എംടിആർ (MTR), ഈസ്റ്റേൺ (Eastern) എന്നീ പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളുടെ മാതൃ കമ്പനിയായ ഓർക്ക്‌ല ഇന്ത്യ (Orkla India) ഇനി ഇന്ത്യൻ ഓഹരി വിപണിയിലേക്കും. 10,000 കോടി രൂപ വരെ മൂല്യം ലക്ഷ്യമിട്ടാണ് കമ്പനി പ്രാരംഭ ഓഹരി വില്‍പ്പന (IPO) പ്രഖ്യാപിച്ചിരിക്കുന്നത്.
നോർവീജിയൻ ഉപഭോക്തൃ ഉൽപ്പന്ന ഭീമനായ ഓർക്ക്‌ല എ.എസ്.എ-യുടെ ഇന്ത്യൻ വിഭാഗമായ ഓർക്ക്‌ല ഇന്ത്യ, ഓഹരിയൊന്നിന് 695 രൂപ മുതൽ 730 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. മൊത്തം 1,667.54 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒ, ഒക്ടോബർ 29 ന് ആരംഭിച്ച് ഒക്ടോബർ 31 ന് അവസാനിക്കും. 20 ഓഹരികൾ, അഥവാ 14,600 രൂപയാണ് ലോട്ട് വലുപ്പം.
ഈ ഐപിഒയുടെ പ്രധാന പ്രത്യേകത, ഇത് പൂർണ്ണമായും 'ഓഫർ ഫോർ സെയിൽ' (OFS) ആണ് എന്നതാണ്. അതായത്, നിലവിലെ ഓഹരി ഉടമകളാണ് ഓഹരികൾ വിൽക്കുന്നത്. ആയതിനാൽ, ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധനത്തിലേക്ക് പോകില്ല, പകരം നിലവിലെ ഓഹരി ഉടമകൾക്കാണ് ലഭിക്കുക. ഓർക്ക്‌ല ഏഷ്യ പസഫിക് പി.ടി.ഇ. ലിമിറ്റഡ്, നവാസ് മീരാൻ, ഫിറോസ് മീരാൻ തുടങ്ങിയവരുടെ ഓഹരികളാണ് വില്‍ക്കുന്നത്. 2.28 കോടി ഓഹരികളാണ് ഓഫറിലുള്ളത്.
നോർവീജിയൻ കമ്പനിയായ ഓർക്ക്‌ല, 2007-ലാണ് എംടിആർ ഫുഡ്‌സിനെ ഏറ്റെടുക്കുന്നത്. 2020-ൽ കേരള ആസ്ഥാനമായുള്ള ഈസ്റ്റേൺ കോണ്ടിമെന്റ്‌സിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. 2023-ൽ ഈ ബ്രാൻഡുകളെല്ലാം സംയോജിപ്പിച്ച് ഓർക്ക്‌ല ഇന്ത്യ എന്ന ഒറ്റ സ്ഥാപനത്തിന് കീഴിലാക്കി. മസാലകൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, പ്രഭാതഭക്ഷണ മിശ്രിതങ്ങൾ തുടങ്ങിയ 400-ഓളം ഉൽപ്പന്നങ്ങൾ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നുണ്ട്.
ഉയർന്ന ലാഭക്ഷമതയും ശക്തമായ ബ്രാൻഡ് അടിത്തറയുമുള്ള ഓർക്ക്‌ല ഇന്ത്യയുടെ വിപണി പ്രവേശം, പാക്കേജ്ഡ് ഭക്ഷ്യമേഖലയിലെ നിക്ഷേപകരെ സംബന്ധിച്ച് വലിയ ആകർഷണമാകും.
Orkla India announces price band for IPO.
Read DhanamOnline in English
Subscribe to Dhanam Magazine