സംഘര്‍ഷഭരിതമായ ലോകസാഹചര്യങ്ങള്‍ക്കിടെ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രത്തിന്റെ തലപ്പത്ത് അഹംഭാവിയായ, വളരെ സ്വാര്‍ത്ഥനും അഭിപ്രായ സ്ഥിരത ഒട്ടുമില്ലാത്തവനുമായ ഒരു വ്യക്തി എത്തുകയും, അയാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദം കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന കാലമാണ് ഇത്. ചഞ്ചല ചിത്തനായ ട്രംപിന്റെ ഭരണത്തിന് കീഴില്‍ ഭൗമ-രാഷ്ട്രീയ സ്ഥിതികള്‍ അങ്ങേയറ്റം അസ്ഥിരവും പ്രവചനാതീതവുമാണ്. കോവിഡാനന്തരം 2020 മാര്‍ച്ചില്‍ തുടങ്ങിയ ബുള്‍ മാര്‍ക്കറ്റ് 2024 സെപ്റ്റംബറില്‍, അതായത് ഏതാണ്ട് കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്തോടെ അവസാനിച്ചിരിക്കുന്നു.
അതിന് ശേഷമുള്ള കഴിഞ്ഞ ഒരുവര്‍ഷം ഓഹരി വിപണിയില്‍ ചാഞ്ചാട്ടങ്ങളും താഴ്ചയുമാണുണ്ടായത്. ഇപ്പോള്‍ വിപണി ഏതാണ്ട് സ്ഥിരത ആര്‍ജിച്ച് വരുന്നു. വിപണിയുടെ പൊതു ചാക്രിക സ്വഭാവം വെച്ച് നമ്മള്‍ ഉടനെ പുതിയൊരു ബുള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കേണ്ടതാണ്.
എന്നിരുന്നാലും കോവിഡാനന്തരം ഉണ്ടായ ബുള്‍ മാര്‍ക്കറ്റിന് സമാനമായ വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഒന്നാകണം എന്നില്ല അത്. ഓഹരി നിക്ഷേപകര്‍ തങ്ങളുടെ നേട്ടപ്രതീക്ഷകള്‍ മിതപ്പെടുത്തി മുന്നോട്ട് പോകുന്നതാണ് നല്ലത്. മാത്രമല്ല, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന ഓഹരികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധയും പുലര്‍ത്തണം. ഒഴുകിയെത്തുന്ന ആഭ്യന്തര നിക്ഷേപത്തിന്റെ പിന്‍ബലത്തില്‍ നമ്മുടെ ഓഹരി വിപണി കരുത്തോടെ തന്നെ നിലകൊള്ളും. പ്രതിമാസം എസ്ഐപി വഴി വിപണിയിലെത്തുന്ന പണമൊഴുക്ക് ശക്തമായി തന്നെ തുടരുന്നു. മാത്രമല്ല, രാജ്യത്ത് ഓഹരി നിക്ഷേപ സംസ്‌കാരവും ശക്തിയാര്‍ജിച്ചു വരുന്നു.
കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഓഹരി നിക്ഷേപത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതെന്ന് കഴിഞ്ഞ ഓണക്കാലത്തും വായനക്കാര്‍ക്ക് ഞാന്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരണം, നിക്ഷേപകരെ സംബന്ധിച്ച് ആവേശം ഉണര്‍ത്തുന്ന കാലത്താകും കൂടുതല്‍ അബദ്ധങ്ങള്‍ സംഭവിക്കുക. ഇപ്പോള്‍ വിപണിയുടെ നില വ്യത്യസ്തമാണ്. തകര്‍ച്ചയ്ക്ക് ശേഷം പല ഓഹരികളും ആകര്‍ഷകമായി തീര്‍ന്നിട്ടുണ്ട്. അത്തരം ആകര്‍ഷകമായ വിലയില്‍ ലഭിക്കുന്ന നല്ല ഓഹരികളില്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപം നടത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന അത്തരം മൂന്ന് ഓഹരികളാണ് ഞാന്‍ ഈ ഓണത്തിന് തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. നിക്ഷേപ നേട്ടത്തോടൊപ്പം മാര്‍ജിന്‍ ഓഫ് സേഫ്റ്റി, അതായത് സുരക്ഷിതത്വവും കണക്കില്‍ എടുത്താണ് ഈ ഓഹരികള്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മൂന്ന് ഓഹരികളും ഒരൊറ്റ പോര്‍ട്ട്ഫോളിയോ ആയി പരിഗണിച്ച് നിക്ഷേപിക്കുന്നതാകും ഉചിതം.
ഓര്‍ക്കുക ഈ ഓഹരികളില്‍ എല്ലാം എനിക്കും ഇക്വിറ്റി ഇന്റലിജന്‍സിനും നിക്ഷേപ താല്‍പ്പര്യങ്ങളുണ്ട്.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
Zee Entertainment Enterprises Ltd (ZEEL)
നിലവിലെ താഴ്ന്ന വിലയില്‍ കമ്പനിയുടെ ആന്തരിക മൂല്യവുമായി ഒത്തുനോക്കുമ്പോള്‍ ZEEL ആകര്‍ഷകമായ നിക്ഷേപ അവസരമാണ്. എസ്സെല്‍ ഗ്രൂപ്പിലെ സാമ്പത്തിക പ്രശ്‌നങ്ങളും ആസ്തി വകമാറ്റല്‍ തുടങ്ങിയവയും സോണിയുമായുള്ള ലയന ചര്‍ച്ച അലസിയതുമെല്ലാം കമ്പനിയെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതികൂലമായി സ്വാധീനിക്കുകയും ഓഹരി വില ഇടിവിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാത്തരം നെഗറ്റീവ് ഘടകങ്ങളുടെയും സ്വാധീനം ഇതിനകം ഓഹരി വിലയില്‍ പ്രതിഫലിച്ചു കഴിഞ്ഞതായാണ് എന്റെ നിഗമനം. പുതിയ പരിതസ്ഥിതികള്‍ കണക്കാക്കി ഒരു റീറേറ്റിംഗിനും വില ഉയരാനും ഉള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ട്.
ഓപ്പറേഷണല്‍ ടേണ്‍ എറൗണ്ട് കഴിഞ്ഞതിന്റെ വ്യക്തമായ സൂചനകള്‍ ഇപ്പോള്‍ കമ്പനി പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. EBITDA മാര്‍ജിന്‍ നല്ല രീതിയില്‍ മെച്ചപ്പെട്ടു. ZEE OTT ആപ്പിന്റെ പ്രവര്‍ത്തന നഷ്ടം ഗണ്യമായ തോതില്‍ കുറഞ്ഞു. ഏതാണ്ട് 1,200 കോടി രൂപയുടെ ക്യാഷ് റിസര്‍വുണ്ട് കമ്പനിക്ക്. കൂടാതെ വളരെ സമ്പന്നമായ കണ്ടന്റ് ലൈബ്രറിയാണ് കമ്പനിക്കുള്ളത്. ഈ ലൈബ്രറിയുടെ സാമ്പത്തിക സാധ്യതകള്‍ കമ്പനി ഉപയോഗപ്പെടുത്തിത്തുടങ്ങി. മൂല്യമുള്ള കണ്ടന്റ് വരുമാനമാക്കി മാറ്റാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അവരുടെ പഴയ ഐപികള്‍ ദേശീയ, രാജ്യാന്തര ചാനലുകള്‍ വഴി ഉപയോഗിച്ചു തുടങ്ങി. മാത്രമല്ല, ഒട്ടേറെ സാമ്പത്തിക സാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ ഇനിയുമുണ്ട്. ZEE മ്യൂസിക്കിന്റെ സാമ്പത്തിക നേട്ടം ഉപയോഗപ്പെടുത്തല്‍, ZEE5 ന്റെയും മറ്റുള്ളവയുടെയും വളര്‍ച്ചാ സാധ്യത എന്നിവയെല്ലാം അതില്‍പ്പെടും. കമ്പനി റീറേറ്റിംഗിന് ഒരുങ്ങുകയാണ്. ഡിജിറ്റല്‍ രംഗത്തെ അവസരങ്ങള്‍ തേടുന്ന ആഭ്യന്തര കമ്പനികളോ, അല്ലെങ്കില്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന കമ്പനികളുമായോ ഉള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഏറ്റവും അനുയോജ്യമായ തലത്തിലുള്ള കമ്പനിയാണ് ZEE. അതായത് ലയന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വെറും 10,700 കോടി രൂപയുടെ വിപണി മൂല്യമാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. ദീര്‍ഘകാല നിക്ഷേപത്തിനായി ഓഹരി വാങ്ങാവുന്നതാണ്.
Geojit Financial Services Ltd
വായനക്കാരെ സംബന്ധിച്ച് മുഖവുര വേണ്ടാത്ത കമ്പനിയാണ് ജിയോജിത്. രാജ്യത്തെ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ സാന്നിധ്യം സജീവമാകുന്നതിന്റെ ഗുണഫലം ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ സജ്ജമാണ് ജിയോജിത്. ഒരു കാലത്ത് സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയെയാണ് ജിയോജിത് വലിയ തോതില്‍ ആശ്രയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് മേഖലകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ബ്രോക്കിംഗ് രംഗത്തുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് 60 ശതമാനമായിരുന്നു.
മ്യൂച്വല്‍ ഫണ്ട്, പിഎംഎസ്, ഇന്‍ഷുറന്‍സ്, അഡൈ്വസറി സര്‍വീസസ് എന്നീ മേഖലകളാണ് മറ്റ് വരുമാന സ്രോതസുകള്‍. കമ്പനിയുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആസ്തി ഒരുലക്ഷം കോടി രൂപയോളമാണ്. രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ ശക്തമായ സാന്നിധ്യവും കമ്പനിക്കുണ്ട്. അവിടങ്ങളില്‍ ഇനിയും വളര്‍ച്ചാ സാധ്യതയും ശേഷിക്കുന്നു. ഇതെല്ലാം ജിയോജിത്തിനെ പ്രൈവറ്റ് വെല്‍ത്ത് മാനേജ്മെന്റ് രംഗത്തെ ശക്തമായ കമ്പനിയാക്കി മാറ്റുന്നു. പ്രവാസികളെയും അതിസമ്പന്നരെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വഴി വെല്‍ത്ത് മാനേജ്മെന്റ് എയുഎം 1,500 കോടിയില്‍ നിന്ന് 20,000 കോടിയാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ശക്തമായ ബാലന്‍സ് ഷീറ്റ്, ലാഭകരമായ പ്രധാന ബിസിനസും ഉയര്‍ന്നുവരുന്ന ഉപകമ്പനികളിലുള്ള ബിസിനസ് എന്നിവയുടെയെല്ലാം പിന്‍ബലത്തില്‍ കമ്പനി സുസ്ഥിര വളര്‍ച്ചയ്ക്കായി സജ്ജമാണ്. നിലവിലെ വില നിലവാരം, ഈ മേഖലയിലെ സമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ താഴെയാണ്.
വ്യത്യസ്ത മേഖലകളില്‍ കരുത്തോടെ നില്‍ക്കുന്ന ബിസിനസ് മോഡല്‍ പരിഗണിക്കുമ്പോള്‍ റീറേറ്റിംഗിനുള്ള സാധ്യതയുണ്ട്.
ബിഎന്‍പി പാരിബയുടെ ശിഷ്ട ഓഹരികള്‍ വിറ്റൊഴിയുന്നത് റീറേറ്റിംഗിലേക്ക് നയിക്കാവുന്ന ഒരു കാര്യമാണ്. വെറും 2,000 കോടി വിപണി മൂല്യമുള്ള ജിയോജിത്, മള്‍ട്ടി ബാഗറാകാനുള്ള സാധ്യതയുണ്ട്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലത്തേക്ക് പരിഗണിക്കാവുന്ന കമ്പനിയാണ് ജിയോജിത്.
LIC Housing Finance Ltd
ഭവന വായ്പാ രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് എല്‍ഐസി ഹൗസിംഗ്. കമ്പനിയുടെ 85 ശതമാനത്തിലേറെ വായ്പകള്‍ വ്യക്തിഗത ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. വീട് തന്നെ പണയപ്പെടുത്തിയുള്ള, സുരക്ഷിതമായ വായ്പകളാണ് ഇവയൊക്കെ. അതുകൊണ്ട് തന്നെ സാമ്പത്തിക തളര്‍ച്ചാ കാലത്തും കമ്പനിയുടെ ലോണ്‍ ബുക്ക് സഹജമായ കരുത്തോടെ തന്നെ നിലനില്‍ക്കുന്നു. പ്രവര്‍ത്തന കണക്കുകളില്‍ കമ്പനി സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. മൊത്ത നിഷ്ക്രിയാസ്തി ഒരുവര്‍ഷം മുമ്പത്തെ 3.3 ശതമാനത്തില്‍ നിന്ന് 2.47 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു.
അറ്റലാഭം 2025 സാമ്പത്തിക വര്‍ഷത്തില്‍ 14 ശതമാനമായി ഉയര്‍ന്നു. മൂലധന പര്യാപ്തതാ അനുപാതം 23.2 ശതമാനമെന്ന ശക്തമായ നിലയിലാണ്. ദുര്‍ബലമായ സീസണുകളായ മാസങ്ങളില്‍ പോലും വായ്പാ വിതരണത്തില്‍ വര്‍ധനയുണ്ട്. ഏപ്രിലില്‍ 3,260 കോടി രൂപ വായ്പയായി വിതരണം ചെയ്തുവെങ്കില്‍ ജൂലൈയില്‍ അത് 5,500 കോടി രൂപയായി. ഉത്സവകാല സീസണില്‍ പ്രതിമാസ വായ്പാ വിതരണം 6,000-6,500 കോടി രൂപയിലെത്തിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. കമ്പനി അതിന്റെ പ്രവര്‍ത്തനം പുതിയ സാങ്കേതിക വിദ്യകളും ടൂളുകളും ഉപയോഗിച്ച് നവീകരിച്ചിട്ടുമുണ്ട്. ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗും പ്രോസസ് ഓട്ടോമേഷനും ചെറുനഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കരുത്തേകും. റിസ്‌കേറിയ പ്രോജക്ടുകള്‍ക്ക് വായ്പ നല്‍കുന്നത് പരമാവധി കുറച്ചിട്ടുണ്ട്. മികച്ച ബ്രാന്‍ഡ് പ്രതിച്ഛായയും ഉറച്ച അടിത്തറയുമുള്ള ഡെവലപ്പേഴ്സുമായാണ് ഇപ്പോള്‍ കൂടുതല്‍ സഹകരണം.
വെറും 0.8X പ്രൈസ് ടു ബുക്ക് വാല്യുവിലാണ് എല്‍ഐസി ഹൗസിംഗ് ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത്. AAA റേറ്റിംഗുള്ള ഒരു ലെന്‍ഡറെ സംബന്ധിച്ചിടത്തോളം ഇത് വളരെ താഴ്ന്ന തലത്തിലുള്ള വാല്വേഷനാണ്. മതിയായ ഈടുള്ള ലോണ്‍ പോര്‍ട്ട്ഫോളിയോ, മൂലധന പര്യാപ്തത, രാജ്യത്ത് ഭവന ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നത് എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ എല്‍ഐസി ഹൗസിംഗിന് മുന്നില്‍ വളര്‍ച്ചാ സാധ്യതയേറെയാണ്. 31,500 കോടി രൂപ വിപണി മൂല്യത്തില്‍ ഏറെ ആകര്‍ഷകമാണ് ഈ കമ്പനി. നിക്ഷേപകര്‍ക്ക് നല്ല കോംപൗണ്ടിംഗ് നേട്ടം പ്രതീക്ഷിക്കാവുന്നതാണ്.
(Originally published in Dhanam Magazine August 31-September 15, 2025 issue.)
Onam portfolio presented by Porinju Veliyath.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Read DhanamOnline in English
Subscribe to Dhanam Magazine