https://www.olaelectric.com/
Markets

നഷ്ടം ₹428 കോടി, വരുമാനം പകുതിയായി കുറഞ്ഞു, ഒന്നാം പാദത്തില്‍ ഒല ഇലക്ട്രിക്കിന്റെ പ്രകടനം ഇങ്ങനെ, എന്നിട്ടും ഓഹരിക്ക് കുതിപ്പ്

മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 1,25,198 വണ്ടികള്‍ വിറ്റെങ്കില്‍ ഇക്കുറിയിത് 68,192 എണ്ണമായി കുറഞ്ഞു

Dhanam News Desk

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ (ola) നഷ്ടം 428 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തില്‍ കമ്പനിയുടെ മൊത്ത നഷ്ടം 347 കോടി രൂപയാണെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (2024-25) അവസാന പാദത്തിലുണ്ടായിരുന്ന 870 കോടി രൂപയുടെ നഷ്ടം കുറക്കാന്‍ കമ്പനിക്കായെന്നതും ശ്രദ്ധേയമാണ്.

ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം (Consolidated revenue) മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 49.6 ശതമാനം കുറഞ്ഞ് 828 കോടി രൂപയിലെത്തി. വില്‍പ്പനയില്‍ വന്ന കുറവാണ് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തില്‍ 1,644 കോടി രൂപയുടെ വരുമാനമാണ് ഒല ഇലക്ട്രിക്ക് റിപ്പോര്‍ട്ട് ചെയ്തത്. 2025ലെ മാര്‍ച്ച് പാദത്തില്‍ 611 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. തുടര്‍ന്ന് വന്ന പാദത്തില്‍ വരുമാനം 828 കോടി രൂപയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വില്‍പ്പനയിലും തിരിച്ചടി

വിപണിയില്‍ പുതിയ മോഡലുകളുമായി ബജാജ് ഓട്ടോ, ടി.വി.എസ് മോട്ടോഴ്‌സ്, ഏതര്‍ എനര്‍ജി എന്നിവര്‍ രംഗത്തിറങ്ങിയതാണ് ഒലയുടെ വില്‍പ്പനയില്‍ വലിയ കുറവുണ്ടാക്കിയതെന്നാണ് കരുതുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ 68,192 യൂണിറ്റുകളാണ് ഒല ഡെലിവറി ചെയ്തത്. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 1,25,198 യൂണിറ്റുകള്‍ ഡെലിവറി നടത്തിയതില്‍ നിന്നാണിത്.

ട്രെന്‍ഡ് ഇങ്ങനെ

ഈ കാലയളവില്‍ കമ്പനിയുടെ പലിശ, നികുതി എന്നിവക്ക് മുമ്പുള്ള നഷ്ടം (EBIDTA loss) 237 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 205 കോടി രൂപയായിരുന്നു. -12.5 ശതമാനമായിരുന്ന ലാഭം (മാര്‍ജിന്‍) -28.6 ശതമാനമായി. എന്നാല്‍ മൊത്തലാഭം (Gross Margin) മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 18.4 ശതമാനം ആയിരുന്നത് 25.8 ശതമാനമായി വര്‍ധിച്ചു. ഇത് കമ്പനിയുടെ സര്‍വകാല റെക്കോഡാണ്. അടുത്ത പാദങ്ങളിലും സമാന ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. 40,000-45,000 രൂപ വരെ ഓരോ വാഹനത്തിനും ലഭിക്കുന്ന പ്രോഡക്ട് ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി കൂടി വരുമ്പോള്‍ കമ്പനിയുടെ ഗ്രോസ് മാര്‍ജിന്‍ 35-40 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

പ്രതീക്ഷ

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 3.25 ലക്ഷം മുതല്‍ 3.75 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ് 4,200 മുതല്‍ 4,700 കോടി രൂപ വരെ വരുമാനം നേടണമെന്നാണ് കമ്പനിയുടെ ലക്ഷ്യം. പി.എല്‍.ഐ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ രണ്ടാം പാദം മുതല്‍ ലഭിച്ച് തുടങ്ങും. ഇതോടെ ഗ്രോസ് മാര്‍ജിന്‍ 35-40 ശതമാനം വരെയാകും. രണ്ടാം പാദം മുതല്‍ പോസിറ്റീവ് എബിഡ്റ്റയിലെത്തണമെന്നും കമ്പനി ലക്ഷ്യമിടുന്നു.

ഓഹരിക്ക് കുതിപ്പ്

ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഒല ഓഹരികള്‍ റെക്കോഡ് താഴ്ചയിലേക്ക് വീണിരുന്നു. ഒരോഹരിക്ക് 39.92 രൂപയിലാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 39.60 രൂപയിലേക്കും മാറി. എന്നാല്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി കുതിച്ചു. നിലവില്‍ (പകല്‍ 2.00 മണി) 15.38 ശതമാനം (6.12 രൂപ) ഉയര്‍ന്ന് 45.92 രൂപ എന്ന നിലയിലാണ് ഒല ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്.

Ola Electric posts a ₹428 crore net loss for Q1 FY 2026 as revenue slides 50 % year-on-year amid cooling e-scooter demand and subsidy cuts.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT