Markets

പൈന്‍ ലാബ്‌സ് ഐപിഒ നവംബര്‍ 7 മുതല്‍; ലക്ഷ്യം 2,080 കോടി സമാഹരണം, കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ

മലേഷ്യ, യുഎഇ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, യുഎസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കമ്പനിക്ക് ബിസിനസ് സാന്നിധ്യമുണ്ട്.

Dhanam News Desk

ഫിന്‍ടെക് കമ്പനിയായ പൈന്‍ ലാബ്‌സ് (Pine Labs) പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. നവംബര്‍ ഏഴിന് തുടങ്ങുന്ന ഐപിഒയില്‍ 2,080 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഓഹരികള്‍ക്കൊപ്പം നിലവിലെ നിക്ഷേപകര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) 8.23 കോടി ഓഹരികള്‍ വിറ്റഴിക്കും.

നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1988ലാണ് സ്ഥാപിതമാകുന്നത്. പ്രിന്റ്, കാര്‍ഡ്, ഇ-വാലറ്റ്, POS (point of sale) സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന വ്യാപാര മേഖലയ്ക്കുള്ള പേയ്‌മെന്റ് പ്ലാറ്റ്ഫോം ലഭ്യമാക്കുന്നു. വ്യാപാരികള്‍ക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, പെയ്‌മെന്റ് വാലറ്റുകള്‍, ക്യുആര്‍ കോഡ് പേയ്‌മെന്റുകള്‍ മുതലായ വിവിധ രീതികളില്‍ പേയ്‌മെന്റ് സ്വീകരിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും കമ്പനി പുറത്തിറക്കുന്നു.

വിപണിയില്‍ സാന്നിധ്യം

ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കുന്ന തുക നിലവിലുള്ള കടം വീട്ടാനും ഐടി സേവനങ്ങള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാണ് ഉപയോഗിക്കുക. പൈന്‍ പേയ്‌മെന്റ് സെല്യൂഷന്‍സ് മലേഷ്യ, പൈന്‍ ലാബ്‌സ് യുഎഇ എന്നീ സബ്‌സിഡിയറി കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും പദ്ധതിയുണ്ട്.

മലേഷ്യ, യുഎഇ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, യുഎസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കമ്പനിക്ക് ബിസിനസ് സാന്നിധ്യമുണ്ട്. 2025 സാമ്പത്തികവര്‍ഷം 11.42 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിലൂടെ നടന്നു. ഈ വര്‍ഷം ജൂണ്‍ 30 വരെ 9.88 ലക്ഷം കച്ചവടക്കാരും 716 ബ്രാന്‍ഡുകളും ഇവരുടെ സേവനം ഉപയോഗിക്കുന്നു.

പേയ്ടിഎം, രാസോര്‍പേ, ഇന്‍ഫിബീം, പേയുപേയ്‌മെന്റ്‌സ്, ഫോണ്‍പേ എന്നീ കമ്പനികളാണ് പൈന്‍ ലാബ്‌സിന്റെ പ്രധാന എതിരാളികള്‍. ആക്‌സിസ് ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ജെപി മോര്‍ഗന്‍ ഇന്ത്യ, ജെഫ്രറീസ് എന്നിവയാണ് ഐപിഒ നടപടികള്‍ ക്രമീകരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT