Markets

യുദ്ധത്തില്‍ ഫോണ്‍പേയ്ക്കും 'ധൈര്യക്കുറവ്' ഐപിഒ പ്ലാനില്‍ മനംമാറ്റം; കമ്പനി പറയുന്നതിങ്ങനെ

വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയവര്‍ ഐപിഒയിലൂടെ അവരുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്

Dhanam News Desk

രാജ്യത്തെ മുന്‍നിര പേയ്‌മെന്റ് ആപ്ലിക്കേഷനായ ഫോണ്‍പേയുടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) വൈകും. കഴിഞ്ഞ സെപ്റ്റംബറില്‍ ഓഹരിവില്പനയ്ക്കായി സെബിക്ക് അപേക്ഷ നല്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അനുമതി ലഭിക്കുകയും ചെയ്തു. ഓഹരി വില്പനയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് യുദ്ധം വില്ലനായെത്തിയത്. വിപണിയിലെ അനിശ്ചിതത്വമാണ് ഐപിഒ മാറ്റിവയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

മാര്‍ക്കറ്റ് സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഐപിഒ നടത്തുമെന്ന് ഫോണ്‍പേ സിഇഒ സമീര്‍ നിഗം പി.ടി.ഐക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2016ലാണ് ഫോണ്‍പേ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. ഇന്ന് 48 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയില്‍ മുന്‍നിരക്കാരാണ് കമ്പനി.

2025 സെപ്റ്റംബര്‍ 30ന് വരെ 65 കോടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ ഫോണ്‍പേയ്ക്കുണ്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍പേയേക്കാള്‍ വിപണി ഫോണ്‍പേയ്ക്കുണ്ട്. വാള്‍മാര്‍ട്ട് അടക്കം ആഗോള നിക്ഷേപകര്‍ ഫോണ്‍പേയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയവര്‍ ഐപിഒയിലൂടെ അവരുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. ഓഹരി വില്പനയിലൂടെ 12,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നഷ്ടത്തില്‍ കുറവ്

2024-25 സാമ്പത്തികവര്‍ഷം ഫോണ്‍പേയ്ക്ക് നഷ്ടത്തില്‍ നേരിയ കുറവ് വരുത്താന്‍ കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 1,996 കോടി രൂപയില്‍ നിന്ന് നഷ്ടം 1,720 കോടി രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനം 40 ശതമാനം ഉയര്‍ന്ന് 7,115 കോടി രൂപയായി. 5,064 കോടി രൂപയില്‍ നിന്നാണ് വരുമാന വര്‍ധന. 2016 ഓഗസ്റ്റിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായി ഫോണ്‍പേ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്

കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തിനുശേഷം വിദേശ നിക്ഷേപകര്‍ തിരിച്ചു വരുന്നുവെന്ന തോന്നല്‍ വിപണിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയശേഷം 52,704 കോടി രൂപയുടെ വിറ്റഴിക്കലാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. 66,051 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഈ വര്‍ഷം മാത്രം വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കി.

PhonePe delays its IPO due to market uncertainty triggered by war despite strong growth and leading market share in India’s digital payments sector

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT