റീറ്റെയ്ല്‍ നിക്ഷേപകര്‍ വളരെ ശ്രദ്ധയോടെ പിന്തുടരുന്ന ഒരു ഓഹരി നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത് (Porinju Veliyath). സ്വന്തമായും ഇക്വിറ്റി ഇന്റലിജന്‍സ് എന്ന സ്ഥാപനം വഴിയും അദ്ദേഹം നിക്ഷേപ നീക്കങ്ങള്‍ നടത്താറുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ പോര്‍ട്ട്‌ഫോളിയോയില്‍ പുതിയൊരു ഓഹരി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ മറ്റൊരു ഓഹരിയില്‍ ഇക്കാലയളവില്‍ നിക്ഷേപം വര്‍ധിപ്പിച്ചപ്പോള്‍ മൂന്ന് ഓഹരികളില്‍ നിക്ഷേപം കുറച്ചിട്ടുമുണ്ട്. പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോ നീക്കങ്ങള്‍ ഒന്നു പരിശോധിക്കാം.
സെപ്റ്റംബറില്‍ ഒറ്റ ഓഹരി മാത്രമാണ് പുതുതായി പൊറിഞ്ചു വെളിയത്ത് വാങ്ങിയത്. അതാണ് ഫ്രാറ്റെല്ലി വൈന്‍യാര്‍ഡ്‌സ്(Fratelli Vineyards Ltd). രാജ്യത്തെ മുന്‍നിര വൈന്‍ നിര്‍മാണ കമ്പനികളിലാന്നാണ് മുന്‍പ് ടിന്ന ട്രേഡ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന ഫ്രാറ്റെല്ലി വൈന്‍യാര്‍ഡ്‌സ്. 2007ല്‍ മഹാരാഷ്ട്രയിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള ഏഴ് സഹോദരങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് ഈ വൈന്‍ കമ്പനി.
അഞ്ച് ലക്ഷം ഓഹരികള്‍, അതായത് കമ്പനിയിലെ 1.16 ശതമാനം ഓഹരി വിഹിതമാണ് പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 6.6 കോടി രൂപയാണ് ഈ ഓഹരിക്ക് മൂല്യം കണക്കാക്കുന്നത്. എത്ര രൂപയ്ക്കാണ് ഈ ഓഹരി പൊറിഞ്ചു വെളിയത്ത് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഇന്ന് ഈ ഓഹരിയുടെ വില 133 രൂപയ്ക്കടുത്താണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവെടുത്താല്‍ ഓഹരി 51 ശതമാനം ഇടിവിലാണ്. 52 ആഴ്ചയിലെ ഓഹരിയുടെ ഉയര്‍ന്ന വില 387.90 രൂപയും താഴ്ന്ന വില 102 രൂപയുമാണ്.
ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം മൊത്തം 13 ഓഹരികളിലാണ് പൊറിഞ്ചുവെളിയത്തിന് ഒരു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമുള്ളത്. ഇതില്‍ അപ്പോളോ സിന്ദൂരിയില്‍ മാത്രമാണ് സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്. ഇക്വിറ്റി ഇന്റലിജന്‍സിന്റെ പേരിലാണ് ഇതിലെ നിക്ഷേപം. ജൂണ്‍ പാദത്തില്‍ അപ്പോളോ സിന്ദൂരി ഹോട്ടല്‍സില്‍ 2.12 ശതമാനം, അതായത് 55,000 ഓഹരികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ 5,000 ഓഹരികള്‍ പുതുതായി വാങ്ങിയതോടെ നിക്ഷേപ വിഹിതം 2.31 ശതമാനമായി. 2024 സെപ്റ്റംബര്‍ മുതല്‍ പൊറിഞ്ചു വെളിയത്തിന് ഈ ഓഹരിയില്‍ നിക്ഷേപമുണ്ട്. ഏകദേശം എട്ട് കോടി രൂപയാണ് ഈ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം.
ഡ്യൂറോപ്ലേ ഇന്‍ഡസ്ട്രീസ്, കേരള ആയുര്‍വേദ, ഓറം പ്രോംപ്‌ടെക് എന്നിവയാണ് പൊറിഞ്ചു വെളിയത്ത് സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപം കുറച്ച ഓഹരികള്‍. ഡ്യൂറോപ്ലേ ഇന്‍ഡസ്ട്രിയില്‍ പൊറിഞ്ചുവെളിയത്തിന് 3.31 ശതമാനവും (3,59,263 ഓഹരികള്‍) ഭാര്യ ലിറ്റി തോമസിന് 1.72 ശതമാനവും (1,87,000 ഓഹരികള്‍) ഓഹരി വിഹിതമുണ്ട്. ജൂണ്‍ പാദത്തില്‍ ഇത് യഥാക്രം 3.64 ശതമാനം, 1.90 ശതമാനം എന്നിങ്ങനെയായിരുന്നു. അതായ്ത് ഇരുവരും ചേര്‍ന്ന് 0.5 ശതമാനത്തോളം ഓഹരികള്‍ വിറ്റു. നിലവില്‍ 10.2 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം.
കേരള ആയുര്‍വേദയില്‍ ജൂണ്‍ പാദത്തില്‍ 4.51 ശതമാനം (5,43,000 ഓഹരികള്‍) ഉണ്ടായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ അഞ്ച് ശതമാനം കുറച്ച് 4.04 ശതമാനമാക്കി. ഇന്നത്തെ വില പ്രകാരം 19 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം.
ഓറംപ്രോംപ്‌ടെക് എന്ന ഓഹരിയില്‍ ഇക്വിറ്റി ഇന്റലിജന്‍സ് വഴിയും സ്വന്തം പേരിലും നിക്ഷേപം നടത്തിയിരുന്നു. സെപ്റ്റംബറില്‍ ഈ നിക്ഷേപത്തില്‍ 0.9 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. നിലവില്‍ 72.7 ലക്ഷം കോടി രൂപ മൂല്യം വരുന്ന 4.35 ലക്ഷം ഓഹരികളാണ് കമ്പനിയില്‍ പൊറിഞ്ചു വെളിയത്ത് കൈവശം വച്ചിരിക്കുന്നത്.
കോകുയോ കാംലിന്‍ (Kokuyo Camlin), ഓറിയന്റ് ബെല്‍ (Orient Bell), സുന്ദരം ബ്രോക്ക് ലൈനിംഗ് (Sundaram Brake Lining), എം.എം.റബ്ബര്‍ കമ്പനി ( M M Rubber Company), എയോണ്‍എക്‌സ് ഡിജിറ്റല്‍ (AeonX Digital), ടാല്‍ ടെക് (TAAL Tech), ആര്‍.പി.എസ്.ജി വെഞ്ച്വെഴ്‌സ് (RPSG Venturse) എന്നിവയാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള മറ്റ് ഓഹരികള്‍.
നവംബര്‍ 14വരെയുള്ള കണക്കനുസരിച്ച് പൊറിഞ്ചു വെളിയത്തിന്റെ മൊത്തം ആസ്തി 214.68 കോടി രൂപയാണ്. ഒരു ശതമാനത്തില്‍ താഴെയുള്ള നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമല്ലാത്തതിനാല്‍ അതിന്റെ മൂല്യം ചേര്‍ത്തിട്ടില്ല. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആസ്തിയില്‍ 2.1 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്ന് ട്രെന്‍ഡ് ലൈന്‍ ഡാറ്റ കാണിക്കുന്നു.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Read DhanamOnline in English
Subscribe to Dhanam Magazine