Image : File 
Markets

ഈ മള്‍ട്ടിബാഗര്‍ കേരള ഓഹരിയില്‍ നിക്ഷേപമുയര്‍ത്തി പൊറിഞ്ചു വെളിയത്ത്; ഓഹരി എക്കാലത്തെയും ഉയരത്തില്‍

എട്ട് ദിവസം കൊണ്ട് ഓഹരി വില 41 ശതമാനം ഉയര്‍ന്നു, ഒരു വര്‍ഷക്കാലയളവിലെ നേട്ടം 133%

Dhanam News Desk

'സ്മാള്‍ ക്യാപ് ഓഹരികളുടെ തമ്പുരാൻ' എന്നാണ് കേരളത്തിലെ പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറായ പൊറിഞ്ചു വെളിയത്തിനെ വിശേഷിപ്പിക്കപ്പെടുന്നത്. പോര്‍ട്ട്‌ഫോളിയോയില്‍ സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പൊറിഞ്ചു വെളിയത്ത് അവയുടെ സാധ്യതകളെ കുറിച്ച് നിരന്തരം പറയാറുമുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള സ്‌മോള്‍ ക്യാപ് മള്‍ട്ടി ബാഗര്‍ ഓഹരിയില്‍ നിക്ഷേപം ഉയര്‍ത്തിയിരിക്കുകയാണ് പൊറിഞ്ചു വെളിയത്ത്.

കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണക്കമ്പനിയായ കേരള ആയുര്‍വേദയിലെ (Kerala Ayurveda Ltd) ഓഹരി പങ്കാളിത്തം 3.18 ശതമാനത്തില്‍ നിന്ന് 4.16 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. 151.87 രൂപ നിരക്കിലാണ് 1,03,231 പുതിയ ഓഹരികള്‍ ഒക്ടോബര്‍ നാലിന് വാങ്ങിയത്‌. 1.56 കോടി രൂപയുടേതാണ് ഇടപാട്. 

കുതിപ്പ് തുടര്‍ന്ന് ഓഹരി

ഇടപാടിന് പിന്നാലെ കേരള ആയുര്‍വേദ ഓഹരി വില കുതിച്ചുകയറി. ഇന്നലെ 5 ശതമാനം അപ്പര്‍സര്‍കീട്ടില്‍ എത്തിയ ഓഹരി വ്യാപാരം അവസാനിക്കുമ്പോള്‍ 159.85 രൂപയിലെത്തി. ഇന്ന് 4.97 ശതമാനം ഉയര്‍ന്ന് 167.80 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇതുവരെയുള്ള ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മള്‍ട്ടിബാഗറായി മാറിയ ഓഹരിയാണ് കേരള ആയുര്‍വേദ. ഈ വര്‍ഷം ഇതുവരെയുള്ള സമയത്തിനുള്ളില്‍ ഓഹരി വില 110 രൂപയില്‍ നിന്ന്  167 രൂപയിൽ എത്തി. 52 ശതമാനം വളര്‍ച്ച. ഒരു വര്‍ഷക്കാലയളവില്‍ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടമാകട്ടെ 133 ശതമാനവും. എട്ട് ദിവസം കൊണ്ട് ഓഹരി വില 41 ശതമാനം ഉയര്‍ന്നു.

കേരള ആയുര്‍വേദ

1945ല്‍ കേരള ഫാര്‍മസി എന്ന പേരില്‍ ആലുവയില്‍ സ്ഥാപിതമായ കമ്പനിയാണ് പിന്നീട് കേരള ആയുര്‍വേദയായി മാറിയത്. നിലവില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്. എറണാകുളത്തിന് പുറമേ ബംഗളൂരുവിലും ബാലിയിലുമാണ് റിസോര്‍ട്ടുകള്‍. 2022-23ല്‍ 93.70 കോടി രൂപയുടെ സംയോജിത വരുമാനവും 3.07 കോടി രൂപയുടെ സംയോജിത ലാഭവും കേരള ആയുര്‍വേദ നേടിയിരുന്നു.

കമ്പനിക്ക് പുതിയ സി.ഇ.ഒ

കേരള ആയുര്‍വേദയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിവേക് സുന്ദറിനെ നിയമിച്ചതായി ഒക്ടോബര്‍ മൂന്നിന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. 2021 മുതല്‍ എഡ്‌ടെക് കമ്പനിയായ ക്യുമാത്തിന്റെ സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചു വരുന്ന വിവേക് സ്വിഗി, പ്രോക്ടര്‍ ആന്‍ഡ് ഗാംബ്‌ളിള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT