനത്ത്; മൂല്യം ₹ 4.70 ലക്ഷം കോടി

Dhanam News Desk

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍.എസ്.ഇ) രാജ്യത്തെ ഏറ്റവൂം മൂല്യം കൂടിയ 10 കമ്പനികളില്‍ ഒന്നായി ഹാറൂണ്‍ ഇന്ത്യ 500 പട്ടികയില്‍ ഇടം പിടിച്ചു. മൂല്യം 4,70,250 കോടി രൂപ. മൂല്യത്തില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 201 ശതമാനമാണ്.

ഓഹരി വിപണനത്തിന് വേദിയൊരുക്കുകയാണ് പ്രധാന ദൗത്യമെങ്കിലും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് എന്‍.എസ്.ഇ. അണ്‍ലിസ്റ്റഡ് കമ്പനികളുടെ പട്ടികയില്‍ എന്‍.എസ്.ഇയാണ് ഒന്നാമത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്തള്ളി

സൈറസ് പൂനവാല നയിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായിരുന്നു 10 മൂല്യമേറിയ കമ്പനികളില്‍ 10-ാം സ്ഥാനത്ത്. അവര്‍ ഒരു ചുവട് പിന്തള്ളപ്പെട്ടപ്പോള്‍ എന്‍.എസ്.ഇ 10-ാം സ്ഥാനത്ത്.

ഏറ്റവും മൂല്യമേറിയ 10 കമ്പനികള്‍ 84 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. 2.2 ലക്ഷം കോടി രൂപ സര്‍ക്കാറിന് നികുതി നല്‍കുന്നുവെന്നും ഹാറൂണ്‍ ഇന്ത്യ നിരീക്ഷിച്ചു. സാമൂഹിക പ്രതിബദ്ധത പരിപാലനത്തിനുള്ള സി.എസ്.ആര്‍ നിധിയിലേക്ക് 10,939 കോടി നല്‍കുന്നുണ്ട്. മുന്നിലുള്ള 500 കമ്പനികള്‍ ചേര്‍ന്നാല്‍ ഇന്ത്യയുടെ ജി.ഡി.പിയെ മറികടക്കും.

മൂല്യമേറിയ 10 കമ്പനികള്‍

മൂല്യമേറിയ 10 കമ്പനികള്‍ ഇവയാണ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് (17.52 ലക്ഷം കോടി), ടി.സി.എസ്. (16.10), എച്ച്.ഡി.എഫ്.സി ബാങ്ക് (14.22), ഭാരതി എയര്‍ടെല്‍ (9.74), ഐ.സി.ഐ.സി.ഐ ബാങ്ക് (9.30), ഇന്‍ഫോസിസ് (7.99), ഐ.ടി.സി (5.80), ലാര്‍സന്‍ ആന്റ് ടൂബ്രോ (5.42), എച്ച്.സി.എല്‍ ടെക്‌നോളജീസ് (5.18), നാഷണല്‍ സ്‌റ്റോക്ക് എകസ്‌ചേഞ്ച് (4.70).

അണ്‍ലിസ്റ്റഡ്, പക്ഷേ വലിയ മൂല്യം

അണ്‍ലിസ്റ്റഡ് കമ്പനികളുടെ മാത്രം കാര്യമെടുത്താല്‍ മുന്നില്‍ എന്‍.എസ്.ഇയും തൊട്ടടുത്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടു (2.11 ലക്ഷം കോടി)മാണ്. സോഹോ കോര്‍പറേഷന്‍ 1.03 ലക്ഷം കോടിയുടെ മൂല്യവുമായി മൂന്നാം സ്ഥാനത്ത്. സെരോധ (87,750 കോടി), മേഘ എഞ്ചിനീയറിംഗ് (77,860 കോടി), പാര്‍ലെ പ്രോഡക്ട്‌സ് (68,640 കോടി), ഇന്റാസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (68,150 കോടി), ഡ്രീം11 (67,860 കോടി), റേസര്‍പേ (63,620 കോടി), അമാല്‍ഗമേഷന്‍സ് (56,660 കോടി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT