Markets

ഓണത്തിന് നിക്ഷേപകർക്കായി പൊറിഞ്ചു വെളിയത്തിന്റെ ഓണം പോർട്ട്ഫോളിയോ; കൈയ്യിലൊതുക്കാം മികച്ച 3 വാല്യൂ സ്റ്റോക്കുകൾ

പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഓഹരി വിപണിയിൽ സുരക്ഷിതത്വവും മികച്ച നേട്ടവും ഉറപ്പുനൽകുന്ന തിരഞ്ഞെടുപ്പുകളുമായി ഇക്വിറ്റി ഇന്റലിജൻസ്; ദീർഘകാല കാഴ്ചപ്പാടിൽ വാങ്ങിവെക്കാവുന്ന ഓഹരികളുടെ വിശദാംശങ്ങൾ അറിയാം.

Dhanam News Desk

സംഘര്‍ഷഭരിതമായ ലോകസാഹചര്യങ്ങള്‍ക്കിടെ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രത്തിന്റെ തലപ്പത്ത് ചഞ്ചലചിത്തനായ ട്രംപാണ് ഉള്ളത്. ട്രംപിന്റെ ഭരണത്തിന് കീഴില്‍ ഭൗമരാഷ്ട്രീയ സ്ഥിതികള്‍ അങ്ങേയറ്റം അസ്ഥിരവും പ്രവചനാതീതവുമാണ്. കോവിഡാനന്തരം 2020 മാര്‍ച്ചില്‍ തുടങ്ങിയ ബുള്‍ മാര്‍ക്കറ്റ് 2024 സെപ്റ്റംബറില്‍ അവസാനിച്ചു. അതിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വര്‍ഷം ഓഹരി വിപണിയില്‍ ചാഞ്ചാട്ടങ്ങളും താഴ്ചയുമാണുണ്ടായത്. 2026 മാര്‍ച്ചിന് ശേഷം ബ്രോഡര്‍ മാര്‍ക്കറ്റില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റം ആശാവഹമാണ്.

വിപണിയുടെ പൊതു ചാക്രിക സ്വഭാവം വെച്ച് ഈ മേഖലയില്‍ നമ്മള്‍ പുതിയൊരു ബുള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചതായി കരുതാം. എന്നിരുന്നാലും കോവിഡാനന്തരം ഉണ്ടായ ബുള്‍ മാര്‍ക്കറ്റിന് സമാനമായവലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന ഒന്നാകണം അത് എന്നില്ല. ഓഹരി നിക്ഷേപകര്‍ നേട്ടപ്രതീക്ഷകള്‍ മിതപ്പെടുത്തി മുന്നോട്ട് പോകുന്നതാണ് നല്ലത്. മാത്രമല്ല നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന ഓഹരികളുടെ കാര്യത്തില്‍അതീവ ശ്രദ്ധയും പുലര്‍ത്തണം.

ഒഴുകിയെത്തുന്ന ആഭ്യന്തര നിക്ഷേപത്തിന്റെ കരുത്തില്‍ നമ്മുടെ ഓഹരി വിപണി കരുത്തോടെ തന്നെ നിലകൊള്ളും. പ്രതിമാസം എസ്ഐപി വഴി വിപണിയിലെത്തുന്ന പണമൊഴുക്ക് ശക്തമായിത്തന്നെ തുടരുന്നു. മാത്രമല്ല രാജ്യത്ത് ഓഹരി നിക്ഷേപ സംസ്‌കാരവും ശക്തിയാര്‍ജിച്ചുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിരാശാജനകമായ കാലം കണ്ട് പല നിക്ഷേപകരും, പ്രത്യേകിച്ച് കോവിഡാനന്തരം മാര്‍ക്കറ്റില്‍ വന്ന യുവ തലമുറ മനസ് മടുത്തിരിക്കാന്‍ സാധ്യതയുണ്ട്. പ്രതീക്ഷ നശിച്ചിരിക്കുന്ന സമയങ്ങളില്‍ മാര്‍ക്കറ്റ് നിക്ഷേപത്തിന് അനുയോജ്യമായിതീരുന്നതാണ് കാലാകാലങ്ങളായി കണ്ടുവരുന്ന കീഴ്വഴക്കം. തകര്‍ച്ചക്ക് ശേഷം പല ഓഹരികളും ആകര്‍ഷകമായി തീര്‍ന്നിട്ടുണ്ട്. അത്തരം ആകര്‍ഷകമായ വിലയില്‍ ലഭിക്കുന്ന നല്ല ഓഹരികളില്‍ ദീര്‍ഘ കാല കാഴ്ചപ്പാടോടെ നിക്ഷേപം നടത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.

നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന അത്തരം മൂന്ന് ഓഹരികളാണ് ഞാന്‍ ഈ ഓണത്തിന് തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. നിക്ഷേപ നേട്ടത്തോടൊപ്പം മാര്‍ജിന്‍ ഓഫ് സേഫ്റ്റി, അതായത് സുരക്ഷിതത്വവും കണക്കിലെടുത്താണ് ഈ ഓഹരികള്‍ ഞാന്‍ തിരഞ്ഞെടുത്തത്.ഈ മൂന്ന് ഓഹരികളും ഒരൊറ്റ പോര്‍ട്ട്ഫോളിയോ ആയി പരിഗണിച്ച്‌ നിക്ഷേപിക്കുന്നതാകും ഉചിതം. ഓര്‍ക്കുക, ഈ ഓഹരികളില്‍ എല്ലാം എനിക്കും ഇക്വിറ്റി ഇന്റലിജന്‍സിനും നിക്ഷേപ താല്‍പര്യങ്ങളുമുണ്ട്.

എല്ലാവര്‍ക്കും ഓണാശംസകള്‍!

1. ടിടികെ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് @1,060

അനിമല്‍ വെല്‍ഫെയര്‍, കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, മെഡിക്കല്‍ ഡിവൈസസ്, പ്രൊട്ടക്റ്റീവ് ഡിവൈസസ്, ഫുഡ്‌സ് എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലാണ് ടിടികെ  ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. പ്രമുഖ അടുക്കള ഉപകരണ നിര്‍മാതാക്കളായ ടിടികെ പ്രസ്റ്റീജ് ഉള്‍പ്പെടുന്ന ടിടികെ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കമ്പനി.1928 മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള കമ്പനിയുടെ വുഡ്വാര്‍ഡ്‌സ് ഗ്രൈപ് വാട്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ എങഇഏ ബ്രാന്‍ഡുകളിലൊന്നാണ്. കൂടാതെ,കുഞ്ഞുങ്ങളുടെ വയറുവേദനക്കുള്ള മരുന്നുകളുടെ വിപണിയില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനത്താണ് ഈ ബ്രാന്‍ഡ്. 'സ്‌കോര്‍' എന്ന സ്വന്തം ബ്രാന്‍ഡിലൂടെ രാജ്യത്തെ കോണ്ടം വിപണിയിലെ പ്രധാന പങ്കാളി കൂടിയാണ് കമ്പനി.

ഡിജിറ്റല്‍ ഫസ്റ്റ് പ്ലാറ്റ്ഫോമായ ലവ് ഡിപ്പോ, മിസ് ചീഫ് എന്നിവയും ഇവരുടെ ബ്രാന്‍ഡുകളാണ്. മെഡിക്കല്‍ ഡിവൈസസ് വിഭാഗത്തിന് രണ്ട് മേഖലകളുണ്ട്. ജോയിന്റ് റീപ്ലേസ്‌മെന്റ് ഉല്‍പന്നങ്ങള്‍ നല്‍കുന്ന ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ് ഒന്ന്. രണ്ടാമത്തേത് ഹാര്‍ട്ട് വാല്‍വ് വിഭാഗമാണ്; ഇവിടെ വാല്‍വിന്റെ മൂന്ന് ഭാഗങ്ങളും (ഫ്രെയിം, ഡിസ്‌ക്, സ്യൂയിങ് റിങ്) കമ്പനി തന്നെ നിര്‍മിക്കുന്നു. വര്‍ഷത്തില്‍ ഏകദേശം 20,000 വാല്‍വുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇവര്‍ക്കുണ്ട്.2023 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ ഹ്യൂമന്‍ ഫാര്‍മ വിഭാഗം 805 കോടി രൂപക്ക് ബിഎസ്‌വി ഫാര്‍മക്ക് വിറ്റിരുന്നു. 2026 ജൂലൈയില്‍ വ്യക്തിഗത പരിപാലന ബ്രാന്‍ഡായ 'ഇവ', ഹോം-കെയര്‍ ബ്രാന്‍ഡായ 'ഗുഡ് ഹോം' എന്നിവ വിപ്രോ എന്റര്‍പ്രൈസസിന് 256 കോടി രൂപക്ക് വില്‍ക്കാന്‍ കമ്പനി ധാരണയായി. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഈ രണ്ട് ബ്രാന്‍ഡുകളും കൂടി ഏകദേശം 148 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത് (ആകെ വിറ്റുവരവിന്റെ 17%).

ഈ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ പക്കല്‍ 1,100 കോടിയിലധികം രൂപ പണമായും നിക്ഷേപങ്ങളായും ഉണ്ടാകും. ഇതോടെ പ്രതിവര്‍ഷം 700 കോടിയിലധികം രൂപയുടെ വില്‍പനയുള്ള കമ്പനിയുടെ ബാക്കി ബിസിനസുകള്‍, നിലവിലെ ഓഹരി വിലയനുസരിച്ച് വെറും 300-350 കോടി രൂപയുടെഎന്റര്‍പ്രൈസ് വാല്യൂവില്‍ ലഭ്യമാണ്. കൂടാതെ, ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ നിലവിലെ വിപണി മൂല്യം, പുസ്തക മൂല്യത്തേക്കാള്‍ വളരെ കൂടുതലാകാന്‍ സാധ്യതയുണ്ട്. ഇത് നിക്ഷേപത്തിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു.ദീര്‍ഘകാലയളവില്‍ വന്‍ നേട്ടം തരാന്‍ ശേഷിയുള്ള ഓഹരിയാണിത്. ക്ഷമയുള്ള നിക്ഷേപകര്‍ക്ക് ഇത് വാങ്ങി കൈവശം വെക്കാവുന്നതാണ്. കമ്പനി സമാഹരിച്ച ഈപണം ഓഹരി ഉടമകള്‍ക്ക് തിരികെ നല്‍കുമോ, അതോ മറ്റ് ബിസിനസുകളില്‍ വീണ്ടും നിക്ഷേപിക്കുമോ എന്ന് മാത്രമാണ് ഇനി പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

2. തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ് @104

ഇന്ത്യയിലെ മുന്‍നിര ട്രാവല്‍ സേവനദാതാക്കളാണ് 1881ല്‍ പ്രവര്‍ത്തനം ആരംഭിച്ച തോമസ് കുക്ക്. ഫെയര്‍ഫാക്‌സ് ഗ്രൂപ്പിന്റെ ഭാഗമാണിത്. ഫോറിന്‍ എക്‌സ്‌ചേഞ്ച്, കോര്‍പറേറ്റ് ട്രാവല്‍, ങകഇഋ, ലെഷര്‍ ട്രാവല്‍, വിസ സേവനങ്ങള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴില്‍ ഇവര്‍ ലഭ്യമാക്കുന്നു.കമ്പനിയുടെ പ്രധാന വരുമാന സ്രോതസ് ട്രാവല്‍ & അനുബന്ധ സേവനങ്ങളാണ്. മൊത്തം വരുമാനത്തിന്റെ 80 ശതമാനവും ഇതില്‍ നിന്നാണ്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഹോട്ടല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ സ്റ്റെര്‍ലിങ് ഹോളിഡേ റിസോര്‍ട്ട്‌സ് തോമസ് കുക്കിന്റെ ഭാഗമാണ്.

സ്റ്റെര്‍ലിങ് റിസോര്‍ട്ട്‌സില്‍ 65 ലൊക്കേഷനുകളിലായി 2027-ഓടെ 95 റിസോര്‍ട്ടുകളാക്കിമാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. പഴയ വെക്കേഷന്‍ - ഓണര്‍ഷിപ്പ് മോഡലില്‍ നിന്ന് മാറി, കൂടുതല്‍ ലാഭകരമായ 'അസറ്റ് - ലൈറ്റ്'രീതിയിലേക്ക് ഇവര്‍ വിജയകരമായി ചുവടുമാറ്റി. സ്റ്റെര്‍ലിങ് ഹോളിഡേ റിസോര്‍ട്ട്‌സിനെവേര്‍പെടുത്തി, എഥ28 ഒന്നാം പാദത്തോടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സ്വതന്ത്രമായി ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം ഠഇകഘന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യ വര്‍ധനക്ക് വഴിതുറക്കും. ഡീമര്‍ജെറിന് ശേഷം സ്റ്റെര്‍ലിങ് റിസോര്‍ട്ട് മാത്രം 3,000 കോടിയിലധികംമാര്‍ക്കറ്റ് ക്യാപിന് ട്രേഡ് ചെയ്യാം.പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം വിദേശ യാത്രകളുടെ ബുക്കിങ്ങില്‍ താല്‍ക്കാലിക കുറവുണ്ടാവുകയും FY26ല്‍ ട്രാവല്‍ മാര്‍ജിനെ ബാധിക്കുകയുംചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് താല്‍ക്കാലികമായ ഒരു പ്രതിഭാസം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയില്‍ ട്രേഡ് ചെയ്യുന്ന തോമസ് കുക്ക്, ടൂറിസം, ഹോസ്പിറ്റാലിറ്റി തീമില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ആകര്‍ഷകമായ അവസരമാണ്; ചാക്രിക കിഴിവില്‍ ലഭ്യമായ, വൈവിധ്യമാര്‍ന്ന, കടരഹിതമായ (നെറ്റ് - ക്യാഷ്), സ്ഥിരമായ പണമൊഴുക്ക് സൃഷ്ടിക്കുന്ന ഒരു ബിസിനസിലൂടെ.

3. എന്‍ഐഐടി ലേണിങ് സിസ്റ്റംസ് @242

ലോകത്തെ മുന്‍നിര വന്‍കിട കമ്പനികളുടെ (ഫോര്‍ച്ച്യൂണ്‍ 500) ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ ദീര്‍ഘകാല കരാറുകളിലൂടെ പൂര്‍ണമായി ഏറ്റെടുത്ത് നടത്തുന്നതിലാണ് സ്ഥാപനം ശ്രദ്ധ നേടിയിട്ടുള്ളത്. ലേണിങ് സര്‍വീസസ് മേഖലയിലെ ലോകത്തിലെ മുന്‍നിര അഞ്ച് കമ്പനികളിലൊന്നാണിത്. വലിയ സാമ്പത്തിക നിക്ഷേപങ്ങള്‍ ആവശ്യമില്ലാത്ത ബിസിനസ് മോഡലാണിത്. മികച്ച പണമൊഴുക്കുണ്ട്. വരുമാനത്തിന്റെ 95 ശതമാനവും ഇന്ത്യക്ക് പുറത്തുനിന്ന് ഡോളറില്‍ ലഭിക്കുന്നു. എഐ (AI) വരുന്നതോടെ കോര്‍പറേറ്റ് ട്രെയ്‌നിങ് മേഖല തകരുമെന്ന നിക്ഷേപകരുടെ ഭയംഓഹരിയുടെ വിലയെ അടുത്തിടെ ബാധിച്ചിരുന്നു. വിപണി ശ്രദ്ധിക്കാതെ പോകുന്ന പ്രധാന വിഷയം എഐ അധിഷ്ഠിത മാറ്റങ്ങളാണ്. ഒരു എഐ- നേറ്റീവ് കമ്പനിയാകാന്‍ എന്‍ഐഐടി നിക്ഷേപം നടത്തുന്നുണ്ട്.

നിലവില്‍ വരുമാനത്തിന്റെ 13% എഐ മേഖലയില്‍ നിന്നാണ്. സ്വന്തമായി എഐ ലേണിങ് പ്ലാറ്റ്ഫോം നിര്‍മിക്കുകയും 'ടംലലഞtuവെ' ഏറ്റെടുക്കലിലൂടെ എഐ കണ്ടന്റ് ശേഷി കൂട്ടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഐടി/കോര്‍പറേറ്റ് ജീവനക്കാരെ എഐ യുഗത്തിനായി വേണ്ട കഴിവുകളില്‍ പരിശീലിപ്പിക്കേണ്ടതായിട്ടുണ്ട്.ഇതിന്റെ ഔട്ട്സോഴ്സിങ് പങ്കാളിയായി എന്‍ഐഐടി മാറുന്നു. പരമ്പരാഗത ബിസിനസിന് ഭീഷണിയാകുന്ന അതേ എഐ തരംഗം കമ്പനിക്ക് വലിയ അവസരവും നല്‍കുന്നു. വിപണി ഇതിന്റെ ഭീഷണി മാത്രമാണ് കണക്കിലെടുക്കുന്നത്. ഏകദേശം 232 രൂപ വിലയില്‍ (വിപണി മൂല്യം 3,175 കോടി), വളരെ കുറഞ്ഞ നിരക്കിലാണ്  (12ഃ ലമൃിശിഴ,െ 6ഃ ഋഢ/ഋആകഠഉഅ) ഓഹരി ട്രേഡ് ചെയ്യുന്നത്. രണ്ട് ഏറ്റെടുക്കലുകള്‍ക്ക് ശേഷവും 670 കോടി രൂപ പണമായി കമ്പനിയുടെ കൈവശമുണ്ട്.

കടബാധ്യതകളില്ലാത്ത ഒരു സ്ഥാപനത്തിന്റെ ഓഹരി ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് (rough multiple) നിങ്ങള്‍ വാങ്ങുന്നത്. കൈവശമുള്ള ഈ പണം ഓഹരിയുടെ ആന്തരിക മൂല്യം നിലനിര്‍ത്തുക മാത്രമല്ല, സ്വന്തം ഓഹരികള്‍ തിരികെ വാങ്ങാനോ, പുതിയ എഐ ശേഷികള്‍ സ്വന്തമാക്കാനായി മറ്റ് കമ്പനികളെവാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. പണത്തിന്റെ സുരക്ഷിതത്വവും എഐ റീസ്‌കില്ലിങ് അവസരങ്ങളും കണക്കിലെടുക്കുമ്പോള്‍, രണ്ട് വര്‍ഷത്തിലേറെ സമയപരിധിയുള്ള, ക്ഷമയുള്ള നിക്ഷേപകര്‍ക്ക് ഈ മാറ്റത്തിന്റെ ഘട്ടത്തില്‍ ഓഹരികള്‍ വാങ്ങാവുന്നതാണ്.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Renowned value investor Porinju Veliyath shares his Onam portfolio featuring three undervalued stocks with strong margins of safety for patient long-term investors.


(ധനം മാഗസീന്‍ 2026 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT