Markets

യുഎസിലേക്ക് ഇല്ല, പൈന്‍ ലാബ്‌സ് ഇന്ത്യയില്‍ ലിസ്റ്റ് ചെയ്‌തേക്കും

യുഎസ് വിപണിയില്‍ ടെക്ക് കമ്പനി ഓഹരികള്‍ നേരിടുന്ന തിരിച്ചടി കണക്കിലെടുത്താണ് പിന്മാറ്റം. 1998ല്‍ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയാണ് പൈന്‍ ലാബ്‌സ്

Dhanam News Desk

നാസ്ഡാക്ക് (Nasdaq) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം പൈന്‍ ലാബ്‌സ് (Pine Labs). 500 മില്യണ്‍ ഡോളറിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയായിരുന്നു (IPO) യുഎസില്‍ പൈന്‍ ലാബ്‌സ് ലക്ഷ്യമിട്ടത്. ഐപിഒയ്ക്കായി ഈ വര്‍ഷം ജനുവരിയില്‍ കമ്പനി യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ചസ് കമ്മീഷനില്‍ രഹസ്യ ഫയലിംഗ് നടത്തിയിരുന്നു.

യുഎസ് വിപണിയില്‍ ടെക്ക് കമ്പനി ഓഹരികള്‍ നേരിടുന്ന തിരിച്ചടി പരിഗണിച്ചാണ് പൈന്‍ ലാബ്‌സിന്റെ പിന്മാറ്റം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നത്. സെക്കോയ ഇന്ത്യക്കും മാസ്റ്റര്‍ കാര്‍ഡിനും നിക്ഷേപമുള്ള കമ്പനിയാണ് പൈന്‍ ലാബ്‌സ്. അതേ സമയം കമ്പനിയുടെ ഇന്ത്യന്‍ ഐപിഒ ഉടന്‍ നടക്കില്ലെന്നാണ് വിവരം. സിംഗപ്പൂരിലാണ് പൈന്‍ ലാബ്‌സിന്റെ മാതൃസ്ഥാപനം് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയിലേക്ക് മാറ്റേണ്ടതുണ്ട്.

കച്ചവടക്കാര്‍ക്ക് പോയിന്റ്-ഓഫ്-സെയില്‍ മെഷീന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് 1998ല്‍ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ പൈന്‍ ലാബ്‌സ്. ഫിഡിലിറ്റി മാനേജ്‌മെന്റ്, ബ്ലാക്ക്‌റോക്ക്, എസ്ബിഐ, ടെമാസെക്ക് ഹോള്‍ഡിംഗ്‌സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ നിന്നായി ഇതുവരെ 1.2 ബില്യണ്‍ ഡോളറോളം ആണ് കമ്പനി സമാഹരിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ അഞ്ചോളം കമ്പനികളെ പൈന്‍ ലാബ്‌സ് ഏറ്റെടുത്തിട്ടുമുണ്ട്. ഐപിഒയിലൂടെ 6 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT