Image : Tata website and Canva 
Markets

വൻ ഹിറ്റായ ടാറ്റാ ടെക്കിന് പിന്നാലെ ടാറ്റയിൽ നിന്ന് വരുന്നു മറ്റൊരു വമ്പൻ ഐ.പി.ഒ

ടാറ്റാ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം 30 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത് അടുത്തിടെ

Dhanam News Desk

വളര്‍ച്ച, വിശ്വാസം - ഈ രണ്ട് കാര്യത്തിലും നിക്ഷേപകരുടെ മനസ്സില്‍ ഇടംപിടിച്ച വ്യവസായ സാമ്രാജ്യമാണ് ഇന്ത്യയുടെ സ്വന്തം ടാറ്റാ ഗ്രൂപ്പ്. വളര്‍ച്ചയുടെ പടവുകളില്‍ അതിവേഗം മുന്നേറുന്ന ടാറ്റ ഗ്രൂപ്പിലെ 17ലധികം വരുന്ന ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം (Market Cap) 30 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടതും അടുത്തിടെ. ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രൂപ്പുമാണ് ടാറ്റ.

15 ലക്ഷം കോടി രൂപയ്ക്കടുത്ത് വിപണിമൂല്യവുമായി ടി.സി.എസാണ് ഗ്രൂപ്പിലെ ഏറ്റവും മൂല്യമേറിയ കമ്പനി. മൂന്നുലക്ഷം കോടി രൂപയിലധികം വിപണിമൂല്യവുമായി ടാറ്റാ മോട്ടോഴ്‌സാണ് രണ്ടാംസ്ഥാനത്ത്.

ടാറ്റാ ഗ്രൂപ്പില്‍ നിന്ന് അവസാനം ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചത് ടാറ്റാ ടെക്‌നോളജീസായിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന ടാറ്റാ ടെക് ഐ.പി.ഒ 70 മടങ്ങോളം അധിക സബ്‌സ്‌ക്രിപ്ഷനും നേടി വലിയ ഹിറ്റുമായിരുന്നു. 3,000 കോടി രൂപയുടേതായിരുന്നു ഐ.പി.ഒ.

ടാറ്റയില്‍ നിന്ന് മാതൃകമ്പനിയായ ടാറ്റാ സണ്‍സ്, ടാറ്റാ പ്ലേ, ടാറ്റാ കാപ്പിറ്റല്‍ എന്നിവയും വൈകാതെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തുമെന്ന് ശ്രുതികളുണ്ട്. ഇപ്പോഴിതാ, മറ്റൊരു കമ്പനി ഇവയ്‌ക്കെല്ലാം മുമ്പേ ഐ.പി.ഒ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

ടാറ്റാ ഇലക്ട്രിക് ഐ.പി.ഒയ്ക്ക്

മാതൃകമ്പനിയായ ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് സ്വതന്ത്രമാക്കിയ വൈദ്യുത വാഹന നിര്‍മ്മാണ വിഭാഗമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയെ (TPEM, Tata.ev) അടുത്ത 12-18 മാസത്തിനകം ഓഹരി വിപണിയിലെത്തിക്കാനാണ് ശ്രമമെന്ന് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

100 മുതല്‍ 200 കോടി ഡോളര്‍ വരെ (ഏകദേശം 16,000 കോടി രൂപവരെ) ഉന്നമിടുന്നതായിരിക്കും ഐ.പി.ഒ. 70-80 ശതമാനം വിപണിവിഹിതവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇ.വി നിര്‍മ്മാണക്കമ്പനിയാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. നെക്‌സോണ്‍.ഇ.വി, ടിയാഗോ.ഇ.വി എന്നിവ ശ്രദ്ധേയ പ്രകടനമാണ് വിപണിയില്‍ കാഴ്ചവയ്ക്കുന്നത്.

മുന്നിലെ ലക്ഷ്യം

അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ടി.പി.ജിയില്‍ നിന്ന് 2023 ജനുവരിയില്‍ 100 കോടി ഡോളര്‍ (8,300 കോടി രൂപ) ഫണ്ടിംഗ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി നേടിയിരുന്നു. ഇലക്ട്രിക് വാഹനരംഗത്ത് അപ്രമാദിത്തം നിലനിറുത്താനുള്ള നടപടികള്‍ക്കായി 2026നകം 2,000 കോടി ഡോളര്‍ (16,000 കോടി രൂപ) നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ഐ.പി.ഒയ്ക്ക് ടാറ്റ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍.

മൂല്യം $10 ബില്യണ്‍

ഏകദേശം 1,000 കോടി ഡോളര്‍ (10 ബില്യണ്‍ ഡോളര്‍/83,000 കോടി രൂപ) മൂല്യമാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിക്കുള്ളതെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 2023-24ല്‍ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി വഴി ടാറ്റാ മോട്ടോഴ്‌സ് വിറ്റഴിച്ചത് 53,000 ഇലക്ട്രിക് കാറുകളാണ്. 2025ല്‍ ഒരുകോടി കാറുകളാണ് ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT