യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനറിക് മരുന്നുകളെ പുതിയ താരിഫുകളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന വാർത്തയെത്തുടർന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഓഹരികൾക്ക് വിപണിയിൽ മുന്നേറ്റം. അരബിന്ദോ ഫാർമ, ലുപിൻ, ഡോ. റെഡ്ഡീസ് തുടങ്ങിയ പ്രമുഖ ഫാർമ കമ്പനികളുടെ ഓഹരികൾ വ്യാഴാഴ്ച രാവിലത്തെ സെഷനില്‍ 4 ശതമാനം വരെ ഉയർന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അമേരിക്കയിലേക്ക് വൻതോതിൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് വലിയ ആശ്വാസമാകുന്നതായിരിക്കും നടപടി.
പേറ്റന്റ് ചെയ്ത ബ്രാൻഡഡ് ഔഷധ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ജനറിക് മരുന്നുകളുടെ താരിഫ് സംബന്ധിച്ച് വളരെയധികം ആശങ്കകൾ ഉയർന്നിരുന്നു. ഈ താരിഫ് നടപ്പിലാക്കിയാൽ, ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ നിർമ്മാണച്ചെലവ് കൂടുകയും അത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലാഭത്തെ (Profit Margins) കാര്യമായി ബാധിക്കുകയും ചെയ്യും. ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് യു.എസില്‍ നിലവിൽ പുതിയ താരിഫുകളൊന്നുമില്ല.
ജനറിക് മരുന്നുകളെ ഈ താരിഫിൽ നിന്ന് ഒഴിവാക്കിയാൽ, നിലവിലെ പോലെ കുറഞ്ഞ ചെലവിൽ യു.എസിലേക്ക് കയറ്റുമതി തുടരാനാകും. ഇത് കമ്പനികളുടെ ലാഭക്ഷമത നിലനിർത്താൻ സഹായിക്കും.
ജനറിക് മരുന്നുകളെ പുതിയ താരിഫിൽ നിന്ന് ഇളവ് നൽകാനുള്ള ആലോചനകൾ ഇന്ത്യൻ ഫാർമ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ജനറിക് മരുന്നുകൾക്ക് നികുതി ചുമത്തുന്നത് യു.എസിലെ രോഗികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ തിരിച്ചറിവാണ് വൈറ്റ് ഹൗസിൻ്റെ അനുകൂല നീക്കത്തിന് പിന്നിൽ.
ജനറിക് മരുന്നുകൾക്ക് താരിഫ് ചുമത്താതിരിക്കുന്ന നടപടി മൂലം വരുമാനത്തെയും വളർച്ചാ സാധ്യതകളെയും പ്രതികൂലമായി ബാധിക്കില്ല എന്നത് ഇന്ത്യൻ കമ്പനികള്‍ക്ക് ഗുണകരമാണ്. ഇത് യു.എസ്. വിപണിയിലെ അവരുടെ ആധിപത്യം തുടരാനും ലാഭക്ഷമത സംരക്ഷിക്കാനും സഹായിക്കും. ഇത് ഇന്ത്യൻ ഫാർമ മേഖലയുടെ ഭാവി വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വിപണി.
ഉച്ചകഴിഞ്ഞുളള വ്യാപാരത്തില്‍ അരബിന്ദോ ഫാർമ മൂന്ന് ശതമനാത്തിലധികം ഉയര്‍ന്ന് 1,111 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ലുപിൻ ഓഹരി 2 ശതമാനത്തിലധികം ഉയര്‍ന്ന് 1,956 രൂപയിലാണ് വ്യാപാരം.
Indian pharma stocks surge as Trump considers exempting generic drugs from new tariffs, boosting market optimism.
Read DhanamOnline in English
Subscribe to Dhanam Magazine