Markets

ചെറുവായ്പകള്‍ കുത്തനെ കുറയ്ക്കാന്‍ പേയ്ടിഎം, ഓഹരിയില്‍ വന്‍ ഇടിവ്

ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും വലിയ ഇന്‍ട്രാ ഡേ താഴ്ച

Dhanam News Desk

പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്ഥാപനമായ പേയ്ടിഎം ഓഹരികള്‍ ഇന്ന് 20 ശതമാനത്തോളം ഇടിഞ്ഞു. ഉപഭോക്തൃ വായ്പകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കിയ സാഹചര്യത്തില്‍ 50,000 രൂപയില്‍ താഴെയുള്ള വായ്പകള്‍ കുറയ്ക്കുന്നുവെന്ന കമ്പനിയുടെ തീരുമാനമാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രമുഖ ബ്രോക്കറേജുകള്‍ പേയ്ടിഎമ്മിന്റെ റേറ്റിംഗ് കുറച്ചതും തിരിച്ചടിയായി. ഗോൾഡ്മാന്‍ സാക്‌സ് ബൈ സ്റ്റാറ്റസിൽ നിന്ന് ന്യൂട്രലിലേക്കാണ് ഓഹരികളെ റേറ്റ് ചെയ്തത്. കൂടാതെ ഓഹരിവില ലക്ഷ്യം 1,250 രൂപയില്‍ നിന്ന് 840 രൂപയായി കുറയ്ക്കുകയും ചെയ്തു.

ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും വലിയ ഇന്‍ട്രാ ഡേ താഴ്ചയാണ് കമ്പനി ഇന്ന് രേഖപ്പെടുത്തിയത്. റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന തുകയിലുള്ള വ്യക്തിഗത, വാണിജ്യ വായ്പകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ഇന്നലെയാണ് പേയ്ടിഎം വ്യക്തമാക്കിയത്. പുതിയ തീരുമാനം കമ്പനിയുടെ വായ്പാ വിതരണത്തില്‍ കുറവു വരുത്തും.

തുടർച്ചയായ ഇടിവ് 

ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 18.65 ശതമാനം ഇടിഞ്ഞ് 661.35 രൂപയിലാണ് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഓഹരിയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 29.4 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് പേയ്ടിഎം. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ പക്ഷെ 26 ശതമാനത്തിലധികം നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.

 തുടര്‍ച്ചയായി നഷ്ടം സമ്മാനിക്കുന്നത് മൂലം പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റിന്റെ സ്ഥാപനമായ ബെർക്ഷെയർ ഹാത്വേ  വണ്‍97 കമ്മ്യൂണിക്കേഷനിലെ 2.46 ശതമാനം ഓഹരികള്‍ 1,371 കോടി രൂപയ്ക്ക് അടുത്തിടെ വിറ്റഴിച്ചിരുന്നു. ഓഹരി ഒന്നിന് ശരാശരി 877 രൂപ നിരക്കില്‍ 1.56 കോടിയിലധികം ഓഹരികളാണ് ബെർക്ഷെയർ ഹാത്വേയുടെ അനുബന്ധസ്ഥാപനമായ ബി.എച്ച് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് വിറ്റഴിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT