പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ (ഡ്രാഫ്ട് റെഡ് ഹിയറിംഗ് പ്രോസ്പക്ട്‌സ്-DRHP) സമര്‍പ്പിച്ചു. സ്വകാര്യ മാര്‍ഗത്തിലുള്ള ഫയലിംഗാണ് കമ്പനി നടത്തിയിരിക്കുന്നത്.
അപേക്ഷ വിവരങ്ങള്‍ പൊതുമധ്യത്തില്‍ നിന്ന് രഹസ്യമായി സൂക്ഷിക്കാന്‍ ഈ വഴി തിരഞ്ഞെടുക്കുന്നതിലൂടെ സാധിക്കും. ടാറ്റ ക്യാപിറ്റല്‍, സ്വിഗ്ഗി, വിശാല്‍ മെഗാമാര്‍ട്ട്, ഇന്ദിര ഐവിഎഫ് തുടങ്ങി കമ്പനികളും ഈ രീതിയിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 12,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് ഫോണ്‍പേ തയാറെടുക്കുന്നത്. ഈ വര്‍ഷം നടക്കുന്ന വലിയ ഐപിഒകളിലൊന്നാകുമിത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കും. മൂന്നു നിക്ഷേപകരും ചേര്‍ന്ന് 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് വിവരം.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവരാകും ഓഹരി വില്പനയിലെ ഉപദേശക സ്ഥാപനങ്ങള്‍. വാള്‍മാര്‍ട്ടാണ് ഫോണ്‍പേയില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ളവര്‍.
ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ മുന്‍നിരക്കാരായ ഫോണ്‍പേ 2024-25 സാമ്പത്തികവര്‍ഷം നഷ്ടം നേരിയതോതില്‍ കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 1,996 കോടി രൂപയില്‍ നിന്ന് നഷ്ടം 1,720 കോടി രൂപയിലേക്ക് നഷ്ടം താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനം 40 ശതമാനം ഉയര്‍ന്ന് 7,115 കോടി രൂപയായി. 5,064 കോടി രൂപയില്‍ നിന്നാണ് വരുമാന വര്‍ധന.
2016 ഓഗസ്റ്റിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായി ഫോണ്‍പേ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2024 മാര്‍ച്ചില്‍ ഉപയോക്താക്കളുടെ എണ്ണം 53 കോടിയായി ഉയര്‍ന്നു. ഇതില്‍ 20 കോടിക്ക് മുകളില്‍ സജീവ ഉപയോക്താക്കളാണ്. ഓരോ മാസവും 770 കോടി ഇടപാടുകള്‍ ഫോണ്‍പേ വഴി നടക്കുന്നുവെന്നാണ് കണക്ക്. 10.5 ലക്ഷം കോടിയുടെ മൂല്യം വരും ഈ ഇടപാടുകള്‍ക്ക്.
കഴിഞ്ഞ ആറുമാസത്തിനിടെ സിംഗപ്പൂര്‍, യു.എ.ഇ, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഫോണ്‍പേ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഫോണ്‍പേ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine