Markets

2022ല്‍ 1000 ശതമാനത്തിലധികം നേട്ടം നല്‍കിയ പെന്നി സ്റ്റോക്കുകള്‍!!

22 പാദങ്ങളായി തുടര്‍ച്ചയായി നഷ്ടം നേരിടുന്ന കമ്പനിയും പട്ടികയിലുണ്ട്

Dhanam News Desk

ഈ വര്‍ഷം അവസാനിക്കാറാവുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി വലിയ ചാഞ്ചാട്ടങ്ങലിലൂടെയാണ് കടന്നു പോവുന്നത്. ഇക്കാലയളവില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കിയ ഓഹരികള്‍ നിരവധിയാണ്. 2022ല്‍ 1000 ശതമാനത്തിലധികം നേട്ടം നല്‍കിയ പെന്നി സ്റ്റോക്കുകളെ അറിയാം (2022 ഡിസംബര്‍ 23ലെ വിപണിയെ അടിസ്ഥാനമാക്കിയാണ് ഓഹരികളുടെ വിലയും നേട്ടവും കണക്കാക്കിയിരിക്കുന്നത്)

കൈസെര്‍ കോര്‍പറേഷന്‍(Kaiser Corporation) - മാഗസിന്‍ -ലേബല്‍ പ്രിന്റിംഗ്, കാര്‍ട്ടനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനിയാണ് കൈസെര്‍ കോര്‍പറേഷന്‍. ഈ വര്‍ഷം കമ്പനിയുടെ ഓഹരികള്‍ ഉയര്‍ന്നത് 1600 ശതമാനത്തോളം ആണ്. ജനുവരിയില്‍ 2.80 രൂപയായിരുന്ന കൈസെര്‍ ഓഹരികളുടെ ഇപ്പോഴത്തെ വില 49.65 രൂപയാണ്. തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയ കമ്പനിയാണ് കൈസര്‍ കോര്‍പറേഷന്‍. സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് 10.43 രൂപയാണ് കമ്പനിയുടെ ബാധ്യത.

അലെയന്‍സ് ഇന്റഗ്രേറ്റഡ് മെറ്റാലിക്‌സ് (Alliance Integrated Metaliks)- പാലങ്ങള്‍, ടവറുകള്‍ തുടങ്ങിയവയ്ക്കുള്ള സാമഗ്രികള്‍ നിര്‍മിച്ച് നല്‍കുന്ന കമ്പനിയാണ് അലെയന്‍സ്. 2.71 രൂപയില്‍ നിന്ന് ഓഹരി വില ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 39.90 രൂപയിലാണ്. ഈ വര്‍ഷം 1,304.93 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. തുടര്‍ച്ചയായി 22 പാദങ്ങളായി നഷ്ടം നേരിടുന്ന കമ്പനിയാണ് അലെയന്‍സ്.

അഷ്‌നിഷ ഇന്‍ഡസ്ട്രീസ് (Ashnisha Industries)- സ്റ്റീല്‍, സ്റ്റീല്‍ അലോയി എന്നിവയുടെ ഉല്‍പ്പാദനം വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അഷ്‌നിഷ ഇന്‍ഡസ്ട്രീസ്. ട്രേഡിംഗ്-ഇന്‍വസ്റ്റ്‌മെന്റ് സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. ജനുവരിയില്‍ 0.98 പൈസയായിരുന്നു കമ്പനിയുടെ ഓഹരി വില. നിലവില്‍ അത് 1,300 ശതമാനം ഉയര്‍ന്ന് 13.72 രൂപയിലാണ് വ്യാപാരം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1.15 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 7 ലക്ഷം രൂപയുടെ അറ്റാദായവും ഇക്കാലയളവില്‍ കമ്പനി നേടി.

ഹേമംഗ് റിസോഴ്സസ് (Hemang Resources) - കോള്‍ (കല്‍ക്കരി) ട്രേഡിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഹേമംഗ് റിസോഴ്സസ്. 2022ന്റെ തുടക്കത്തില്‍ മൂന്ന് രൂപയോളം ആയിരുന്നു ഈ കോള്‍ കമ്പനിയുടെ വില. 2,026.60 ശതമാനം നേട്ടമാണ് ഈ വര്‍ഷം കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയത്. ഈ വര്‍ഷം ഏറ്റവും അധികം നേട്ടം നല്‍കിയ പെന്നി സ്റ്റോക്കും ഇതാണ്. നിലവില്‍ 66.35 രൂപയാണ് ഓഹരികളുടെ വില. സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ വരുമാനം ഉയര്‍ന്നത് കമ്പനിക്ക് നേട്ടമായി. ഇക്കാലയളവില്‍ 155.53 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 19.52 കോടി രൂപയുടെ അറ്റാദായവും നേടി.

ഇത് ഒരു ധനം ഓഹരി നിര്‍ദ്ദേശമല്ല. ഓഹരി വിപണി ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. വിദഗ്ധ പഠനത്തിന് ശേഷം മാത്രം നിക്ഷേപിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT