ഇത്തവണത്തെ പൊതുബജറ്റിൽ ലയനം പ്രഖ്യാപിച്ചതോടെയാണ് പവർ ഫിനാൻസ് കോർപറേഷൻ (പിഎഫ്സി), ആർഇസി ഓഹരികൾ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളായത്. രണ്ടും പൊതുമേഖല കമ്പനികളായതുകൊണ്ടും മികച്ച രീതിയിൽ മുടങ്ങാതെ ഡിവിഡന്റ് നൽകുന്ന പതിവുള്ളതിനാലും റീട്ടെയിൽ നിക്ഷേപകർക്കിടയിലും പ്രചാരമുള്ള ഓഹരികളാണിത്.
ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കമ്പനികളുടെ ലയനം പ്രഖ്യാപനത്തിന് പിന്നാലെ കാബിനറ്റ് സമിതിയുടെ അംഗീകാരം നൽകിയിരുന്നു. ഫെബ്രുവരി 6-ന് പിഎഫ്സി, ആർഇസി കമ്പനികളുടെ ഡയറക്ടർ ബോർഡ് യോഗം സർക്കാർ തീരുമാനം തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിൽ രണ്ട് ഓഹരികളുടേയും നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
നിലവിൽ പിഎഫ്സിയുടെ ഉപകമ്പനിയായാണ് ആർഇസി പ്രവർത്തിക്കുന്നത്. 2019-ൽ സർക്കാരിന്റെ കൈവശമുണ്ടായിരുന്ന ആർഇസിയുടെ 52.63 ശതമാനം ഓഹരികൾ 14,500 കോടി രൂപയ്ക്ക് ഏറ്റെടുത്തതോടെയാണ് പിഎഫ്സിയുടെ ഉപകമ്പനിയായി മാറിയത്. രണ്ടും നവരത്ന പദവിയുള്ള പൊതുമേഖല കമ്പനികളാണ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ പിഎഫ്സി ഓഹരി 414 രൂപയിലും ആർഇസി ഓഹരി 356 രൂപയിലുമാണ് ക്ലോസിങ് കുറിച്ചിരിക്കുന്നത്.
സർക്കാർ നിർദേശിച്ചതുപോലെ പിഎഫ്സിയും ആർഇസിയും തമ്മിൽ ലയിക്കുന്നതോടെ ഊർജ മേഖലയിൽ 11.5 ലക്ഷം കോടി രൂപ ലോൺ ബുക്കുള്ള (വായ്പ നൽകിയിട്ടുള്ള) വമ്പൻ ധനകാര്യ സേവന സ്ഥാപനമായി മാറും. അതേസമയം സർക്കാർ, കമ്പനി തലങ്ങളിൽ ലയനം അംഗീകരിച്ചെങ്കിലും ഔദ്യോഗിക ഏജൻസികളിൽ നിന്നുള്ള അനുമതി കൂടി ലഭ്യമാകേണ്ടതുണ്ട്. അതിനുശേഷമാകും ലയനത്തിന്റെ ഭാഗമായുള്ള ഓഹരി കൈമാറ്റ അനുപാതം (Swap Ratio) പ്രഖ്യാപിക്കുക.
രണ്ട് കമ്പനികളും ഒന്നാകുമ്പോൾ ഉടമസ്ഥതയിൽ നേരിടാവുന്ന ഘടനാപരമായ വെല്ലുവിളികൾ ലയന നടപടികളെ വൈകിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു. പിഎഫ്സിയിലും ആർഇസിയിലും നിലവിലുള്ള സർക്കാർ ഓഹരി വിഹിതം അടിസ്ഥാനമാക്കിയാൽ ലയനശേഷമുള്ള കമ്പനിയിൽ സർക്കാർ വിഹിതം 42 ശതമാനത്തിലേക്ക് താഴാം. പൊതുമേഖല സ്ഥാപനം എന്ന ലേബൽ കിട്ടുവാൻ സർക്കാർ ഓഹരി വിഹിതം ചുരുങ്ങിയത് 51 ശതമാനമെങ്കിലും നിലനിർത്തണമെന്നാണ് വ്യവസ്ഥ.
ഈയൊരു പ്രശ്നം മറികടക്കാൻ വലിയ തോതിലുള്ള ബൈബാക്ക്, പുതിയ മൂലധന നിക്ഷേപം, നിയമഭേദഗതി എന്നിങ്ങനെയുള്ള പ്രതിവിധി തേടേണ്ടിവരുമെന്നാണ് നിഗമനം. ഇവയിലേത് മാർഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിലും ഇപ്പോൾ നിശ്ചയിച്ചതിനേക്കാളും വൈകി മാത്രമേ പിഎഫ്സി - ആർഇസി ലയനം പൂർത്തിയാകൂ എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
രണ്ട് കമ്പനികളും ഊർജ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ ലയനശേഷം ഉടനടി ഓഹരികളുടെ മൂല്യമതിപ്പിൽ (വാല്യൂവേഷൻ) വലിയൊരു മാറ്റം കൊണ്ടുവരില്ലെന്നാണ് എംകെ ഗ്ലോബലിന്റെ റിപ്പോർട്ടിൽ പറയുന്നത്. കമ്പനികൾ പ്രവർത്തിക്കുന്ന ഊർജ സെക്ടറിലെ ഉണർവാകും ലയനശേഷമുള്ള മൂല്യമതിപ്പ് മെച്ചപ്പെടുത്തുക. കമ്പനിക്ക് ഏറെ എക്സ്പോഷറുള്ള പരമ്പരാഗത താപവൈദ്യുത പദ്ധതികളുടെ ബിസിനസ് സാധ്യതയാണ് ഇതിന് നിർണായകം.
അതുപോലെ കമ്പനികളുടെ ലയനത്തിന്റെ ഭാഗമായി നിശ്ചയിക്കുന്ന ഓഹരി കൈമാറ്റ അനുപാതവും (സ്വാപ് റേഷ്യോ) ലയനശേഷമുള്ള ഓഹരിയുടെ സാധ്യത മെച്ചപ്പെടുത്താവുന്ന ഘടകമാണ്. എന്നാൽ ഓഹരി കൈമാറ്റ അനുപാതം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പിഎഫ്സിയും ആർഇസിയും ലയിക്കുന്നതുകൊണ്ട് കാര്യക്ഷമത മെച്ചപ്പെടുമെങ്കിലും പൊതുമേഖലയിൽ പുതിയ വികസന പദ്ധതികൾക്കായുള്ള മൂലധന ചെലവിടലാകും ഓഹരിയുടെ ഭാവിഗതി നിർണയിക്കുന്നതിൽ മുഖ്യമെന്നാണ് എംകെ ഗ്ലോബൽ സൂചിപ്പിച്ചത്.
മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine