chatgpt 
Markets

ഇന്നലെ താഴ്ന്നത് 6,000 പോയിന്റ്, ഇന്ന് തിരിച്ചുവരവ്; പാക് ഓഹരിവിപണിയില്‍ സര്‍വത്ര നാടകീയത

പാക്കിസ്ഥാന്‍ ഓഹരിവിപണിക്ക് അടിതെറ്റിയുള്ള വീഴ്ചകള്‍ ഇതാദ്യമല്ല

Dhanam News Desk

സാമ്പത്തിക രംഗത്ത് നിരന്തരം തിരിച്ചടികള്‍ നേരിടുന്ന പാക്കിസ്ഥാന്‍ അടുത്ത കാലത്തായി ഓഹരി വിപണിയിലും അത്ര മികച്ച പ്രകടനമല്ല കാഴ്ച്ചവയ്ക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയശേഷം പാക്കിസ്ഥാന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (PSX) കഴിഞ്ഞയാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എണ്ണവില കുത്തനെ വര്‍ധിക്കുന്നത് പാക് കമ്പനികള്‍ക്കും സര്‍ക്കാരിനും വലിയ പ്രഹരമാണ് നല്കുന്നത്.

ഇറാന്‍-യുഎസ് യുദ്ധത്തില്‍ ഇടനില നിന്നിട്ടും ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇന്നലെ കറാച്ചി ഇന്‍ഡക്‌സ് 6,000 പോയിന്റ് താഴ്ന്നിരുന്നു. അതേസമയം, ഇന്ന് 4,000 പോയിന്റിലേറെ തിരിച്ചുവരികയും ചെയ്തു. ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ വീണ്ടും ഉയര്‍ന്നുവരുന്നുവെന്ന യുഎസ് വൈസ്പ്രസിഡന്റ് ജെഡി വാര്‍സിന്റെ പ്രസ്താവനയാണ് ഇതിന് കാരണം.

കറാച്ചി ഇന്‍ഡക്‌സ് 4,300ലേറെ ഉയര്‍ന്നപ്പോള്‍ കെഎസ്ഇ30 2.68 ശതമാനം ഉയര്‍ന്ന് 49,762 പോയിന്റിലെത്തി. ക്രൂഡ്ഓയില്‍ വിതരണം തടസപ്പെട്ടതോടെ പാക്കിസ്ഥാനില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

വലിയ വീഴ്ചകള്‍ സ്ഥിരം

പാക്കിസ്ഥാന്‍ ഓഹരിവിപണിക്ക് അടിതെറ്റിയുള്ള വീഴ്ചകള്‍ ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ പാക് ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു. ഒരുഘട്ടത്തില്‍ പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് പോലും പ്രവര്‍ത്തനരഹിതമായി.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി കടന്ന് പാക് ഭൂപ്രദേശങ്ങളില്‍ ആക്രമണം നടത്തിയ സമയത്തും ഓഹരിവിപണിയില്‍ വലിയ തകര്‍ച്ച സംഭവിച്ചിരുന്നു. അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയിലാണ് പാക്കിസ്ഥാന്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT