ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിരക്കാരായ ഒയോയുടെ (oyo) പ്രാഥമിക ഓഹരിവില്പന (initial public offering) വൈകിയേക്കില്ല. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഐ.പി.ഒക്കു മുമ്പ് സെബി മുമ്പാകെ ഫയല്‍ ചെയ്യുന്ന പ്രാഥമിക രേഖയാണ് ഡി.ആര്‍.എച്ച്.പി (Draft Red Herring Prospectus). നിക്ഷേപകരുടെ അറിവിലേക്കായി കമ്പനിയെക്കുറിച്ച അവശ്യവിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും.
അടുത്തയാഴ്ച്ച ഡയറക്ടര്‍ ബോര്‍ഡിന് മുന്നില്‍ ഈ വിഷയം എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 58,000-66,000 കോടി രൂപയുടെ മൂല്യമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്. ഓഹരിയൊന്നിന് 70 രൂപ നിരക്കിലാകും വിപണിയില്‍ പ്രവേശിക്കുകയെന്നാണ് സൂചന.
ഈ വര്‍ഷം തന്നെ ഐപിഒ ഉണ്ടാകുമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം അനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ടു പോകുകയെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.
ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് കമ്പനി കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി പ്രധാന ബാങ്കിംഗ് പങ്കാളികളുമായി ചര്‍ച്ചയിലാണ്. ജപ്പാനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഒയോയുടെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ്. 47 ശതമാനം ഓഹരി പങ്കാളിത്തമാണ് അവര്‍ക്കുള്ളത്.
ലിസ്റ്റിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നതും സോഫ്റ്റ്ബാങ്കാണ്. ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, ജെഎം ഫിനാന്‍ഷ്യല്‍ അടക്കമുള്ള സ്ഥാപനങ്ങളുമായി സോഫ്റ്റ്ബാങ്ക് മാര്‍ക്കറ്റ് അന്തരീക്ഷം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2021 മുതല്‍ ഐപിഒ പദ്ധതി ഒയോയ്ക്കുണ്ട്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഓഹരി വില്പന വൈകുകയായിരുന്നു. ആദ്യവട്ടം കോവിഡ് സൃഷ്ടിച്ച വിപണി മാന്ദ്യത മൂലം ഐപിഒ പദ്ധതി ഉപേക്ഷിച്ചു. 2023 ജനുവരിയിലാകട്ടെ ഒയോയുടെ മാതൃകമ്പനിയായ ഒറാവല്‍ സ്റ്റേയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്റ്റസ് സെബി തിരികെ നല്കിയിരുന്നു. വിവരങ്ങളില്‍ പൂര്‍ണതയില്ലാത്തതായിരുന്നു കാരണം. അന്ന് ഓഹരിവിപണിയില്‍ നിന്ന് 8,430 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്.
സമീപകാലത്തെ വലിയ തിരിച്ചടികള്‍ക്കു ശേഷം മികച്ച തിരിച്ചുവരവാണ് ഒയോ നടത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 623 കോടി രൂപയാണ് കമ്പനിയുടെ ലാഭം. തൊട്ടു മുന്‍ വര്‍ഷത്തെക്കാള്‍ ലാഭത്തില്‍ 172 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ആഗോള തലത്തില്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വ് നിലനില്‍ക്കുന്നതും പ്രീമിയം സെക്ടറില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിച്ചേക്കുമെന്നതും കമ്പനിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. 2012ല്‍ റിതേഷ് അഗര്‍വാളാണ് ഒയോ സ്ഥാപിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine